
പേരാമ്പ്രയിൽ മിനി എംസിഎഫ് നിർമാണം തടഞ്ഞ് യുഡിഎഫ്
- നഗരത്തിന്റെ ഹൃദയഭാഗത്ത് മാലിന്യസംഭരണകേന്ദ്രം സ്ഥാപിക്കാൻ അനുവദിക്കില്ലെന്നും നേതാക്കൾ
പേരാമ്പ്ര :നഗരത്തിലെ മാർക്കറ്റിങ് സൊസൈറ്റി മൈതാനത്ത് മിനി എംസിഎഫ് ഷെഡ് നിർമാണം യുഡിഎഫ് പ്രവർത്തകർ തടഞ്ഞു. കേസിൽ ഉൾപ്പെട്ട സ്ഥലമായതിനാലും കളക്ടറുടെ മേൽനോട്ടത്തിലുമുള്ള സ്ഥലത്താണ് മിനി എംസിഎഫ് സ്ഥാപിക്കാൻ നീക്കം നടക്കുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് യുഡിഎഫ് നിർമാണം തടഞ്ഞത്.
മഴക്കാലമായാൽ വെള്ളം കെട്ടി നിൽക്കുന്ന സ്ഥലമാണിതെന്നും നഗരത്തിന്റെ ഹൃദയഭാഗമായ ഇവിടെ മാലിന്യസംഭരണകേന്ദ്രം സ്ഥാപിക്കാൻ അനുവദിക്കില്ലെന്നും നേതാക്കൾ ചൂണ്ടികാട്ടി . അതേ സമയം ഇടപെടൽ കാരണം നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെക്കാനും ധാരണയായി.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് വി.കെ. പ്രമോദ്, വൈസ് പ്രസിഡൻ്റ് കെ.എം. റീന, സെക്ര ട്ടറി ആർ. നിശാന്ത്, അംഗങ്ങളായ പി.കെ. രാഗേഷ്, റസ്സിന, സൽമ എന്നിവരും യുഡിഎഫ് നേതാക്കളും ചർച്ചയിൽ പങ്കെടുത്തു. കളക്ടറുടെ അനുമതിയോടെയാണ് താൽക്കാലിക ഷെഡ് നിർമിക്കുന്നതെന്നും പഞ്ചായത്തിലെ എല്ലാവാർഡിലും മിനി എംസിഎഫ് നിർമിക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
വെള്ളിയാഴ്ച രാവിലെയാണ് രാജൻ മരുതേരി, കെ.പി. റസാക്ക്, കെ.സി. രവീന്ദ്രൻ, പി.എസ്. സുനിൽകുമാർ, ആർ. കെ. മുഹമ്മദ്, കെ.സി. മുഹമ്മദ്, രമേഷ് മഠത്തിൽ, വി.പി. സുരേഷ്, ആസിഫ്, അജി എന്നിവരുടെ നേതൃത്വത്തിൽ നിർമാണം തടഞ്ഞത്. തുടർന്ന് പഞ്ചായത്ത് സെക്രട്ടറി ആർ. നിശാന്ത് സ്ഥലത്തെത്തി പ്രവർത്തി താത്ക്കാലികമായി നിർത്തി.