
റെയിൽവേ സ്റ്റേഷൻ റോഡ് മാലിന്യ കേന്ദ്രമാവുന്നു
- ഇവിടെ സിസിടിവി ക്യാമറ സ്ഥാപിച്ചാൽ മാത്രമേ കുറ്റക്കാരെ കണ്ടുപിടിക്കാൻ കഴിയുകയുള്ളൂ
കൊയിലാണ്ടി: റെയിൽവേ സ്റ്റേഷൻ റോഡിലെ മാലിന്യ നിക്ഷേപം യാത്രക്കാർക്കും പരിസര വാസികൾക്കും ഭീഷണയാവുന്നു. റെയിൽവേ സ്റ്റേഷൻ – ബസ്റ്റാൻ്റ് ലിങ്ക് റോഡിലാണ് വർഷങ്ങളായി നിർബാധം മാലിന്യ നിക്ഷേപം നടക്കുന്നത്. റെയിൽവേ സ്റ്റേഷനിലേക്കും ബസ്റ്റാന്റിലേക്ക് ഇടതടവില്ലാതെ ആളുകൾ സഞ്ചരിക്കുന്ന വഴിയാണിത്.
പ്ലാസ്റ്റിക് കുപ്പികൾ, കുട്ടികളുടെ ഡയപ്രം, ഫുഡ് വേസ്റ്റുകൾ, ഉപയോഗ ശൂന്യമായ ചെരുപ്പുകൾ തുടങ്ങിയവ വലിയ പ്ലാസ്റ്റിക് കവറുകളിലാക്കിയാണ് മരങ്ങൾക്കിടയിൽ തള്ളുന്നത്. വിദ്യാർഥികളടക്കം നിരവധി ആളുകളാണ് ദിവസവും ഈ വഴി യാത്ര ചെയ്യുന്നത്. പരിസരത്ത് വീടുകളും കടകളും ഓട്ടോ സ്റ്റാൻഡുമുണ്ട്. സ്കൂൾ കുട്ടികൾ, റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന യാത്രക്കാർ, നിരവധി വാഹനങ്ങൾ നിത്യവും പോകുന്ന നഗരത്തിലെ പ്രധാന വഴികൂടിയാണിത്. ഇവിടെ കൊണ്ടിടുന്ന മാലിന്യങ്ങൾ മഴ പെയ്യുന്നതേടെ പരിസരം മുഴുവൻ വ്യാപിക്കുന്നു. അഴുക്കും ദുർഗന്ധവും കാരണം വഴി യാത്രക്കാരും പരിസരവാസികളും ഓട്ടോക്കാരും ബുദ്ധിമുട്ടുന്നു.

തെരുവു നായ്ക്കളുടെ ശല്യവും വർധിച്ചിട്ടുണ്ട്. ഫുഡ് വേസ്റ്റുകൾ പ്ലാസ്റ്റിക് കവറുകളിലാക്കിയാണ് വലിച്ചെറിയുന്നത്. ഇവ തെരുവ് നായ്ക്കൾ കടിച്ചുകീറി ചുറ്റുപാടും പരത്തുന്നു. കൊതുകും കൂത്താടികളും പെരുകുന്നത് പകർച്ച വ്യാധികൾക്കും ആരോഗ്യ പ്രശ്നങ്ങൾക്കും ഇടയാക്കും. ഇത് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന് പരിസരത്തെ താമസക്കാരും ഓട്ടോ ഡ്രൈവർമാരും കെ ഫയലിനോട് പറഞ്ഞു. ചില സമയങ്ങളിൽ ദുർഗന്ധം കാരണം വഴി പോകാൻ പറ്റാത്ത സ്ഥിതിയാണ്.
റെയിൽവേ സ്റ്റേഷൻ റോഡിലെ ഒരു പ്രത്യേക ഭാഗത്തല്ല വിവിധ ഇടങ്ങളിലായിട്ടാണ് ഇങ്ങനെ മാലിന്യങ്ങൾ കൊണ്ടിടുന്നത്. രാത്രി സമയങ്ങളിൽ വണ്ടിയിൽ മാലിന്യങ്ങൾ കൊണ്ടുവന്ന് വലിച്ചെറിയുന്നതാവുമെന്ന് പ്രദേശത്തെ ഓട്ടോറിക്ഷക്കാർ പറയുന്നു. നഗരസഭ നേരത്തെ ഇവിടുത്തെ മാലിന്യങ്ങൾ നീക്കം ചെയ്തിരുന്നു. എങ്കിലും ഇപ്പോഴും ഇതുതന്നെയാണ് സ്ഥിതി. ഇവിടെ സിസിടിവി ക്യാമറ സ്ഥാപിച്ചാൽ മാത്രമേ കുറ്റക്കാരെ കണ്ടുപിടിക്കാൻ കഴിയുകയുള്ളൂ. ഇതിന് നടപടികൾ സ്വീകരിക്കണമെന്നാണ് പ്രദേശവാസികളും നാട്ടുകാരും ആവശ്യപ്പെടുന്നത്.
