
സ്ഥാനാർഥി പട്ടികയ്ക്ക് അന്തിമരൂപം നൽകാൻ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചേരും
- തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഒരു മണിക്കൂറിനുള്ളിൽ സ്ഥാനാർഥിപട്ടിക പുറത്തിറക്കാനാണ് സിപിഐഎമ്മിൻ്റെ തീരുമാനം.
തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പട്ടികയ്ക്ക് അന്തിമരൂപം നൽകാൻ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചേരും. ജില്ലാ കമ്മിറ്റികളുടെയും മണ്ഡലം കമ്മിറ്റികളുടെയും നിർദേശങ്ങൾ അടങ്ങുന്ന പട്ടികയാണ് സംസ്ഥാന സെക്രട്ടേറിയറ്റ് പരിഗണിക്കുക. ചുരുക്കം ചില മണ്ഡലങ്ങളിലെങ്കിലും നേരത്തെ ആലോചിച്ച സ്ഥാനാർഥികൾ മാറിയേക്കുമെന്നാണ് സൂചന. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഒരു മണിക്കൂറിനുള്ളിൽ സ്ഥാനാർഥിപട്ടിക പുറത്തിറക്കാനാണ് സിപിഐഎമ്മിൻ്റെ തീരുമാനം.

പ്രകടനപത്രിക പ്രസിദ്ധീകരിക്കാനുള്ള ഇടതുമുന്നണി യോഗത്തിൻ്റെ തീയതിയും ഇന്നു നിശ്ചയിക്കും.അതേസമയം, രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക തയ്യാറാക്കുന്നതിന് കോൺഗ്രസിന്റെ സ്ക്രീനിങ് കമ്മിറ്റി ഇന്ന് വീണ്ടും യോഗം ചേരും. സിറ്റിംഗ് എംഎൽഎമാർ അടക്കം ഏറ്റവും വിജയസാധ്യതയുള്ള 31 സ്ഥാനാർഥികളുടെ ആദ്യ പട്ടിക നേരത്തെ അംഗീകരിച്ചിരുന്നു. തിങ്കളാഴ്ച വീണ്ടും കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി ചേർന്നേക്കും. ഭൂരിഭാഗം സീറ്റുകളിലും തിങ്കളാഴ്ചയോടെ തീരുമാനം ഉണ്ടാകും.
