
‘ഭരണഘടനയെ വെല്ലുവിളിച്ച് ജനങ്ങളെ അടിമകളാക്കി നിർത്തുന്ന വ്യവസ്ഥാക്രമമാണ് സനാതന ധർമ്മം’ -ഡോ. ടി. എസ് ശ്യാം കുമാർ
- പൊയിൽക്കാവിൽ എടക്കുളം കുട്ടികൃഷ്ണൻ അനുസ്മരണ സമ്മേളനത്തിൽ ‘പരകായ പ്രവേശം നടത്തുന്ന സനാതനം’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു ഡോ. ടി.എസ്.ശ്യാം കുമാർ
പൊയിൽക്കാവ് :ഹിംസാത്മകവും ശ്രേണീബദ്ധവുമായ ജാതിവ്യവസ്ഥയാണ് നൂറ്റാണ്ടുകളായി ഇന്ത്യയിൽ പുലരുന്നതെന്നും ഇതിനെ നിർമാർജനം ചെയ്തല്ലാതെ
പുരോഗമന സമൂഹത്തിന് മുന്നോട്ടു പോകാനാകില്ലെന്നും ഡോ. ടി എസ് ശ്യാം കുമാർ പറഞ്ഞു. പൊയിൽക്കാവിൽ എടക്കുളം കുട്ടികൃഷ്ണൻ അനുസ്മരണ സമ്മേളനത്തിൽ ‘പരകായ പ്രവേശം നടത്തുന്ന സനാതനം’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.ഇരിങ്ങാലക്കുട കൂടൽമാണിക്യ ക്ഷേത്രത്തിൽ ഈഴവ സമുദായക്കാരനെ കഴകക്കാരനായി നിയമിച്ചതിനെതിരെ ക്ഷേത്രം തന്ത്രിമാർ നടത്തിയ സമരം പരിഷ്കൃത സമൂഹത്തിന് നേരെയുള്ള വെല്ലുവിളിയാണെന്നും ഇതിനെതിരെ പുരോഗമന ശക്തികൾ ശക്തമായി മുന്നോട്ടുവരണം.
ഇതിഹാസങ്ങളും പുരാണങ്ങളും അരക്കിട്ടുറപ്പിക്കുന്ന വർണാശ്രമ ധർമമെന്നത് ജാതിവ്യവസ്ഥയെ തന്നെയാണ്. ഇന്ത്യൻ ഭരണഘടനയെ തന്നെ വെല്ലുവിളിച്ച് ജനങ്ങളെ അടിമകളാക്കി നിർത്തുന്ന വ്യവസ്ഥാ ക്രമമാണ് സനാതന ധർമ്മമെന്നത്. ഈ വ്യവസ്ഥ
മാറ്റമില്ലാതെ തുടരണമെന്ന് ആഗ്രഹിക്കുന്നവരാണ് സനാതന ധർമ വാദികൾ.
മനുസ്മൃതിയും, ശ്രീശങ്കരൻ്റെ അദ്വൈത സിദ്ധാന്തവും ഗീതാഭാഷ്യവുമെല്ലാം ഇത്
പുനസ്ഥാപിക്കാനാണ് ആവശ്യപ്പെടുന്നത്. ബ്രാഹ്മണനാണ് എല്ലാ അധികാരവുമെന്ന് സനാതന ധർമം സ്ഥാപിക്കുന്നു. ജന്മം കൊണ്ട് ശൂദ്രനായവന്
ബ്രഹ്മജ്ഞാനം കൊണ്ട് ബ്രാഹ്മണനാകാമെന്ന് പറയുന്നത് തട്ടിപ്പാണ്.

പൂർവ ജന്മത്തിൽ ചെയ്ത പാപത്തിൻ്റെ ഫലമായാണ് ഒരാൾ ശൂദ്രനായി പിറക്കുന്നതെന്ന് ഹിന്ദുത്വ വാദികളുടെ കർമ-പുനർജന്മ സിദ്ധാന്തം പറയുന്നു. ആളുകൾ ദാരിദ്ര്യവും അസമത്വവും അനുഭവിക്കുന്നത് അവരുടെ തന്നെ കുറ്റം കൊണ്ടാണെന്നാണ് ഇതിലൂടെ സ്ഥാപിക്കുന്നത്. കുംഭമേള പോലെ പ്രാകൃതവും കാലഹരണപ്പെട്ടതുമായ ആചാരങ്ങൾ
ജീവിത യാഥാർത്ഥ്യങ്ങളെ മറച്ചുവെക്കാനും ബ്രാഹ്മണ മേധാവിത്വം പുനസ്ഥാപിക്കാനും ഉദ്ദേശിച്ചുള്ളതാണെന്നും ശ്യാം കുമാർ പ്രസ്താവിച്ചു.അനുസ്മര സമിതിയും കൾച്ചറൽ ഫോറവും ചേർന്ന് സംഘടിപ്പിച്ച പരിപാടിയിൽ വി എ ബാലകൃഷ്ണൻ അധ്യക്ഷനായി. എ സുരേഷ്, എൻ വി ബാലകൃഷ്ണൻ, വിജയരാഘവൻ ചേലിയ, കെ വി ഹരിഹരൻ, കുട്ടിക്കൃഷ്ണൻ കോട്ട് എന്നിവർ സംസാരിച്ചു.