
പുതുക്കിപ്പണിത കലുങ്കിന്റെ പാർശ്വഭിത്തി ഇടിഞ്ഞു
- വീതി കുറവായതുകൊണ്ട് വാഹനങ്ങൾ കടന്നുപോകുമ്പോൾ മർദംമൂലമാണ് പാർശ്വഭിത്തി ഇടിയുന്നത്
നടുവണ്ണൂർ : സംസ്ഥാനപാതയിൽ കണ്ണമ്പാലത്തെരു ക്ഷേത്രകവാടത്തിന് സമീപം പഴക്കംമൂലം പുതുക്കിപ്പണിത കലുങ്കിനെ ബന്ധിപ്പിച്ചുകൊണ്ട് നിർമിച്ച പാർശ്വഭിത്തി ഇടിഞ്ഞു. റോഡിൻ്റെ പടിഞ്ഞാറുഭാഗം പകുതിയോളമാണ് കലുങ്ക് നിർമിച്ചത്. കരിങ്കല്ലുകൊണ്ട് പാർശ്വഭിത്തിയും പണിതിരുന്നു. ഇതിൻ്റെ മുകളിൽ ചെയ്ത കോൺക്രീറ്റാണ് മുന്നോളംസ്ഥലത്ത് പൊട്ടി കല്ലുകൾ വീഴുമെന്ന സ്ഥിതിയിലായത്. ബാക്കിയുള്ള പകുതിഭാഗം പുതിയ കലുങ്ക് പണിയാൻവേണ്ടി പഴയ കലുങ്ക് മുറിച്ചുമാറ്റിയിട്ടുണ്ട്. ഇതോടെ റോഡിന് വീതികുറഞ്ഞു. വീതി കുറവായതുകൊണ്ട് വാഹനങ്ങൾ കടന്നുപോകുമ്പോൾ മർദംമൂലമാണ് പാർശ്വഭിത്തി ഇടിയുന്നത്. കഴിഞ്ഞദിവസം പൈപ്പുകൾ കയറ്റിയ ലോറി കടന്നുപോയപ്പോഴാണ് ഭിത്തി ഇടിഞ്ഞുതാണത്. ഇതിലെ വാഹനം കടത്തിവിട്ടിട്ട് രണ്ടുദിവസമേ ആയുള്ളൂ. റോഡിന്റെ കിഴക്കുഭാഗത്തുകൂടി വാഹനങ്ങൾ കടത്തിവിടാൻ താത്കാലികമായി നിർമിച്ച മൺപാതയിലൂടെ വാഹനങ്ങൾ പ്രയാസപ്പെട്ടാണ് കടന്നുപോകുന്നത്.
വീതികുറഞ്ഞ റോഡിൽ ഭാരംകയറ്റിയ വാഹനങ്ങൾ കടന്നുപോകുമ്പോഴുണ്ടാകുന്ന സമ്മർദംമൂലമാണ് റോഡിൻ്റെ പാർശ്വഭിത്തി ഇടിഞ്ഞതെന്ന് പേരാമ്പ്ര അസിസ്റ്റന്റ് എൻജിനിയർ ടി.വി. മിനി പറഞ്ഞു. ഇത് ഉടൻ പൊളിച്ചുമാറ്റി ബലപ്പെടുത്തിക്കൊണ്ട് പുതിയത് കെട്ടാൻ കരാറുകാരനോട് നിർദേശിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു