
പൊതുജനത്തെ ദുരിതത്തിലാക്കി സർക്കാർ ആശുപത്രികൾ
- താലൂക്ക് ആശുപത്രി ജില്ലാ ആശുപത്രിയായി ഉയർത്തുമ്പോൾ മാറുന്നതു ബോർഡുകൾ മാത്രം.
വടകര:കോടിക്കണക്കിനു രൂപ മുടക്കി സർക്കാർ ആശുപത്രികളിൽ നടക്കുന്നത് മുഖം മിനുക്കൽ പ്രവൃത്തികൾ മാത്രം. വലിയ കെട്ടിടങ്ങളും വാർഡുകളും ഉണ്ടാക്കി ഉദ്ഘാടനം നടത്തുന്ന അധികൃതർ പലപ്പോഴും കണ്ടില്ലെന്നു നടിക്കുന്നത് ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മകളാണ്. ഉദ്ഘാടനത്തിന് മുൻപു പുറമേ മാത്രം പെയിൻ്റടിച്ച് കെട്ടിടം മിനുക്കാനുള്ള തകൃതിയായ ശ്രമവും ജില്ലയിലെ ഒരു ആശുപത്രിയിൽ നടക്കുന്നുണ്ട്.

ആശുപത്രികളുടെ ബോർഡുകൾ മാത്രമാണു പലപ്പോഴും മാറുന്നത്. താലൂക്ക് ആശുപത്രി ജില്ലാ ആശുപത്രിയായി ഉയർത്തുമ്പോൾ മാറുന്നതു ബോർഡുകൾ മാത്രം. അതിനനുസരിച്ച് ജീവനക്കാരുടെ എണ്ണവും സൗകര്യങ്ങളും കൂടുന്നില്ല. നിന്നു തിരിയാൻ സ്ഥലമില്ലാത്ത ഇടനാഴികളിൽ ഇരുന്നാണ് പലപ്പോഴും ഡോക്ടർമാർ രോഗികളെ ചികിത്സിക്കുന്നത്. ചികിത്സയ്ക്കു ശേഷം മരുന്നു വാങ്ങാനും പരിശോധന നടത്താനും മണിക്കൂറുകൾ വരി നിൽക്കേണ്ട സ്ഥിതിയിലാണ് രോഗികൾ.
