
ശബരിമല നട 14ന് തുറക്കും
- പുതിയ ദർശന രീതിയുടെ ട്രയൽ റൺ പരീക്ഷിക്കും
പത്തനംതിട്ട :ശബരിമലയിൽ മീനമാസ പൂജകൾക്കായി 14ന് വൈകിട്ട് 5ന് ക്ഷേത്രനട തുറക്കും. 19 വരെ പൂജകൾ ഉണ്ടാകും. 15 മുതൽ 19 വരെ ദിവസവും ഉദയാസ്‌തമയപൂജ, പടിപൂജ, കളഭാഭിഷേകം, അഷ്‌ടാഭിഷേകം, പുഷ്പാഭിഷേകം എന്നിവയുണ്ടാകും. 18ന് വൈകിട്ട് സഹസ്രകലശപൂജയും 19ന് സഹസ്രകലശാഭിഷേകവും ഉണ്ട്. 19ന് രാത്രി 10ന് നട അടയ്ക്കും.

മാസ പൂജയ്ക്കു നട തുറക്കുന്ന 14ന് ശബരിമലയിൽ പുതിയതായി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പുതിയ ദർശന രീതിയുടെ ട്രയൽ റൺ പരീക്ഷിക്കും. പുതിയ ക്രമീകരണങ്ങളുടെ പണികൾ സന്നിധാനത്തു ആരംഭിച്ചു . തറ നിരപ്പ് ക്രമീകരിക്കുന്നതിനും രണ്ടു വശത്തും നിൽക്കുന്നവരെ വേർതിരിക്കാൻ പുതിയ കാണിക്ക വഞ്ചി സ്ഥാപിക്കുന്നതിനും മുൻപുള്ള പണികളാണ് നടക്കുന്നത്. ദർശനത്തിന് എത്തുന്നവർ വെർച്വൽ ക്യൂവിൽ റജിസ്റ്റർ ചെയ്യണം. ഇതിന്റെ ബുക്കിങ് ആരംഭിച്ചിട്ടുണ്ട് .