
ദേശീയ പുരസ്കാര നേട്ടത്തിൽ മമ്മൂട്ടിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി
- മമ്മൂട്ടി മലയാളിക്ക് വെറുമൊരു പേരല്ല. അതൊരു ശീലമാണ്. പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും മാറ്റമില്ലാതെ തുടരുന്ന ശീലമാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു
തിരുവനന്തപുരം: ദേശീയ പുരസ്കാരത്തിൽ മലയാള സിനിമ തലയുയർത്തി നിൽക്കുന്നുവെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. മമ്മൂട്ടി മലയാളിക്ക് വെറുമൊരു പേരല്ല. അതൊരു ശീലമാണ്. പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും മാറ്റമില്ലാതെ തുടരുന്ന ശീലമാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. മലയാളത്തിന്റെ എന്നല്ല ഇന്ത്യൻ സിനിമയുടെ തന്നെ ഒരേയൊരു മമ്മൂട്ടി നാലാമതും ദേശീയ പുരസ്കാര നിറവിൽ നിൽകുന്നു. സിനിമയിലക്ക് മാത്രമായിരുന്നു എന്നും മമ്മൂട്ടിയുടെ നോട്ടം. സമർപ്പിതമായ മനസോടെ മമ്മൂട്ടി പൊരുതി നേടിയതാണ് ഈ നേട്ടങ്ങളൊക്കെയും. കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്ക് വേണ്ടി ഏതറ്റം വരേയും പോകാനുള്ള മനസും പുതിയ പുതിയ വേഷങ്ങൾ ആഗ്രഹിച്ച് കണ്ടെത്താനുള്ള ചെറുപ്പവുമാണ് മമ്മൂട്ടിയെ ഇന്ത്യൻ സിനിമയിലെ പ്രതിഭാസമാക്കുന്നത്.

ഭ്രമയുഗത്തിന്റെ ഛായാഗ്രാഹകൻ ഷഹനാദ് ജലാൽ, മികച്ച ഗായിക വൈക്കം വിജയലക്ഷ്മി, മികച്ച മലയാള ചിത്രം ഫെമിനിച്ചി ഫാത്തിമയുടെ സംവിധായകൻ ഫാസിൽ മുഹമ്മദും അണിയറ പ്രവർത്തകരും നോൺ ഫീച്ചർ വിഭാഗത്തിൽ പ്രത്യേക ജൂറി പരാമർശം നേടിയ ഭദ്ര കാളി നാടകത്തിന്റെ അണിയറ പ്രവർത്തകർ, അങ്ങനെ രാജ്യത്തിന് മുന്നിൽ മലയാള സിനിമയുടേയും കേരളത്തിന്റെയും അഭിമാനം ഉയർത്തി പിടിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ. ഹൃദയം നിറഞ്ഞ സന്തോഷമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. 72-ാംമത് ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. ഫീച്ചർ സിനിമാ വിഭാഗത്തിൽ 400 സിനിമകളാണ് ജൂറിക്ക് മുന്നിലെത്തിയത്. മികച്ച നടനുള്ള പുരസ്‌കാരം മമ്മൂട്ടിയും ഹിന്ദി നടൻ കാർത്തിക് ആര്യനും പങ്കിട്ടു.
