
രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ്: നടൻ ബോബി കുര്യനെ പോലീസ് ചോദ്യം ചെയ്തു
- എന്നാൽ ബോബിയുടെ മൊഴി അന്വേഷണസംഘം വിശ്വാസത്തിലെടുത്തിട്ടില്ല
കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസിൽ നടൻ ബോബി കുര്യനെ പോലീസ് ചോദ്യം ചെയ്തു. രഞ്ജിത്തിനെ ഒളിവിൽ പോകാൻ സഹായിച്ചുവെന്ന സംശയത്തിലായിരുന്നു ചോദ്യം ചെയ്യൽ. രഞ്ജിത്തിൻ്റെ കേസിനെ കുറിച്ച് അറിയില്ലായിരുന്നുവെന്ന് ബോബി കുര്യൻ മൊഴി നൽകി. രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തപ്പോഴാണ് ഇതിനെക്കുറിച്ച് അറിഞ്ഞതെന്നും ബോബി കുര്യൻ മൊഴി നൽകി. എന്നാൽ ബോബിയുടെ മൊഴി അന്വേഷണസംഘം വിശ്വാസത്തിലെടുത്തിട്ടില്ല. ബോബിയെ വീണ്ടും ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം.

രഞ്ജിത്തിനൊപ്പം കാറിൽ ഉണ്ടായിരുന്ന സഹ സംവിധായിക ശാലിനിയെയും ചോദ്യം ചെയ്തിരുന്നു.സിനിമാ ലൊക്കേഷനിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന നടിയുടെ പരാതിയിലാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്‌തത്. രഞ്ജിത്തിന്റെ പുതിയ സിനിമയിൽ അഭിനയിക്കുന്ന നടിയാണ് പരാതിക്കാരി. കൂടുതൽ പ്രാധാന്യമുള്ള റോൾ നൽകാമെന്ന് പറഞ്ഞ് കാരവാനിലേക്ക് വിളിച്ചുവരുത്തി രഞ്ജിത്ത് ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് നടിയുടെ പരാതി. നിലവിൽ രഞ്ജിത്ത് ജാമ്യത്തിലാണ്.
