
കോഴിക്കോട് ഫ്ലാറ്റിൽ ലഹരി കച്ചവടം; പത്ത് ലക്ഷം രൂപയുടെ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ
- ബെംഗളൂരുവിൽ നിന്നും എംഡിഎംഎ കോഴിക്കോട് കൊണ്ട് വന്ന് യുവാക്കൾക്കും, യുവതികൾക്കും കോളജ് വിദ്യാർഥികൾക്കും, ലഹരി നൽകുന്ന മുഖ്യ കണ്ണികളാണ് ഇവർ
കോഴിക്കോട്: പാലാഴി വാടകയ്ക്ക് എടുത്ത ഫ്ലാറ്റിൽ ലഹരി കച്ചവടം നടത്തുന്നുണ്ടെന്ന വിവരത്തിൽ നടത്തിയ പരിശോധനയിൽ 196.63 ഗ്രാം എംഡിഎംഎ പിടി കൂടി. മലപ്പുറം സ്വദേശി പുളിക്കൽ പാലിച്ചി ചാലിൽ പറമ്പ് ഈച്ച നൗഫൽ എന്നറിയപെടുന്ന കെ. നൗഫൽ(31), ഫാറൂഖ് കോളജ് സ്വദേശി കോടമ്പുഴ മടത്തിൽ ഹൗസിൽ അബ്ദുൾഫാറൂഖ് കോളജ് സ്വദേശി കോടമ്പുഴ മടത്തിൽ ഹൗസിൽ അബ്ദുൾ നൗഷാദ് (28) എന്നിവരെയാണ് ഫ്ലാറ്റിൽ നിന്നും എംഡിഎംഎ ആയി പിടി കൂടിയത്. പിടി കൂടിയ മയക്കു മരുന്നിന് വിപണിയിൽ പത്ത് ലക്ഷം രൂപ വില വരും.
കോഴിക്കോട് സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ അനൂജ് പലിവാളിന് കിട്ടിയ രഹസ്യ വിവരത്തിൽ കോഴിക്കോട് നാർക്കോട്ടിക്ക് സെൽ അസി. കമ്മീഷണർ. വി. സുരേഷിൻ്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും ഫറോക്ക് എസ്.ഐ ആർ എസ്. വിനയന്റെ നേതൃത്വത്തിൽ പന്തിരാങ്കാവ് പൊലീസും ചേർന്ന് നടത്തിയ പരിശോധയിലാണ് ലഹരി വസ്തുക്കൾ പിടികൂടിയത്.
ബെംഗളൂരുവിൽ നിന്നും എംഡിഎംഎ കോഴിക്കോട് കൊണ്ട് വന്ന് യുവാക്കൾക്കും, യുവതികൾക്കും കോളജ് വിദ്യാർഥികൾക്കും, ലഹരി നൽകുന്ന മുഖ്യ കണ്ണികളാണ് ഇവർ. നൗഫലിനെതിരെ മുമ്പ് 400 ഗ്രാം എംഡിഎംഎ പിടി കൂടിയതിന് പന്തീരാങ്കാവ് സ്റ്റേഷനിലും, കഞ്ചാവ് പിടി കൂടിയതിന് കോഴിക്കോട് എക്സൈസിലും കേസുണ്ട്.