
കൊയിലാണ്ടി താലൂക്കാശുപത്രി മോർച്ചറി പ്രവർത്തനം പ്രതിസന്ധിയിൽ
- ആവശ്യത്തിന് ജീവനക്കാരില്ല
കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിൽ ആവശ്യത്തിന് ജീവനക്കാരില്ല. ജീവക്കാരുടെ അഭാവം ആശുപത്രി പ്രവർത്തനത്തെയും പോസ്റ്റ്മോർട്ടത്തെയും ബാധിക്കുന്നുവെന്ന പരാതി ഉയരുന്നുണ്ട്. തസ്തികകൾ ഒഴിഞ്ഞു കിടക്കുകയാണെന്ന് ജീവനക്കാർ പറയുന്നു. ഗ്രേഡ് സെക്കൻഡ് അറ്റൻഡൻറ് വിഭാഗത്തിൽ ആറും നഴ്സിങ് അസിസ്റ്റന്റ് വിഭാഗത്തിൽ നാലു തസ്‌തികയും മാസങ്ങളായി ഒഴിഞ്ഞു കിടക്കുകയാണ്.

ആശുപത്രി ദൈനംദിന പ്രവർത്തനവും പോസ്റ്റ്മോർട്ടവും കടുത്ത പ്രതിസന്ധിയിലാണ്. ഗ്രേഡ് അസിസ്റ്റന്റുമാരാണ് പോസ്റ്റ്മോർട്ടം റൂ മിൽ പ്രധാനമായും ഉണ്ടാവേണ്ടത്. ഈ വിഭാഗത്തിലാണ് ഇപ്പോൾ ആറ് ഒഴിവുകൾ . ഇതേ തുടർന്ന് പോസ്റ്റ്മോർട്ടം ഏറെ വൈകിയാണ് നടക്കുന്നത്. കൂടാതെ ഫ്രീസറിന് ഓർഡർ നൽകിയിട്ട് മാസങ്ങളായെങ്കിലും എത്തിയിട്ടില്ല എന്നതും പ്രശന്ങ്ങൾ ഗുരുതരമാക്കുന്നു. ഫോറൻസിക് സർജനെ നിയമിക്കാത്തതും ഫ്രീസർ ഇല്ലാത്തതും കാരണം കൂടുതൽ മൃതദേഹ ങ്ങൾ പോസ്റ്റ്മോർട്ടത്തിന് എത്തിക്കുമ്പോൾ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റുന്നത് പതിവാകുന്ന സാഹചര്യവും ഉണ്ട്.