
ലൈഫ് 2023 -24 ; ജില്ലാതല അവാർഡ് കൊയിലാണ്ടി നഗരസഭയ്ക്ക്
- ഭവനങ്ങളുടെ പൂർത്തീകരണത്തിനും പൂർത്തീകരണത്തിന് ആവശ്യമായ പ്രവർത്തനങ്ങൾക്കുമാണ് അവാർഡ്
കോഴിക്കോട് :ലൈഫ് സമ്പൂർണ്ണ പാർപ്പിട പദ്ധതി 2023 _24 സാമ്പത്തിക വർഷം വരെ ജില്ലയിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ച നഗരസഭയ്ക്കുള്ള ജില്ലാതല അവാർഡിന് കൊയിലാണ്ടി നഗരസഭ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ലൈഫ് ഫേസ് 1, ഫേസ് 2 ഘട്ടങ്ങളിലുള്ള ഭവനങ്ങളുടെ പൂർത്തീകരണത്തിനും പൂർത്തീകരണത്തിന് ആവശ്യമായ പ്രവർത്തനങ്ങൾക്കുമാണ് അവാർഡ് ലഭിച്ചത്.

ഗുണഭോക്തൃ സംഗമങ്ങൾ കുടുംബാംഗങ്ങൾക്കായുള്ള ചിത്രരചന,ഉപന്യാസം മത്സരങ്ങൾ എന്നിവ സംഘടിപ്പിച്ചു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളുടെ വീട് പൂർത്തീകരണത്തിനായി വാർഡ് തല സമിതികൾ രൂപീകരിച്ച് കൂടുതൽ സാമ്പത്തിക സഹായങ്ങൾ നൽകുന്നതിന് സാധിച്ചു. നഗരസഭയുടെ മറ്റു പദ്ധതികളിൽ സംയോജനം നടത്തി കൂടുതൽ ഫണ്ടുകൾ ലഭ്യമാക്കുകയും ചെയ്തു.കുടുംബശ്രീ അയൽക്കൂട്ടങ്ങൾ, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി,പട്ടികജാതി ഗുണഭോക്തൃകള്ക്കായി വയറിങ്ങിനുള്ള പദ്ധതി, നഗര ഉപജീവന മിഷൻ എന്നിവയുമായി സംയോജിപ്പിച്ചു കൊണ്ട് ഗുണഭോക്താക്കൾക്ക് കൂടുതൽ ഫണ്ടുകൾ ലഭ്യമാക്കി.

ലൈഫ് ഫേസ് 1, ഫേസ് 2 ഘട്ടങ്ങളിലായി 1522 ഗുണഭോക്താക്കളിൽ 1150 കുടുംബങ്ങൾക്ക് വീട് പൂർത്തീകരിക്കാൻ സാധിച്ചു. 23ന് മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് മെമ്മോറിയൽ ജൂബിലി ഹാളിൽ വച്ച് നടന്ന മികച്ച തദ്ദേശ സ്ഥാപനങ്ങളെ ആദരിക്കുന്ന ചടങ്ങിൽ വച്ച് ബഹു. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. മുഹമ്മദ് റിയാസ് അവർകളിൽ നിന്നും ബഹു.നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പട്ട് അവാർഡ് ഏറ്റുവാങ്ങി. ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ഷിജു ആസൂത്രണസമിതി വൈസ് ചെയർമാൻ എ സുധാകരൻ, ലൈഫ് കോർഡിനേറ്റർ രചന വി ആർ എന്നിവർ പങ്കെടുത്തു.