
സിവിൽ സർവീസ് പരീക്ഷയിൽ പൊരുതി നേടി ശാരിക
- സെറിബ്രൽ പാൾസിയോട് പൊരുതി നേടിയത് 922-ാം റാങ്ക്
കൊയിലാണ്ടി:സിവിൽ സർവീസ് പരീക്ഷയിൽ കീഴരിയൂരുകാരി എ.കെ. ശാരിക നേടിയ 922-ാം റാങ്കിന് തിളക്കം കൂടും.സെറിബ്രൽ പാൾസിയോട് പൊരുതിയാണ് ശാരിക തന്റെ സിവിൽ സർവീസെന്ന സ്വപ്നദൂരത്തിലേക്ക് എത്തിയത്. രണ്ടാമത്തെ ശ്രമത്തിലാണ് ഈ അതുല്യ നേട്ടം ശാരിക നേടിയത്.
ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് സൗജന്യ സിവിൽ സർവീസ് പരിശീലനം നൽകാൻ അബ്സൊല്യൂട്ട് ഐഎഎസ് അക്കാദമിയുടെ സ്ഥാപകനും എഴുത്തുകാരനുമായ ഡോ. ജോബിൻ എസ്. കൊട്ടാരം തുടങ്ങിയ ‘പ്രൊജക്ട് ചിത്രശലഭം’ എന്ന പരിശീലനപദ്ധതിയിൽ പഠിക്കാൻ തിരഞ്ഞെടുക്കപ്പെട്ടതാണ് ശാരികയുടെ സ്വപ്നങ്ങൾക്ക് ചിറകായത്.
കീഴരിയൂർ എരമ്മൻകണ്ടി ശശിയുടെയും രാഗിയുടെയും മകളാണ് ശാരിക. ജന്മനാ സെറിബ്രൽ പാൾസി ബാധിതയായ ശാരിക വീൽചെയറിലിരുന്നാണ് മിന്നും നേട്ടം നേടിയെടുത്തത്. കൂടാതെ ഇടത് കൈയുടെ മൂന്ന് വിരലുകൾമാത്രം ചലിപ്പിക്കാനാവുന്ന ശാരിക പരസഹായമില്ലാതെയാണ് പരീക്ഷ എഴുതിയത്.
തിരുവനന്തപുരത്തെ കേന്ദ്രത്തിൽ നേരിട്ടും ഓൺലൈനായിട്ടുമായിരുന്നു പരിശീലനം നേടിയത് . കീഴരിയൂർ കണ്ണോത്ത് യുപി സ്‌കൂൾ, മേപ്പയ്യൂർ ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. കൊയിലാണ്ടി എസ്എൻഡിപി കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദമെടുത്തു. തൻ്റെ വിജയത്തിന് കാരണം അമ്മയാണെന്ന് ശാരിക പറയുന്നു. ശാരികയുടെ സഹോദരി ദേവിക മേപ്പ യ്യൂർ എച്ച്എസ്എസ്സിലെ പ്ലസ് വൺ വിദ്യാർഥിനിയാണ്. അച്ഛൻ ശശി ഖത്തറിൽ ജോലി ചെയ്യുന്നു.