സ്നേഹത്തണലൊരുക്കി വിദ്യാലയം

സ്നേഹത്തണലൊരുക്കി വിദ്യാലയം

  • പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് വീടും സ്ഥലവും കുടുംബത്തിന് കൈമാറും

കൊയിലാണ്ടി :ഗവ: എച്ച് എസ് എസ് പന്തലായനിയിലെ എല്ലാ പൊതുപരിപാടികളിലും സജീവമായി പങ്കെടുത്തിരുന്ന രണ്ട് രക്ഷിതാക്കൾ വിദ്യാലയത്തിലെ ആദ്യ എസ് പി സി കേഡറ്റായ അവരുടെ മകൾ പഠനത്തിലും വളരെ മുൻപന്തിയിലായിരുന്നു. മകൾ പത്താം തരത്തിൽ എത്തിയതോടെയാണ് രക്ഷിതാക്കളുടെ വിദ്യാലയ സന്ദർശനം തീരെയില്ലാതെയായത്. മകളോട് കാര്യം അന്വേഷിച്ചറിഞ്ഞ ക്ലാസ് അധ്യാപകനാണ് സ്റ്റാഫ് മീറ്റിംഗിൽ കുട്ടിയുടെ അച്ഛൻ്റെ കാഴ്ച നഷ്ടപ്പെട്ട ദു:ഖകരമായ കാര്യം അവതരിപ്പിച്ചത്.കുടുംബത്തെ കുറിച്ച് കൂടുതൽ കാര്യം അന്വേഷിച്ചപ്പോൾ അവർക്ക് സ്വന്തമായി ഭൂമിയോ വീടോ ഇല്ലെന്ന് മനസ്സിലായത്. കാഴ്ച നഷ്ടപ്പെട്ട രക്ഷിതാവിന് ബേക്കറി ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യത്തിൽ കുട്ടിയുടെ പഠനം മുടങ്ങാതിരിക്കാൻ ആവശ്യമായ കാര്യങ്ങൾ അധ്യാപകർ ചെയ്തു നൽകി.അക്കാദമിക പ്രവർത്തനങ്ങളിലെ മികവ് എന്ന പോലെ സാമൂഹ്യ പ്രവർത്തനങ്ങൾക്കും വളരെയെറെ മുൻതൂക്കം നൽകുന്ന വിദ്യാലയമെന്ന നിലയിൽ ആ കുടുംബത്തെ സഹായിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്വമാണെന്ന് വിദ്യാലയം തിരിച്ചറിഞ്ഞു.

മുമ്പും ഇത്തരത്തിലുള്ള സ്നേഹഭവനങ്ങൾ നിർമ്മിച്ചു നൽകിയതിൻ്റെ കരുത്തിൽ അന്നത്തെ പിടിഎ പ്രസിഡണ്ടായിരുന്ന സുരേഷ് ബാബുവിൻ്റെ നേതൃത്വത്തിൽ സ്നേഹഭവനം നിർമ്മിക്കാൻ തീരുമാനിച്ചു. അധ്യാപകരുടെയും രക്ഷിതാക്കളുടെയും അകമഴിഞ്ഞ പിന്തുണയിൽ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു. പുതിയ പി ടി എ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട പി. എം. ബിജുവിൻ്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ സജീവമായി മുന്നോട്ട് നീങ്ങി.ഭൂമി വാങ്ങി വീട് വെയ്ക്കുക എന്നത് വലിയ കടമ്പയായി മുന്നിൽ നിൽക്കുമ്പോഴാണ് പുളിയഞ്ചേരി വലിയാട്ടിൽ ബാലകൃഷ്ണൻ എന്ന വലിയ മനുഷ്യൻ മൂന്നര സെൻ്റ് ഭൂമി സൗജന്യമായി നൽകിയത്. മൂടാടി പഞ്ചായത്ത് പ്രസിഡണ്ട് സി കെ ശ്രീകുമാറിൻ്റെ അധ്യക്ഷതയിൽ പിടിഎ ഭാരവാഹികളും അധ്യാപകരും നാട്ടുകാരും ചേർന്ന് സ്വാഗത സംഘം രൂപീകരിച്ചതോടെ നിർമ്മാണ പ്രവർത്തനങ്ങൾ ശരവേഗതയിൽ മുന്നോട്ട് കുതിച്ചു.
നിർമ്മാണ സാമഗ്രികൾ സൗജന്യമായി തന്ന് സഹായിച്ച കച്ചവടക്കാർ, വേതനം ഉപേക്ഷിച്ച് നിർമ്മാണ പ്രവർത്തനങ്ങളിൽ കഠിനാധ്വാനം ചെയ്ത നാട്ടുകാർ, സാമ്പത്തികമായും മറ്റും സഹായിച്ച വിവിധ മേഖലയിലുള്ളവർ തുടങ്ങി എല്ലാവരും ഒരൊറ്റ ലക്ഷ്യത്തിനായി കൈകോർത്തപ്പോൾ സ്നേഹഭവനം പൂവണിഞ്ഞു.


ഡിസംബർ 12 വ്യാഴാഴ്ച വൈകുന്നേരം മൂന്നു മണിക്ക് സ്നേഹഭവനം താമസത്തിന്നായി തുറന്നുകൊടുക്കുകയാണ്. കാനത്തിൽ ജമീല എം എൽ എ അധ്യക്ഷയാകുന്ന ചടങ്ങിൽ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് വീടും സ്ഥലവും കുടുംബത്തിന് കൈമാറും. ഉദ്ഘാടനത്തിന് ശേഷം ജി.എച്ച് എസ് എസ് പന്തലായനിയിലെ കുട്ടികൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ ഉണ്ടായിരിക്കും
വാർത്താ സമ്മേളനത്തിൽ കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട്,
പിടിഎ പ്രസിഡണ്ട് പി.എം ബിജു, മൂടാടി ഗ്രാമപഞ്ചായത്ത് മെമ്പർ ലത, പിടിഎ വൈസ് പ്രസിഡണ്ട് പ്രമോദ് രാരോത്ത്, പ്രിൻസിപ്പാൾ എപി പ്രബീത്, ഹെഡ് മിസ്ട്രസ്സ് സഫിയ സി.പി, സ്റ്റാഫ് സെക്രട്ടറി ബാജിത്ത് സി.വി എന്നിവർ പങ്കെടുത്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )