
ദുബായ് റോഡുകളിൽ ഇനി കളി നടക്കില്ല ; ഡെലിവറി ബൈക്കുകൾക്ക് വേഗത കുറക്കാൻ പോലീസ്, നടപടി ശക്തം
- ആറുവരി പാതകളിൽ അവസാന രണ്ട് വരികളിൽ മാത്രമേ ബൈക്കുകൾക്ക് പ്രവേശനമുള്ളൂവെങ്കിലും പലപ്പോഴും റൈഡർമാർ ഇത് ലംഘിക്കുന്നുണ്ട്.
ദുബായ്: അതിവേഗത്തിൽ സാധനങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ ഡെലിവറി റൈഡർമാർ നടത്തുന്ന മരണപ്പാച്ചിൽ ദുബായ് റോഡുകളിൽ വൻ ഭീതിയുണർത്തുന്നു. കഴിഞ്ഞ വർഷം മാത്രം ഡെലിവറി ബൈക്കുകൾ ഉൾപ്പെട്ട 80,000 ഗതാഗത നിയമലംഘനങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഹൈവേകളിൽ വലിയ വാഹനങ്ങളുടെ ബ്ലൈൻഡ് സ്പോട്ടുകളിൽ നിന്ന് പെട്ടെന്ന് പ്രത്യക്ഷപ്പെടുന്ന ബൈക്കുകൾ മറ്റു ഡ്രൈവർമാരുടെ നിയന്ത്രണം തെറ്റിക്കുന്നതും അപകടങ്ങൾ വർദ്ധിപ്പിക്കുന്നുണ്ട്.
ആറുവരി പാതകളിൽ അവസാന രണ്ട് വരികളിൽ മാത്രമേ ബൈക്കുകൾക്ക് പ്രവേശനമുള്ളൂവെങ്കിലും പലപ്പോഴും റൈഡർമാർ ഇത് ലംഘിക്കുന്നുണ്ട്. നിയമലംഘനം നടത്തുന്ന ഇരുചക്രവാഹന ഡ്രൈവർമാർക്ക് ആദ്യഘട്ടത്തിൽ 500 ദിർഹമാണ് പിഴ.രണ്ടാമതും നിയമം ലംഘിച്ചാൽ 700 ദിർഹവും മൂന്നാം തവണ ലൈസൻസ് റദ്ദാക്കുന്നതുമുൾപ്പെടെയുള്ള കർശന ശിക്ഷകളുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അമിതവേഗതയിൽ പായുന്നവർക്ക് 200 മുതൽ 400 ദിർഹം വരെ പിഴ ചുമത്തും.
