
സിപിഎം വിശാല സംസ്ഥാന കമ്മിറ്റി യോഗത്തിലെ വിമർശനങ്ങൾ വ്യക്തി കേന്ദ്രീകൃതം ആകാതിരിക്കാൻ ഉള്ള കരുതലിൽ സംസ്ഥാന നേതൃത്വം
- 13 മുതൽ 14 വരെ കോഴിക്കോട് ചേരുന്ന വിശാല സംസ്ഥാന കമ്മിറ്റി യോഗത്തിൽ 307 പ്രതിനിധികളാണ് പങ്കെടുക്കുന്നത്.
കോഴിക്കോട്: തുടർഭരണം എന്ന ലക്ഷ്യത്തിന് ഏറ്റ വലിയ തിരിച്ചടി വിലയിരുത്താൻ കോഴിക്കോട്ട് ഈ മാസം 13 മുതൽ ചേരുന്ന മൂന്നു ദിവസത്തെ സിപിഎം വിശാല സംസ്ഥാന കമ്മിറ്റി യോഗത്തിലെ വിമർശനങ്ങൾ വ്യക്തി കേന്ദ്രീകൃതം ആകാതിരിക്കാൻ ഉള്ള കരുതലിൽ സംസ്ഥാന നേതൃത്വം. 13 മുതൽ 14 വരെ കോഴിക്കോട് ചേരുന്ന വിശാല സംസ്ഥാന കമ്മിറ്റി യോഗത്തിൽ 307 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. യോഗത്തിൽ അവതരിപ്പിക്കുന്ന രേഖയിൽ നിയമസഭാ തിരഞ്ഞെടുപിലെഉൾക്കൊള്ളുന്ന ചില കാരണങ്ങൾ കൂടി കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേർന്ന സംസ്ഥാന സമിതി യോഗം ഉൾപ്പെടുത്തിയിരുന്നു. കേരളത്തിൽ നിന്നുളള പിബി അംഗങ്ങളായ എം.എ.ബേബി, പിണറായി വിജയൻ, എം.വി.ഗോവിന്ദൻ, എ.വിജയരാഘവൻ എന്നിവർക്കു പുറമേ കെ.ബാലകൃഷ്ണൻ, ബി.വി.രാഘവുലു, അശോക് ധാവ്ളെ, വിജു കൃഷ്ണൻ, യു.വാസുകി എന്നീ അഞ്ച് പിബി അംഗങ്ങൾ കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫിസിലെ എകെജി ഓഡിറ്റോറിയത്തിൽ നടക്കുന്ന വിശാല സംസ്ഥാന സമിതിയിൽ നിരീക്ഷകരായി പങ്കെടുക്കും.

കേരളത്തിലെ കേന്ദ്ര കമ്മിറ്റി അംഗങ്ങൾ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾ, സംസ്ഥാന സമിതി അംഗങ്ങൾ, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾ, വർഗ ബഹുജന സംഘടനാ ഭാരവാഹികൾ എന്നിവരാകും വിശാല സംസ്ഥാന സമിതി യോഗത്തിൽ പങ്കെടുക്കുക. മകൾ ടി.വീണയുമായി ബന്ധപ്പെട്ട സിഎംആർഎൽ -എക്സാലോജിക് ഇടപാട് കേസിൽ പിണറായി വിജയനെതിരെ അന്വേഷണത്തിന് ശുപാർശ ചെയ്ത് സംസ്ഥാന ഡിജിപിക്ക് എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) കത്തു നൽകിയ പശ്ചാത്തലത്തിൽ വിശാല സംസ്ഥാന കമ്മിറ്റിയിൽ അക്കാര്യത്തിലും ചർച്ച ഉണ്ടാകുമോ എന്നത് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന വിഷയമാണ്.
