
നിലയ്ക്കൽ-പമ്പ റൂട്ടിൽ കെഎസ്ആർടിസി ഈടാക്കുന്ന അധിക നിരക്ക് കുറയ്ക്കാൻ സർക്കാർ തയാറാകണമെന്ന് ബിജെപി
- നിലയ്ക്കലിൽ നിന്ന് പമ്പയിലേക്കുള്ള 22 കിലോമീറ്റർ യാത്രയ്ക്ക് ഒരാൾക്ക് 50 രൂപയാണ് കെഎസ്ആർടിസി ഈടാക്കുന്നത്. ഇരുവശത്തേക്കുമുള്ള യാത്രാനിരക്ക് മുൻകൂറായി നൽകുകയും വേണം
തിരുവനന്തപുരം: ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് നിലയ്ക്കൽ-പമ്പ റൂട്ടിൽ കെഎസ്ആർടിസി ഈടാക്കുന്ന അധിക നിരക്ക് കുറയ്ക്കാൻ സർക്കാർ തയാറാകണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി ആവശ്യപ്പെട്ടു. അധിക നിരക്ക് ഒഴിവാക്കി സാധാരണ യാത്രാനിരക്ക് ഈടാക്കാൻ തയ്യാറാകണം. അതിന് കഴിയാത്തപക്ഷം തീർത്ഥാടകർക്ക് സൗജന്യ ബസ് സർവീസ് നടത്താൻ സന്നദ്ധരായ ഭക്തജന സംഘടനകളെ അതിനായി ചുമതലപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾഉന്നയിച്ച് ഗതാഗത വകുപ്പ് മന്ത്രി സി പി ജോണിന് അനൂപ് ആന്ററണി നിവേദനം നൽകി.നിലയ്ക്കലിൽ നിന്ന് പമ്പയിലേക്കുള്ള 22 കിലോമീറ്റർ യാത്രയ്ക്ക് ഒരാൾക്ക് 50 രൂപയാണ് കെഎസ്ആർടിസി ഈടാക്കുന്നത്. ഇരുവശത്തേക്കുമുള്ള യാത്രാനിരക്ക് മുൻകൂറായി നൽകുകയും വേണം. ഇതേ ദൂരപരിധിയിലുള്ള സാധാരണ യാത്രയ്ക്ക് കെഎസ്ആർടിസി നിരക്ക് പരമാവധി 35 രൂപയോളമാണെന്നിരിക്കെയാണ് തീർത്ഥാടകരിൽ നിന്ന് അധിക തുക ഈടാക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വിശ്വാസത്തോടെ ശബരിമലയിലെത്തുന്ന സാധാരണക്കാരായ ഭക്തർക്ക് അധിക സാമ്പത്തികഭാരം സൃഷ്ടിക്കുന്ന ഈ നടപടി അവസാനിപ്പിക്കണമെന്നാണ് ആവശ്യം.

ശബരിമല തീർത്ഥാടനം വിനോദയാത്രയല്ലെന്നും തിരുപ്പതി പോലുള്ള പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിൽ ഭക്തർക്ക് സൗജന്യ യാത്രാസൗകര്യങ്ങൾ ലഭ്യമാകുമ്പോൾ ശബരിമലയിൽ സാധാരണ നിരക്കിനേക്കാൾ അധികം ഈടാക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തീർത്ഥാടകർക്ക് മികച്ച യാത്രാസൗകര്യങ്ങൾ ഒരുക്കേണ്ടതിന് പകരം അധിക സാമ്പത്തികഭാരം അടിച്ചേൽപ്പിക്കുന്ന സമീപനം കെഎസ്ആർടിസി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. നിലയ്ക്കൽ-പമ്പ റൂട്ടിൽ ആവശ്യത്തിന് ബസുകൾ ഇല്ലാത്തതിനാൽ തീർത്ഥാടകർ മണിക്കൂറുകളോളംകാത്തുനിൽക്കേണ്ടിവരുന്നതും ബസുകളിൽ അമിതമായി ആളുകളെ കയറ്റി യാത്ര ചെയ്യേണ്ടിവരുന്നതും ആശങ്കാജനകമാണെന്നും വ്യക്തമാക്കുന്നു.തീർത്ഥാടകരെ
കന്നുകാലികളെപ്പോലെ കുത്തിനിറച്ച് യാത്ര ചെയ്യേണ്ടിവരുന്ന ദൃശ്യങ്ങൾ പുറത്തുവരുന്നത് നിലവിലെ സംവിധാനങ്ങളുടെ അപര്യാപ്തത വ്യക്തമാക്കുന്നതാണ്. ആവശ്യത്തിന് കൂടുതൽ ബസുകൾ അനുവദിക്കുകയും സർവീസുകളുടെ ഇടവേള കുറച്ച് തിരക്കിനനുസരിച്ച് സർവീസുകൾ ക്രമീകരിക്കുകയും വേണം. നിലയ്ക്കലിൽ ബസുകളിൽ കയറുന്നതിനും കാത്തുനിൽക്കുന്നതിനും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു..
