
പദവിയിൽ തിരിച്ചു വരാൻ നീക്കവുമായി ശ്വേത മേനോൻ; ഇനിയും അവസരം നൽകാനില്ലെന്ന് പിഷാരടി
- കണക്ക് ശരിയാക്കി അവതരിപ്പിക്കാനുള്ള അവസരം വേണമെന്ന് ആവശ്യപ്പെട്ട് ശ്വേത അഡ്ഹോക്ക് കമ്മിറ്റി പ്രസിഡന്റ് ആയ രമേഷ് പിഷാരടിയെ വിളിച്ചു.
കൊച്ചി : ‘അമ്മ’യിൽ നിന്നുള്ള രാജി പ്രഖ്യാപനത്തിന് പിന്നാലെ പ്രസിഡന്റ് പദവിയിൽ തിരിച്ചെത്താൻ നീക്കവുമായി ശ്വേത മേനോൻ. കണക്ക് ശരിയാക്കി അവതരിപ്പിക്കാനുള്ള അവസരം വേണമെന്ന് ആവശ്യപ്പെട്ട് ശ്വേത അഡ്ഹോക്ക് കമ്മിറ്റി പ്രസിഡന്റ് ആയ രമേഷ് പിഷാരടിയെ വിളിച്ചു. എന്നാൽ ശ്വേതയുടെ ആവശ്യം പിഷാരടി നിരസിച്ചു. ആരോപണ വിധേയരായ ആളുകൾക്ക് ഇനിയും കണക്ക് ശരിയാക്കാൻ അവസരം നൽകാനാകില്ലെന്ന് പിഷാരടി വ്യക്തമാക്കി. പൊതുമാധ്യമങ്ങളിൽ വന്ന് രാജിപ്രഖ്യാപനം നടത്തിയ ആളുകൾക്ക് വീണ്ടും വന്ന്കണക്ക് ശരിയാക്കാൻ അവസരം കൊടുത്താൽ അത് പൊതുസമൂഹം അംഗീകരിക്കില്ല. സ്ത്രീകൾക്ക് മിണ്ടാൻ അവസരമില്ലാത്ത സ്ഥലമായി അമ്മ മാറിയെന്നും മറ്റുമുള്ള ശ്വേതയുടെ പരാതിയെ പിഷാരടി ചെവിക്കൊണ്ടില്ല.

സ്ത്രീകളെ സമ്പൂർണമായി ഭരണം ഏൽപ്പിച്ചപ്പോൾ അവർ തന്നെ ഉണ്ടാക്കിയ കുഴപ്പങ്ങളല്ലേ എല്ലാം എന്ന് പിഷാരടി ചോദിക്കുമ്പോൾ ശ്വേതക്ക് ഉത്തരമൊന്നും ഇല്ല. ഞങ്ങൾക്ക് നിരപരാധിത്വം തെളിയിക്കാൻ അവസരം തരില്ലേ എന്ന് ശ്വേത ചോദിക്കുമ്പോൾ, നിങ്ങൾക്കെതിരായ ആരോപണങ്ങൾ നിങ്ങൾ തന്നെ അന്വേഷിച്ച് തെളിയിക്കാമെന്ന് പറഞ്ഞാൽ അത് അംഗീകരിക്കാനാവില്ലെന്ന് പിഷാരടി പ്രതികരിക്കുന്നു.അഡ്ഹോക്ക് കമ്മിറ്റി ചേരുമ്പോൾ കൃത്യമായി കണക്ക് അവിടെ അവതരിപ്പിച്ചാൽമതിയെന്ന് പിഷാരടി പറയുമ്പോൾ, അഡ്ഹോക് കമ്മിറ്റിയിലെ പലരെയും വിശ്വാസമില്ലെന്നാണ് ശ്വേതയുടെ മറുപടി. നിങ്ങൾ പത്ത് പൈസ പോലും കട്ടിട്ടില്ലെങ്കിൽ അത് തെളിയിക്കാൻ നിസ്സാരമല്ലേയെന്ന് ചോദിക്കുമ്പോഴും ശ്വേതക്ക് ഉത്തരമൊന്നുമില്ല.
