പത്രപ്രവർത്തകനും അധ്യാപകനുമായ ശ്രീകണ്ഠന്‍ നായര്‍ അന്തരിച്ചു

പത്രപ്രവർത്തകനും അധ്യാപകനുമായ ശ്രീകണ്ഠന്‍ നായര്‍ അന്തരിച്ചു

മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയടക്കമുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കളെ അഭിമുഖം നടത്തി വാര്‍ത്തകള്‍ തയ്യാറാക്കിയിട്ടുണ്ട്

കൊയിലാണ്ടി: ദീര്‍ഘകാലം ഇംഗ്ലീഷ് പത്രങ്ങളുടെ ഡല്‍ഹി ലേഖകനായി പ്രവര്‍ത്തിച്ച കൊല്ലം കൊട്ടാരക്കര നീലേശ്വരം നടുവത്തൂര്‍ കിഴക്കേക്കര പുത്തന്‍ വീട് ശ്രീകണ്ഠന്‍ നായര്‍ (69)കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അന്തരിച്ചു. മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയടക്കമുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കളെ അഭിമുഖം നടത്തി വാര്‍ത്തകള്‍ തയ്യാറാക്കിയിട്ടുണ്ട്. പത്ര പ്രവര്‍ത്തനം അവസാനിപ്പിച്ച ശേഷം കാസര്‍ഗോഡ് കാഞ്ഞങ്ങാട് ആനന്ദാശ്രമത്തില്‍ ദീര്‍ഘകാലം അന്തേവാസിയായിരുന്നു. പിന്നീട് 2007 മുതല്‍ 2012 വരെ കല്പറ്റയിലേയും സുല്‍ത്താന്‍ ബത്തേരിയിലേയും മലബാര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ ഇംഗ്ലീഷ് അധ്യാപകനായിരുന്നു. അടുത്ത കാലം വരെ കൊയിലാണ്ടിയില്‍ പബ്ലിക് ലൈബ്രറിയില്‍ പി.എസ്.സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി ഇംഗ്ലീഷ് ക്ലാസുകളെടുത്തിരുന്നു.

അവിവാഹിതനായ ഇദ്ദേഹം കുടുംബവുമായി ഒരു ബന്ധവും പുലര്‍ത്തിയിരുന്നില്ല. കഴിഞ്ഞ മൂന്ന് വര്‍ഷമായി കൊയിലാണ്ടി നഗരസഭാ സാംസ്‌കാരിക നിലയത്തില്‍ കഴിയുകയായിരുന്നു. കല്പറ്റയിലെ അധ്യാപന കാലത്തെ സഹപ്രവര്‍ത്തകനായിരുന്ന എഴുത്തുകാരന്‍ മുചുകുന്ന് ഭാസ്‌കരന്റെ പരിചയത്തിലൂടെയാണ് കൊയിലാണ്ടിയിലെത്തിയത്. പെട്ടെന്നുണ്ടായ അസുഖത്തെ തുടര്‍ന്ന് കൊയിലാണ്ടി നഗരസഭാധികൃതരാണ് താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചത്. ശനിയാഴ്ച രാവിലെ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരിക്കെയാണ് മരിച്ചത്. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്. പരേതരായ അപ്പുക്കുട്ടന്‍ നായരുടെയും ബ്രഹ്മാക്ഷിയമ്മയുടെയും മകനാണ്. സഹോദരങ്ങള്‍: ഗീതാകുമാരി, പരേതനായ ശ്രീനിവാസന്‍, മന്മഥന്‍.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )