
കോട്ടക്കടവ് ഓവർബ്രിഡ്ജ്: ലോക്സഭയിൽ നൽകിയ ഉറപ്പ് പാലിക്കണമെന്ന് ഷാഫി പറമ്പിൽ എം.പി
യാത്രക്കാരുടെയും പ്രദേശവാസികളുടെയും ദുരിതം കണക്കിലെടുത്ത് ലെവൽ ക്രോസിന് പകരം സംവിധാനം അടിയന്തരമായി ഏർപ്പെടുത്തേണ്ടതുണ്ടെന്ന് ഷാഫി പറമ്പിൽ എം.പി കത്തിൽ ചൂണ്ടിക്കാട്ടി.
വടകര: വടകര റെയിൽവേ സ്റ്റേഷന് തെക്കുഭാഗത്തുള്ള കോട്ടക്കടവ് ലെവൽ ക്രോസിന് പകരം മേൽപ്പാലം (ഓവർബ്രിഡ്ജ്) നിർമ്മിക്കുന്നതിനുള്ള ഡി.പി.ആർ (DPR), സാങ്കേതിക സാധ്യതാപഠനം എന്നിവ നടത്തുമെന്ന് ലോക്സഭയിൽ നൽകിയ ഉറപ്പ് കേന്ദ്ര റെയിൽവേ മന്ത്രി അടിയന്തരമായി പാലിക്കണമെന്ന് ഷാഫി പറമ്പിൽ എം.പി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് എം.പി കേന്ദ്ര റെയിൽവേ മന്ത്രിക്ക് വീണ്ടും കത്ത് നൽകി.ദേശീയപാത 66-ന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ കോട്ടക്കടവ് റെയിൽവേ ലെവൽ ക്രോസിന് സമീപം ഉണ്ടാകാൻ സാധ്യതയുള്ള രൂക്ഷമായ ഗതാഗതക്കുരുക്ക് ഷാഫി പറമ്പിൽ എം.പി നേരത്തെ തന്നെ ലോക്സഭയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. എം.പിയുടെ നിരന്തര ഇടപെടലിനെ തുടർന്നാണ് ഓവർബ്രിഡ്ജ് നിർമ്മാണത്തിനായുള്ള പ്രാഥമിക പഠനങ്ങൾ ആരംഭിക്കാൻ നിർദ്ദേശം നൽകിയതായി റെയിൽവേ മന്ത്രി രേഖാമൂലം ഉറപ്പ് നൽകിയത്.

യാത്രക്കാരുടെയും പ്രദേശവാസികളുടെയും ദുരിതം കണക്കിലെടുത്ത് ലെവൽ ക്രോസിന് പകരം സംവിധാനം അടിയന്തരമായി ഏർപ്പെടുത്തേണ്ടതുണ്ടെന്ന് ഷാഫി പറമ്പിൽ എം.പി കത്തിൽ ചൂണ്ടിക്കാട്ടി. പ്രാരംഭ നടപടികൾക്ക് മുൻഗണന നൽകി സമയബന്ധിതമായി പൂർത്തിയാക്കാൻ റെയിൽവേ ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
