
കട്ടിപ്പാറ പഞ്ചായത്തിന്റെ പകുതിയിലധികം സ്ഥലവും ഇഎസ്എ പരിധിയിൽ
- ജനവാസ മേഖലകളെയും കൃഷി, തോട്ട ഭൂമികളെയും ഒഴിവാക്കണമെന്ന് സർക്കാരിനോട് സർവകക്ഷി യോഗം
കട്ടിപ്പാറ : പശ്ചിമഘട്ടത്തിലെ പരിസ്ഥിതിയോട് ചേർന്നുള്ള പ്രദേശ(ഇഎസ്എ)ങ്ങളുടെ അതിർത്തി പുനർനിർണയത്തിൽ കട്ടിപ്പാറ വില്ലേജ് പരിധിയിൽ മാത്രം 15.50 ചതുരശ്ര കിലോമീറ്റർ ഭൂമി ഇഎസ്എ പരിധിയിൽ പെടുന്നു. പഞ്ചായത്തിന്റെ ആകെ വിസ്തൃതി 28 ചതുരശ്രകിലോമീറ്ററാണ്.
പഞ്ചായത്തിന്റെ പകുതിയിലധികം സ്ഥലവും ഇഎസ്എ പരിധിയിൽ ഉൾപ്പെടുന്നതായാണ് പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പിന്റെ കരട് റിപ്പോർട്ട് പറയുന്നത്. മുമ്പ് ഇഎസ്എ പരിധിയിൽ ഉൾപ്പെട്ടിരുന്ന കെടവൂർ വില്ലേജ് പുനർനിർണയത്തിൽ പട്ടികയിൽ നിന്ന് ഒഴിവായിരുന്നു. എന്നാൽ താമരശ്ശേരി താലൂക്കിലെ തന്നെ പുതുപ്പാടിയിൽ 12.16, കോടഞ്ചേരിയിൽ 18.61, നെല്ലിപ്പൊയിലിൽ 28.24, തിരുവമ്പാ ടിയിൽ 25.46 ച.കി.മീ. എന്നിങ്ങനെയാണ് വില്ലേജുകളിൽ ഇഎസ്എ പരിധിയിൽ ഉൾപ്പെട്ട ഭൂപ്രദേശ വിസ്തൃതി.
അതിർത്തി പുനർനിർണയത്തിൻ്റെ പശ്ചാത്തലത്തിൽ 260.11 ച.കി.മീ. ആണ് ജില്ലയിൽ ഇഎസ്എ പരിധിയിൽ ഉൾപ്പെട്ട ഒമ്പത് വില്ലേജുകളിലെ ഭൂവിഭാഗങ്ങളുടെ ആകെ വിസ്തൃതി. വില്ലേജ്, വന അതിർത്തികൾ പരിശോധിച്ച് ഇഎസ്എ പരിധിയിൽ നിന്ന് ജനവാസമേഖലകൾ ഒഴിവാക്കി വ്യക്തത വരുത്തുന്നതിന് കളക്ടറുടെ നേതൃത്വത്തിൽ റവന്യൂ, വനം, പരിസ്ഥിതി, സർവേ ആൻഡ് റെക്കോഡ്‌സ്, കെഎസ്ആർഇസി, ലാൻഡ് യൂസ് ബോർഡ്, ലാൻഡ് റവന്യൂ കമ്മിഷണറേറ്റ് എന്നിവയിലെ ഉദ്യോഗസ്ഥരടങ്ങിയ ജില്ലാതല പരിശോധനാസമിതികൾ രൂപവത്കരിച്ചിരുന്നു.
സർവകക്ഷി യോഗം ചേർന്നു
ഇഎസ്എ പരിധിയിൽ നിന്നും കട്ടിപ്പാറ വില്ലേജിലെ ജനവാസ മേഖലകളെയും കൃഷി, തോട്ട ഭൂമികളെയും ഒഴിവാക്കണമെന്ന് സർക്കാരിനോട് ശുപാർശ ചെയ്യാൻ കട്ടിപ്പാറ പഞ്ചായത്തിൽ ചേർന്ന സർവകക്ഷി യോഗം ഐക്യകണ്ഠേന തീരുമാനിച്ചു. ഇഎസ്എ പരിധി സംരക്ഷിത വന പ്രദേശങ്ങളിലും റിസർവ് വനത്തിലും മാത്രമായി പരി മിതപ്പെടുത്തണമെന്ന് ശുപാർശ ചെയ്തുള്ള 2013-ലെ ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി യോഗ തീരുമാനവും റിപ്പോർട്ടും അതേപടി നടപ്പാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇതേവിഷയത്തിൽ കഴിഞ്ഞ ശനിയാഴ്ച ഭരണസമിതി യോഗം അജൻഡ പാസാക്കിയിരുന്നു.