
കുന്നോറമലയിലെ വീടുകളിലും വിള്ളൽ
കൊയിലാണ്ടി:കൊല്ലം കുന്നോറ മലയിൽ വീടുകളിൽ വിളളൽ ഉണ്ടാവുന്നു. വിള്ളൽ കണ്ടത് 3 വീടുകൾക്കാണ്. നന്തി- ചെങ്ങോട്ടുകാവ് ബൈപാസ് റോഡ് കടന്നു പോകുന്ന ഇവിടെ മണ്ണിടിച്ചിൽ തടയാൻ സോയിൽ നെയിങ് നടത്തിയതിനു സമീപത്തുള്ള വീടുകളിലും വീട്ടുപറമ്പിലുമാണ് വിള്ളൽ ഉണ്ടായിട്ടുള്ളത്.
കുന്നോറ മല പ്രമീള, ഗോപാലൻ, ഗോപീഷ് എന്നിവരുടെ വീടുകളിലാണ് വിള്ളലുണ്ടായത്. ബൈപാസ് പ്രവൃത്തി നടക്കുന്നതിനു പിന്നാലെ കുന്നോറ മലയിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് വാടക വീട്ടിലേക്കു മാറി താമസിച്ചവരാണ് ഇതിലെ 2 കുടുംബങ്ങൾ.
ഇവിടെ താമസിക്കുന്നത് അപകടകരമാണെന്ന അധികൃതരുടെ നിർദേശപ്രകാരമാണ് വാടക വീട്ടിലേക്കു മാറിയത്. എന്നാൽ പ്രമീള താമസിക്കുന്നത് നിലവിൽ വിളളലുണ്ടായ വീട്ടിലാണ്. പ്രമീളയുടെ വീടിന്റെ മുൻ ഭാഗത്തെ ഭൂമിയിലാണ് വിള്ളൽ കണ്ടത്. വീടിന്റെ മുൻ ഭാഗത്തും വിള്ളലുണ്ട്.
ഗോപാലന്റെ വീടിൻ്റെ പിൻവശത്ത് ശുചിമുറിയോടു ചേർന്ന ഭാഗത്താണ് വിള്ളലുണ്ടായത്. ഗോപീഷിന്റെ വീടിൻ്റെ ഹാളിൽ ഉൾഭാഗത്തും പുറത്തുമായാണ് വി ള്ളൽ വീണത് .കുന്നോറ മലയിൽ നിലവിൽ ചെയ്തത് മണ്ണിടിഞ്ഞ ഭാഗത്ത് 11 മീറ്ററോളം ഉള്ളിലേക്ക് ഇരുമ്പ് പൈപ്പുകൾ താഴ്ത്തി ഇതിനുള്ളിലേക്ക് കോൺക്രീറ്റ് മിക്സ് കടത്തുകയാണ്. മണ്ണിനുള്ളിലേക്ക് കടത്തിവിട്ട കോൺക്രീറ്റ് മിക്സ് ഇവരുടെ കുഴൽ കിണറുകളെ മലിനമാക്കുകയും ചെയ്തു. കുന്നോറമലയെ മണ്ണിടിച്ചിൽ ഭീഷണിയിലാക്കിയിരിക്കുന്നത് അശാസ്ത്രീയമായ മണ്ണെടുപ്പാണ്.