
രാജ്യാന്തര വിപണിയിൽ എണ്ണവില കൂടി ; പാകിസ്ഥാനിൽ പെട്രോളിന് വീണ്ടും റെക്കോർഡ് വർധന
- ഇതോടെ ഒരു ലിറ്റർ പെട്രോളിന്റെ വില 393.35 രൂപയായും ഡീസൽ വില 380.19 രൂപയായും ഉയർന്നു
ഇസ്ലമാബാദ്: അസംസ്കൃത എണ്ണവില വർദ്ധിച്ചതോടെ പാകിസ്ഥാനിൽ ഇന്ധനവില കുത്തനെ കൂട്ടി. പെട്രോളിനും ഹൈസ്പീഡ് ഡീസലിനും ലിറ്ററിന് 26.77 രൂപയാണ് ഒറ്റദിവസം കൊണ്ട് വർദ്ധിപ്പിച്ചത്. ഇതോടെ ഒരു ലിറ്റർ പെട്രോളിന്റെ വില 393.35 രൂപയായും ഡീസൽ വില 380.19 രൂപയായും ഉയർന്നു. ഇറാൻ-അമേരിക്ക സംഘർഷത്തെത്തുടർന്ന് രാജ്യാന്തര തലത്തിലുണ്ടായ വിലക്കയറ്റമാണ് പാകിസ്ഥാനെയും ബാധിച്ചത്. ഏപ്രിൽ 25 ശനിയാഴ്ച മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു.ആഗോള വിപണിയിലെ പ്രതിസന്ധി കാരണം വില വർദ്ധിപ്പിക്കുകയല്ലാതെ മറ്റ് പോംവഴികളില്ലെന്ന് പാകിസ്ഥാൻ പെട്രോളിയം മന്ത്രി അലി പർവേസ് മാലിക് വ്യക്തമാക്കി.
ഇന്ധനവിലയിലുണ്ടായ ഈ വൻ വർദ്ധനവ് ഗതാഗത ചെലവ് കൂട്ടുന്നതിനൊപ്പം നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനും ഇടയാക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് നേരത്തെ വാഗ്ദാനം ചെയ്തിരുന്ന ആശ്വാസ നടപടികൾക്ക് കനത്ത തിരിച്ചടിയാണ് നിലവിലെ ഈ സാഹചര്യം.
