
സിഎംആർഎൽ-എക്സാലോജിക് പണമിടപാട് കേസ്; ഇഡി നടത്തിയ അന്വേഷണം ഇനി പിഎ മുഹമ്മദ് റിയാസിലേക്കും
- റിയാസുമായി അടുപ്പമുള്ള കോഴിക്കോട്ടെ ചില സിപിഎം-ഡിവൈഎഫ്ഐ നേതാക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലും സ്ഥാപനങ്ങളിലുമായി എട്ട് ഇടങ്ങളിൽ ചൊവ്വാഴ്ച ഇഡി സംഘം റെയ്ഡ് നടത്തി.
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് പണമിടപാട് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ അന്വേഷണം മുൻ മന്ത്രി പിഎ മുഹമ്മദ് റിയാസിലേക്കും നീളുന്നു. റിയാസുമായി അടുപ്പമുള്ള കോഴിക്കോട്ടെ ചില സിപിഎം-ഡിവൈഎഫ്ഐ നേതാക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലും സ്ഥാപനങ്ങളിലുമായി എട്ട് ഇടങ്ങളിൽ ചൊവ്വാഴ്ച ഇഡി സംഘം റെയ്ഡ് നടത്തി. എക്സാലോജിക് സൊല്യൂഷൻസ് ഡയറക്ടറും റിയാസിന്റെ ഭാര്യയുമായ ടി വീണയുടെ മൊഴികളിൽ നിന്നും, പിടിച്ചെടുത്ത ഡയറിയിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന.സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റംഗം പി നിഖിൽ, ഡിവൈഎഫ്ഐ നേതാവ് നന്ദുലാൽ, റിയാസിന്റെ സഹപാഠികളായ പിപി ഷൈജൽ, ഫെബിഷ് മുഹമ്മദ്, വാരിഷ് കളത്തിങ്ങൽ, പ്രവാസി ഫൈജാസ് എന്നിവരുടെ വീടുകളിലും സ്ഥാപനങ്ങളിലുമായിരുന്നു പരിശോധന. പൊലീസിന്റെ സഹായമില്ലാതെ കേന്ദ്രസേനയുടെ സുരക്ഷയോടെയായിരുന്നു ഈ റെയ്ഡ്. ഇവരുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകൾ സംഘം ശേഖരിക്കുകയും പ്രാഥമികമായി ചോദ്യം ചെയ്യുകയും ചെയ്തു. ഇവരിൽ ചിലരുടെ സ്വത്തുക്കൾ മരവിപ്പിക്കുന്നതിനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്.

മെയ്യിൽ തിരുവനന്തപുരത്തെ വീണയുടെ വസതിയിൽ നടത്തിയ പരിശോധനയ്ക്കിടെ ഇഡി പിടിച്ചെടുത്ത ചുവന്ന കവറുള്ള ഡയറിയിലാണ് സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങളുണ്ടായിരുന്നത്. എക്സാലോജിക് കമ്പനിയുടെ അക്കൗണ്ടിൽ നിന്ന് നിഖിൽ, വാരിസ്, ഷൈജൽ, ഫൈജാസ് എന്നിവരുടെ അക്കൗണ്ടുകളിലേക്ക് പണം കൈമാറിയതായി ഇതിൽ രേഖപ്പെടുത്തിയിരുന്നു. വീണയെ ചോദ്യം ചെയ്തപ്പോൾ ഇവർ റിയാസിന്റെ സുഹൃത്തുക്കളാണെന്നും പണം കൈമാറിയത് തെരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കാണെന്നും വ്യക്തമാക്കുകയുണ്ടായി.കൂടാതെ, ചോദ്യം ചെയ്യലിനിടെ ചില ചോദ്യങ്ങൾക്ക് ഭർത്താവ് മുഹമ്മദ് റിയാസിന് മാത്രമേ അതുസംബന്ധിച്ചറിയൂ എന്നായിരുന്നു വീണയുടെ മറുപടി. ഇതിന്റെ അടിസ്ഥാനത്തിൽ റിയാസിനെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നാണ് ഇഡി സംഘത്തിന്റെ നിലപാട്. റിയാസിന്റെ സുഹൃത്തുക്കളുമായുള്ള വീണയുടെ സാമ്പത്തിക ഇടപാടുകൾ അദ്ദേഹത്തിന്റെ നിർദേശപ്രകാരമാണോ എന്ന് വ്യക്തത വരുത്താനാണ് അന്വേഷണം
