
കോരപ്പുഴയിലെ മണൽക്കൂന നീക്കിത്തുടങ്ങി
- രണ്ടുലക്ഷത്തോളം ക്യുബിക് മീറ്റർ മണലും ചെളിയുമാണ് പുഴയിൽ നിന്ന് നീക്കം ചെയ്യുന്നത്
എലത്തൂർ: കോരപ്പുഴയ്ക്ക് ഭീഷണിയായി കുന്നുകൂടികിടക്കുന്ന മണൽ നീക്കിത്തുടങ്ങി. കോരപ്പുഴയുടെ ആഴം വർധിപ്പിക്കാൻ കരാറെടുത്ത കമ്പനിയാണ് മണൽ നീക്കുന്നത്. ജില്ലാഭരണകൂടത്തിന്റെ നിർദേശത്തെത്തുടർന്നാണ് പുഴയിലെ മണൽക്കൂന നീക്കുന്നത്.
ഉദ്യോഗസ്ഥരുടെ അലംഭാവം കാരണം കരാർക്കമ്പനിക്ക് പല തവണ പ്രവൃത്തി നിർത്തിവെക്കേണ്ടിവന്നിരുന്നു. അതോടൊപ്പം നേരത്തേ പുഴയിൽ നിന്ന് നീക്കിയ മണൽ ലേലം ചെയ്ത് ഒഴിവാക്കാത്തത്തും ആഴം വീണ്ടെടുക്കൽ പ്രവൃത്തിക്ക് തടസമായിരുന്നു. പുഴയുടെ പുറമ്പോക്കിൽ സൂക്ഷിച്ച ചെളിയും മണലും ലേലം ചെയ്ത് ഒഴിവാക്കിയാൽ മാത്രമേ ആഴം വീണ്ടെടുക്കൽ പ്രവൃത്തി വളരെ വേഗം പൂർത്തിയാക്കാമെന്നാണ് കരാർക്കമ്പനി വ്യക്തമാക്കിയത്.
റെയിൽവേപാലം മുതൽ അഴിമുഖം വരെയുള്ള 1500 മീറ്ററിൽ അടിഞ്ഞു കൂടിയ രണ്ടുലക്ഷത്തോളം ക്യുബിക് മീറ്റർ മണലും ചെളിയും മേഖലയിൽ നിന്ന് നീക്കം ചെയ്യാൻ 3.75 കോടിയാണ് അനുവദിച്ചത്. 2017 ഡിസംബറിൽ ഭരണാനുമതി ലഭിക്കുകയും 2019 നവംബറിൽ പ്രവൃത്തി കൈമാറുകയും ചെയ്ത പദ്ധതിയാണിത്. ആദ്യ കരാർക്കമ്പനിയെ കരിമ്പട്ടികയിൽപ്പെടുത്തിയശേഷം രണ്ടു വർഷം മുമ്പാണ് പുതിയ കമ്പനിയെ പ്രവൃത്തി ഏൽപ്പിച്ചത്