
തമിഴക രാഷ്ട്രീയത്തിൽ പുതിയ ചരിത്രം കുറിച്ച് വിജയ്യുടെ പാർട്ടിയായ തമിഴക വെട്രി കഴകം കരുത്തുറ്റ മുന്നേറ്റം തുടരുന്നു
- ചെന്നൈ പനയൂരിലെ വിജയയുടെ വസതിക്ക് മുന്നിൽ ആയിരക്കണക്കിന് പ്രവർത്തകരും ആരാധകരും തടിച്ചുകൂടി ആഘോഷങ്ങൾ ആരംഭിച്ചു കഴിഞ്ഞു.
ചെന്നൈ:തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ തമിഴക രാഷ്ട്രീയത്തിൽ പുതിയ ചരിത്രം കുറിച്ച് നടൻ വിജയ്യുടെ പാർട്ടിയായ തമിഴക വെടി കഴകം കരുത്തുറ്റ മുന്നേറ്റം തുടരുന്നു.
ആദ്യ ഫലസൂചനകൾ പുറത്തുവന്നതോടെ ചെന്നൈ പനയൂരിലെ വിജയയുടെ വസതിക്ക് മുന്നിൽ ആയിരക്കണക്കിന് പ്രവർത്തകരും ആരാധകരും തടിച്ചുകൂടി ആഘോഷങ്ങൾ ആരംഭിച്ചു കഴിഞ്ഞു.
വിജയ്യുടെ കുടുംബാംഗങ്ങളും സന്തോഷാതിരേകത്തിൽ നൃത്തം ചവിട്ടുകയാണ്. ബന്ധുവായ പല്ലവി വിനോദ്കുമാർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോ വൈറലായി കഴിഞ്ഞു. വിജയ്യുടെ അച്ഛൻ ചന്ദ്രശേഖറെ ചേർത്തുപിടിക്കുന്ന ബന്ധുക്കളെ വിഡിയോയിൽ കാണാം. പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തുമാണ് പ്രവർത്തകർ നടൻ്റെ രാഷ്ട്രീയ പ്രവേശനത്തിലെ ഈ വലിയ നേട്ടത്തെ വരവേൽക്കുന്നത്.

ദശാബ്ദങ്ങളായി തമിഴ്നാട് ഭരിക്കുന്ന ഡി.എം.കെ, എ.ഐ.എ.ഡി.എം.കെ എന്നീ വൻശക്തികൾക്ക് കടുത്ത വെല്ലുവിളി ഉയർത്തിക്കൊണ്ടാണ് ടി.വി.കെ പലയിടങ്ങളിലും ലീഡ് ചെയ്യുന്നത്. തിരുച്ചിറപ്പള്ളി ഈസ്റ്റ്, പെരമ്പൂർ എന്നീ മണ്ഡലങ്ങളിൽ നിന്ന് ജനവിധി തേടുന്ന വിജയ് ആദ്യ ഘട്ടത്തിൽ തന്നെ വ്യക്തമായ ഭൂരിപക്ഷം നിലനിർത്തുന്നുണ്ട്. കേവലം ഒരു സിനിമാതാരം എന്നതിലുപരി മികച്ചൊരു രാഷ്ട്രീയ ബദലായി വിജയെ തമിഴ് ജനത സ്വീകരിക്കുന്നു എന്നതിന്റെ സൂചനയാണ് കണ്ട ഈ പ്രാരംഭവിജയങ്ങൾ.
