കോഴിക്കോട് പെൺവാണിഭം: പ്രതികളായ പൊലീസുകാരെ കണ്ടെത്താൻ അന്വേഷണം ഊർജിതം

കോഴിക്കോട് പെൺവാണിഭം: പ്രതികളായ പൊലീസുകാരെ കണ്ടെത്താൻ അന്വേഷണം ഊർജിതം

  • അറസ്‌റ്റ് ചെയ്ത ആദ്യ 3 പ്രതികളെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്‌തു

കോഴിക്കോട്: മലാപ്പറമ്പിലെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് അനാശാസ്യ കേന്ദ്രം നടത്തിയ സംഭവത്തിൽ അറസ്‌റ്റ് ചെയ്ത ആദ്യ 3 പ്രതികളെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്‌തു. പ്രതികളായ വയനാട് ഇരുളം സ്വദേശി ബിന്ദു, ഇടുക്കി കട്ടപ്പന സ്വദേശി അഭിരാമി, പുറ്റേക്കാട് സ്വദേശി ഉപേഷ് എന്നിവരെയാണ് ‌സ്റ്റേഷനിൽ എത്തിച്ചു മൊഴിയെടുത്തത്. കേസിൽ പ്രതിചേർത്ത, പൊലീസ് ജില്ലാ ഹെഡ് ക്വാർട്ടേഴ്സ് സേന ഡ്രൈവർമാരായ സീനിയർ സിപിഒ ഷൈജിത്ത്, സിപിഒ സനിത്ത് എന്നിവർ ഒളിവിൽ പോയ സാഹചര്യത്തിലാണു കൂടുതൽ തെളിവുകൾ ശേഖരിക്കാൻ ചോദ്യം ചെയ്തത്.
തുടർന്നു പൊലീസുകാരുടെ വീടുകളിൽ പൊലീസ് മിന്നൽ പരിശോധന നടത്തി. ഷൈജിത്തിന്റെ വീട്ടിൽ നിന്നു പാസ്പോർട്ട് കണ്ടെടുത്തു. മറ്റു രേഖകളുമായാണ് ഇയാൾ മുങ്ങിയതെന്നു പൊലീസ് പറഞ്ഞു. സനിത്തിന്റെ വീട്ടിൽ പരിശോധന നടത്തിയെങ്കിലും രേഖകളൊന്നും കിട്ടിയില്ല. ഇവർക്കായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
കേസിൽ അന്വേഷണം നടത്തി നടപടിക്രമം പൂർത്തിയായാൽ മുങ്ങിയ പൊലീസുകാർക്കെതിരെ തിരച്ചിൽ സർക്കുലർ ഇറക്കാൻ സംസ്‌ഥാന പൊലീസ് മേധാവിക്കു റിപ്പോർട്ട് നൽകുമെന്ന് ഉന്നത ഉദ്യോഗസ്ഥ‌ൻ പറഞ്ഞു. വിദേശത്തുള്ള പ്രതിക്കായി എമിഗ്രേഷൻ റിപ്പോർട്ട് നൽകിയിട്ടുണ്ട്. മുങ്ങിയ പൊലീസുകാരെ കണ്ടെത്തുന്നതിനു സംസ്ഥാനത്തെ മുഴുവൻ പൊലീസ് സ്റ്റേഷനിലും നോട്ടിസ് നൽകിയതായി അന്വേഷണ സംഘം പറഞ്ഞു. പൊലീസുകാർ മുങ്ങിയ സംഭവത്തിൽ പൊലീസ് അസോസിയേഷൻ ഇടപെടില്ലെന്നും നേതാക്കൾ പറഞ്ഞു. സംഭവത്തിൽ കീഴടങ്ങാൻ ചിലർ നിർദേശിച്ചതായി വിവരമുണ്ട്. നാളെ മുൻകൂർ ജാമ്യത്തിനു അപേക്ഷ നൽകുമെന്നും അറിയുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )