
പ്രധാനമന്ത്രി ദേശവിരുദ്ധനാണെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിയന്ത്രണത്തിലാണെന്നും അഞ്ച് മിനിറ്റിനുള്ളിൽ തെളിയിക്കാൻ കഴിയുമെന്നും രാഹുൽ ഗാന്ധി
- അമേരിക്കയുമായി ഒരു കരാറിൽ ഒപ്പിടാൻ ട്രംപ് മോദിയെ സമ്മർദ്ദത്തിലാക്കിയെന്നും രാഹുൽ ഗാന്ധി ആരോപിച്ചു
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ട് സംവാദത്തിന് വെല്ലുവിളിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശവിരുദ്ധനാണെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിയന്ത്രണത്തിലാണെന്നും അഞ്ച് മിനിറ്റിനുള്ളിൽ തെളിയിക്കാൻ കഴിയുമെന്ന് രാഹുൽ ഗാന്ധി അവകാശപ്പെട്ടു. താൻ മോദിയെ ചർച്ചയ്ക്ക് വെല്ലുവിളിച്ചിരുന്നു. മോദി ചർച്ചയ്ക്ക് തയ്യാറാകില്ല. ചർച്ചയ്ക്ക് വന്നാൽ അഞ്ച് മിനിറ്റിനകം ആരാണ് ദേശദ്രോഹിയെന്ന് തെളിയിക്കാം. എൻ ഡി എ സർക്കാർ ഒരു വർഷത്തിനകം താഴെ വീഴും. പഞ്ചാബിലെ സംഗ്രൂരിൽ നടന്ന ‘ഇൻസാഫ് റാലി’യെ അഭിസംബോധന ചെയ്തുകൊണ്ട് രാഹുൽ ഗാന്ധി പറഞ്ഞു.

അമേരിക്കയുമായി ഒരു കരാറിൽ ഒപ്പിടാൻ ട്രംപ് മോദിയെ സമ്മർദ്ദത്തിലാക്കിയെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. “ഇന്നലെ ഞാൻ നരേന്ദ്ര മോദിയെ ഒരു മുഖാമുഖ സംവാദത്തിന് വെല്ലുവിളിച്ചു.അദ്ദേഹത്തിന് ഇഷ്ട്ടമുള്ള ആരെയും ഈ സംവാദത്തിന് വിധികർത്താവാക്കാൻ കഴിയും. നരേന്ദ്ര മോദിക്ക് എന്റെ മുന്നിൽ ഇരിക്കാൻ കഴിയില്ലെന്ന് ഞാൻ രാജ്യത്തിന് ഉറപ്പ് നൽകുന്നു. സംവാദം ആരംഭിച്ച് അഞ്ച് മിനിറ്റിനുള്ളിൽ നരേന്ദ്ര മോദി ഒരു ‘ദേശദ്രോഹി’ ആണെന്നും ഡൊണാൾഡ് ട്രംപ് അദ്ദേഹത്തെ നിയന്ത്രിക്കുന്നുവെന്നും ഞാൻ തെളിയിക്കുമെന്ന് എനിക്ക് ഉറപ്പ് നൽകാൻ കഴിയും”-രാഹുൽ ഗാന്ധി പറഞ്ഞു.
