
കോട്ടമുഴിപ്പാലത്തിൽ മണ്ണിടിച്ചിൽ: ജനകീയസമിതി പ്രതിഷേധമാർച്ച്
- മൂന്നു ദിവസങ്ങളായി തുടരുന്ന ശക്തമായ മഴയിലാണ് കഴിഞ്ഞദിവസം വലിയ തോതിൽ മണ്ണിടിഞ്ഞത്
കൊടിയത്തൂർ : മുക്കം-ചെറുവാടി എൻ.എം.
ഹുസ്സൈൻ ഹാജി റോഡിൽ പുനർനിർമിക്കുന്ന കോട്ടമുഴിപ്പാലത്തിൽ മണ്ണിടിച്ചിൽ തുടർക്കഥയായതോടെ പ്രതിഷേധം വ്യാപകമാവുന്നു. പൊതുമരാമത്ത് വകുപ്പ് 4.21 കോടി രൂപ ചെലവിലാണ് പാലം പണിയുന്നത്.
പൊതുമരാമത്ത് വകുപ്പിന്റെയും കരാർ കമ്പനിയുടെയും അനാസ്ഥ ആരോപിച്ച് ജനകീയസമിതിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച രാവിലെ ഒൻപതുമണിക്ക് പാലത്തിലേക്ക് മാർച്ച് നടത്തുമെന്ന് ജനകീയസമിതി ചെയർമാൻ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഫസൽ കൊടിയത്തൂർ, കൺവീനർ കെ.ടി. മൻസൂർ, ട്രഷറർ ടി.കെ. അബൂബക്കർ എന്നിവർ അറിയിച്ചു.
465 ദിവസമായി തുടരുന്ന പ്രവൃത്തി ഇപ്പോഴും അനന്തമായി നീളുകയാണ്. പാലത്തിൽ മണ്ണിടിച്ചിലുണ്ടായ സ്ഥലം ജനകീയസമിതി നേതാക്കൾ സന്ദർശിച്ചു.
നിർമാണത്തിലിരിക്കുന്ന കോട്ടമുഴിപ്പാലത്തിൽ ആറ് മാസത്തിനിടെ ഇത് നാലാംതവണയാണ് മണ്ണിടിയുന്നത്. മൂന്നു ദിവസങ്ങളായി തുടരുന്ന ശക്തമായ മഴയിലാണ് കഴിഞ്ഞദിവസം വലിയ തോതിൽ മണ്ണിടിഞ്ഞത്.