
സി.പി.എം. വിളിച്ചുചേർത്ത വിശാല സംസ്ഥാനസമിതി യോഗത്തിൽ ചർച്ചകൾക്ക് നിയന്ത്രണം
- സാങ്കേതികത്വത്തിന്റെ പേരിലാണെങ്കിലും സെക്രട്ടറി അവതരിപ്പിക്കുന്ന റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ സംസ്ഥാനസമിതി അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല.
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ,
തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത വിശാല സംസ്ഥാനസമിതി യോഗത്തിൽ ചർച്ചകൾക്ക് നിയന്ത്രണം. സാങ്കേതികത്വത്തിന്റെ പേരിലാണെങ്കിലും സെക്രട്ടറി അവതരിപ്പിക്കുന്ന റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ സംസ്ഥാനസമിതി അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല. പ്രതിനിധികളായ ജില്ലാസെക്രട്ടേറിയറ്റ് അംഗങ്ങളും വർഗബഹുജന സംഘടനകളുടെ ഭാരവാഹികളും മാത്രമാണ്
ചർച്ചയിലുണ്ടാകുക. പാർട്ടിയിൽ അടിമുടി മാറ്റംവേണമെന്നു നിലപാടുള്ളവരാണ് സംസ്ഥാനസമിതിയിൽ ഭൂരിപക്ഷവും. ചർച്ചയിൽ ഈ നിലപാടിന് മുൻതൂക്കംലഭിച്ചാലേ അഴിച്ചുപണിക്കു സാധ്യതയുള്ളൂ പ്രതിപക്ഷനേതാവ് പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ഉൾപ്പെടെയുള്ള നേതൃത്വം മാറണമെന്നാണ് ഈ വിഭാഗത്തിന്റെ ഉന്നം. അത് പ്രതീക്ഷിച്ചുള്ള പ്രതിരോധമാണ് ചർച്ചാനിയന്ത്രണം. യോഗത്തിൽ അവതരിപ്പിക്കേണ്ട റിപ്പോർട്ട് സംസ്ഥാന സെക്രട്ടേറിയറ്റാണ് തയ്യാറാക്കിയത്. ഇതിന് അംഗീകാരം നൽകാൻ സംസ്ഥാനസമിതി യോഗം ചേർന്നിരുന്നു. സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ചൂണ്ടിക്കാട്ടിയ തിരുത്തൽകൂടി വരുത്തിയാണ് റിപ്പോർട്ട് അന്തിമമാക്കിയത്.

ഇതോടെ, റിപ്പോർട്ട്, സംസ്ഥാനകമ്മിറ്റിയുടെ റിപ്പോർട്ടായിമാറി. ഒരു ഘടകം അംഗീകരിച്ച റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അതേ ഘടകത്തിലുള്ളവർ മറ്റൊരുയോഗത്തിൽ അഭിപ്രായംപറയുന്ന രീതി സി.പി.എമ്മിനില്ല. ഇതാണ്, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ചർച്ചയിൽനിന്ന് പുറത്താകാൻ കാരണമായത്.
