ക്ഷേമപെൻഷൻ വിതരണം വ്യാഴാഴ്ച മുതൽ

ക്ഷേമപെൻഷൻ വിതരണം വ്യാഴാഴ്ച മുതൽ

  • ഇത്തവണ 3600 രൂപ ലഭിക്കും

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്കുള്ള രണ്ട് മാസത്തെ പെൻഷൻ വിതരണം വ്യാഴാഴ്ച മുതൽ തുടങ്ങും. ഇത്തവണ ഒരു ഗുണഭോക്താവിന് 3600 രൂപ ലഭിക്കും. നേരത്തെ കുടിശ്ശികയായി നിൽക്കുന്ന 1600 രൂപയും (അവസാന ഗഡു) നവംബർ മാസം മുതൽ വർധിപ്പിച്ച 2000 രൂപയും ചേർന്നാണ് ഈ തുക. ഇതോടുകൂടി പെൻഷൻ കുടിശ്ശിക പൂർണമായും തീർക്കപ്പെടും. ഈ വിതരണത്തിനായി ധനവകുപ്പ് ഒക്ടോബർ 31-ന് 1864 കോടി രൂപ അനുവദിച്ചിരുന്നു. ആകെ 63,77,935 പേർക്കാണ് ഈ പെൻഷൻ ലഭിക്കുന്നത്. കഴിഞ്ഞ മാർച്ച് മുതൽ ഓരോ മാസവും കൃത്യമായി പെൻഷൻ വിതരണം ചെയ്യാൻ സർക്കാർ പരിശ്രമിക്കുന്നുണ്ട്.

പെൻഷൻ തുക മാസം 400 രൂപ വർധിച്ചതോടെ ഒരു മാസത്തെ ക്ഷേമ പെൻഷന് നേരത്തെ വേണ്ടിയിരുന്ന 900 കോടിയോളം രൂപയ്ക്ക് പകരം ഇപ്പോൾ 1050 കോടി രൂപയോളം ആവശ്യമുണ്ട്. ഗുണഭോക്താക്കളിൽ ഏകദേശം പകുതി പേർക്ക് നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്കും ബാക്കിയുള്ളവർക്ക് സഹകരണ ബാങ്കുകൾ മുഖാന്തരം വീട്ടുപടിക്കലും പെൻഷൻ എത്തിച്ചു നൽകും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )