
മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു
- രണ്ടും മൂന്നും മണിക്കൂറുകളെടുത്താണ് പലർക്കും ചുരംപാത താണ്ടാനായത്.
താമരശ്ശേരി : മരത്തടി കയറ്റി വരികയായിരുന്ന
ലോറി ചുരമിറങ്ങവേ നിയന്ത്രണംവിട്ട് റോഡിലേക്ക് മറിഞ്ഞും ഇരുമ്പുകമ്പികളുമായി വരികയായിരുന്ന പതിനാറുചക്ര ലോറി ചക്രങ്ങൾതകർന്ന് വളവിൽകുടുങ്ങിയും താമരശ്ശേരി ചുരത്തിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ബുധനാഴ്ചരാത്രി തുടങ്ങിയ ഗതാഗതതടസ്സത്തിന് വ്യാഴാഴ്ച വൈകീട്ടോടെ മാത്രമാണ് അൽപം ശമനമുണ്ടായത്. ബുധനാഴ്‌ച അർധരാത്രി മുതൽ പുലർച്ചെ രണ്ടുമണിവരെ ഇരുചക്രവാഹനങ്ങളൊഴികെയുള്ള വാഹനങ്ങൾക്കൊന്നും കടന്നുപോവാനാവാത്ത വിധത്തിൽ ചുരത്തിൽ ഗതാഗതം സ്തംഭിച്ചു. രണ്ട് മണിയ്ക്കുശേഷം കാറുകളും ഇടത്തരം വാഹനങ്ങളും കടന്നുപോയെങ്കിലും പുലർച്ചെ നാലരയ്ക്ക് ശേഷം മാത്രമാണ് ചുരത്തിൽക്കുടുങ്ങിയ വലിയ വാഹനങ്ങൾക്ക് പോകാനായത്. കുരുക്ക് അഴിക്കാൻ അടിവാരത്ത് പോലീസ് തടഞ്ഞിട്ട ലോറികൾ ഉൾപ്പെടെയുള്ള ഭാരവാഹനങ്ങളാവട്ടെ രാവിലെ ഏഴു മണിയോടെയാണ് ചുരത്തിലേക്ക് കടത്തിവിട്ടത്. രണ്ടും മൂന്നും മണിക്കൂറുകളെടുത്താണ് പലർക്കും ചുരംപാത താണ്ടാനായത്.