
സ്വകാര്യ ഭാഗത്ത് മെൻസ്ട്രൽ കപ്പിൽ എംഡിഎംഎ ; പ്രതികൾ പിടിയിൽ
- ഹോംനേഴ്സ് അമ്പലപ്പുഴ പുതവുൽ കോമനവീട്ടിൽ എസ്. സരിത (39), ഇന്റീരിയർ ഡെക്കറേഷൻ തൊഴിലാളി ആലപ്പുഴ തൃക്കുന്നപ്പുഴ കോട്ടേമുറി പാണ്ടികശാലയിൽ വീട്ടിൽ മുഹമ്മദ് ഷാഫി (29) എന്നിവരാണ് പിടിയിലായത്.
കൊച്ചി: ബംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് കടത്തിയ 94.032 ഗ്രാം എം.ഡി.എം.എയുമായി യുവതിയും കാമുകനും എക്സൈസിന്റെ പിടിയിലായി. എറണാകുളം സൗത്തിലെ ലോഡ്ജിൽ നിന്ന് ബുധനാഴ്ച രാത്രിയാണ് 65.27 ഗ്രാം രാസലഹരിയുമായി കാമുകനെ പിടികൂടിയത്. ബാക്കി 28.76 ഗ്രാം രാസലഹരി ആലപ്പുഴയിലെ വീട്ടിൽ ഭദ്രമായി ഒളിപ്പിച്ച് തിരിച്ചെത്തിയപ്പോഴാണ് യുവതി അറസ്റ്റിലായത്. ഇതോടെ നാല് കൊല്ലത്തെ ‘കൂട്ടുകച്ചവട’ത്തിന് എക്സൈസ് കൂച്ചുവിലങ്ങിട്ടു.ഹോംനേഴ്സ് അമ്പലപ്പുഴ പുതവുൽ കോമനവീട്ടിൽ എസ്. സരിത (39), ഇന്റീരിയർ ഡെക്കറേഷൻ തൊഴിലാളി ആലപ്പുഴ തൃക്കുന്നപ്പുഴ കോട്ടേമുറി പാണ്ടികശാലയിൽ വീട്ടിൽ മുഹമ്മദ് ഷാഫി (29) എന്നിവരാണ് പിടിയിലായത്. വിവാഹമോചിതയായ സരിതയും മുഹമ്മദ് ഷാഫിയും നാലു കൊല്ലമായി അടുപ്പത്തിലാണ്. ആലപ്പുഴയിലും രണ്ട് മയക്കുമരുന്നു കേസുകളിൽ പ്രതിയാണ് മുഹമ്മദ് ഷാഫി.ബെംഗളൂരുവിൽ നിന്നും വൻതോതിൽ ലഹരിവസ്തുക്കൾ വാങ്ങി എറണാകുളത്തെയും ആലപ്പുഴയിലെയും വിവിധ ലോഡ്ജുകളിൽ മുറിയെടുത്ത് വിൽപന നടത്തുകയായിരുന്നു ഇവരുടെ പതിവ്.

മെൻസ്ട്രൽ കപ്പിൽ എംഡിഎംഎ നിറച്ച് ഒരു ഭാഗം പശവച്ച് അടച്ച ശേഷം സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച് കടത്തുന്ന അതീവ രഹസ്യമായ രീതിയായിരുന്നു സരിതയുടേത്. ബെംഗളുരുവിൽ നിന്ന് ബസിൽ വരുന്ന വഴി കണ്ണൂർ ഇരിട്ടിയിൽ വെച്ച് എക്സൈസ് പരിശോധന നടത്തിയിരുന്നെങ്കിലും, സരിതയുടെ ഈ ഒളിപ്പിക്കൽ രീതി കാരണം അന്ന് ലഹരിമരുന്ന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ഇരുവരും എക്സൈസിന്റെ കൃത്യമായ നിരീക്ഷണത്തിലായിരുന്നു.ഇവരിൽ നിന്ന് വിപണിയിൽ ലക്ഷക്കണക്കിന് രൂപ വിലവരുന്ന മൊത്തം 94.032 ഗ്രാം എംഡിഎംഎയും, മൊബൈൽ ഫോണും, ലഹരി വിൽപനയിലൂടെ ലഭിച്ച 17,770 രൂപയും എക്സൈസ് പിടിച്ചെടുത്തു. എറണാകുളം സൗത്തിലെ ലോഡ്ജിൽ നിന്ന് 65.27 ഗ്രാം എംഡിഎംഎയുമായി മുഹമ്മദ് ഷാഫിയെയാണ് ആദ്യം കസ്റ്റഡിയിലെടുത്തത്. ഈ സമയം ആലപ്പുഴയിൽ ലഹരി വിൽക്കാൻ പോയിരുന്ന സരിതയെ രാത്രി എറണാകുളത്ത് തിരിച്ചെത്തിയപ്പോൾ എക്സൈസ് സംഘം പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ആലപ്പുഴയിലെ ഒരു വീട്ടിൽ സൂക്ഷിച്ചിരുന്ന 28.76 ഗ്രാം എംഡിഎംഎ കൂടി കണ്ടെടുത്തു. ഗ്രാമിന് 4,000 രൂപ നിരക്കിലാണ് ഇവർ ലഹരി വിറ്റിരുന്നത്.
