
ഇരുവഴിഞ്ഞി പുഴയിൽ കുളിക്കാനിറങ്ങിയ കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർക്ക് നീർ നായയുടെ കടിയേറ്റു
- കരിമ്പ് ഉന്നതിയിൽ താമസിക്കുന്ന ഖദീജ, കഞ്ഞിരമുഴി മുളംതോട്ടത്തിൽ അനീഷിന്റെ മകൻ ആദിദേവ്(15), കരിമ്പ് ഉന്നതിയിലെ ബന്ധുവീട്ടിൽ എത്തിയ കാരശ്ശേരി പഞ്ചായത്തിലെ ഏടലമ്പാട്ട് സ്വദേശി ഫിദൽ അഹമ്മദ്(9) എന്നിവർക്കാണ് പരിക്കേറ്റത്.
കോഴിക്കോട്: മുക്കം നഗരസഭയിലെ ഇരുവഴിഞ്ഞി പുഴയിൽ കുളിക്കാനിറങ്ങിയ കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർക്ക് നീർ നായയുടെ കടിയേറ്റു. മുക്കം പെരുമ്പടപ്പ് കരിമ്പ് ഉന്നതിയിൽ താമസിക്കുന്ന ഖദീജ, കഞ്ഞിരമുഴി മുളംതോട്ടത്തിൽ അനീഷിന്റെ മകൻ ആദിദേവ്(15), കരിമ്പ് ഉന്നതിയിലെ ബന്ധുവീട്ടിൽ എത്തിയ കാരശ്ശേരി പഞ്ചായത്തിലെ ഏടലമ്പാട്ട് സ്വദേശി ഫിദൽ അഹമ്മദ്(9) എന്നിവർക്കാണ് പരിക്കേറ്റത്.

പുഴയിലെ തുമ്പോണ കടവിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു ഇവർ. മൂന്ന് പേർക്കും കാലിൽ ആഴത്തിൽ മുറിവേറ്റു. ഇവരെ ആദ്യം മുക്കം സാമൂഹ്യാരോഗ്യ കേന്ദ്രത്തിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.കനത്ത വേനലിൽ ജലസ്രോതസ്സുകളെല്ലാം വറ്റിയതോടെ കരിമ്പിൽ ഉന്നതിയിൽ ഉള്ളവർക്ക് കുളിക്കാനും മറ്റ് ആവശ്യങ്ങൾക്കും ഏക ആശ്രയം ഈ പുഴയാണ്. അതേസമയം നീർ നായയുടെ സാനിധ്യം വർധിച്ചതോടെ ഇപ്പോൾ പുഴയിൽ ഇറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു.
