കടലുണ്ടി തീരത്ത് കടലാക്രമണം രൂക്ഷം

കടലുണ്ടി തീരത്ത് കടലാക്രമണം രൂക്ഷം

  • വൻ മുഴക്കത്തോടെ വലിയ ഉയരത്തിൽ ഇരച്ചെത്തിയ തിരമാലകൾ വീടുകളിലേക്ക് അടിച്ചു കയറി

കടലുണ്ടി: കാറ്റിനൊപ്പം ആർത്തലച്ചെത്തിയ തിരമാലകൾ ഭിത്തി കവിഞ്ഞ് ജനവാസമേഖലയിൽ എത്തിയതോടെ കടലുണ്ടി തീരത്ത് ജനം ഭീതിയിലായി. രൂക്ഷമായ കടലാക്രമണത്തിനൊപ്പം പെരുമഴയും കൂടിയായതോടെ തീരവാസികൾ വലഞ്ഞു. ബൈത്താനി, കപ്പലങ്ങാടി, വാക്കടവ് മേഖലയിലാണ് കടലേറ്റം രൂക്ഷം. കഴിഞ്ഞ ദിവസത്തേതിനേക്കാൾ പ്രക്ഷുബ്ധ‌മായിരുന്നു ഇന്നലെ കടൽ. വൻ മുഴക്കത്തോടെ വലിയ ഉയരത്തിൽ ഇരച്ചെത്തിയ തിരമാലകൾ വീടുകളിലേക്ക് അടിച്ചു കയറി .ബൈത്താനിയിൽ തീരത്തെ ഒട്ടേറെ വീടുകളിൽ വെള്ളം കയറി. ഇവിടെ പുനരുദ്ധാരണ പ്രവൃത്തി നടത്തുന്ന കടൽ ഭിത്തിയുടെ അടിയിലൂടെ വെള്ളം വ്യാപിച്ചത് ആശങ്ക സൃഷ്ട‌ിച്ചു. രാവിലെ 11നു തുടങ്ങിയ കടലാക്രമണം വൈകിട്ടു 6 വരെ തുടർന്നു. ഉച്ചയോടെ വീശിയടിച്ച കാറ്റിലും മഴയിലും തീരവാസികൾ ആശങ്കാകുലരായി.
വീടുകൾക്കു ചുറ്റും വെള്ളം കെട്ടിക്കിടന്നതിനാൽ അവർക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്‌ഥ. കരിങ്കൽ ഭിത്തിക്ക് മുകളിലൂടെ കടൽ ആർത്തലച്ച് വരുന്നതു കണ്ടു തീരവാസികൾ അമ്പരന്നു. ശക്‌തമായ രീതിയിൽ വെള്ളം തള്ളിക്കയറി കപ്പലങ്ങാടി-ബൈത്താനി റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. ഇവിടെ റോഡിൽ ഏറെ ദൂരത്തിൽ വെള്ളക്കെട്ട് രൂപപ്പെട്ടു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )