
നീറ്റ് ചോദ്യ പേപ്പർ ചോർച്ചയിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പി.എ മുഹമ്മദ് റിയാസ്
- വൻ തുക വാങ്ങി ഗൈഡ്-കോച്ചിങ് മാഫിയകളാണ് ഈ ചോദ്യപേപ്പർ ചോർത്തി നൽകിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി
കോഴിക്കോട് :രാജ്യത്തെ ഏറ്റവും വലിയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് (NEET-UG) ചോദ്യ പേപ്പർ ചോർച്ചയിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പി.എ മുഹമ്മദ് റിയാസ്. പരീക്ഷാ നടത്തിപ്പ് പ്രഹസനമാക്കി മാറ്റിയ കേന്ദ്ര സർക്കാർ നടപടി പ്രതിഷേധാർഹമാണെന്നും വിഷയത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. പരീക്ഷയ്ക്ക് രണ്ടു ദിവസം മുൻപ് പ്രചരിച്ച ഊഹ ചോദ്യപേപ്പറിലെ 600 മാർക്കിന്റെ ചോദ്യങ്ങൾ യഥാർത്ഥ ചോദ്യപേപ്പറുമായി സാമ്യമുള്ളവയായിരുന്നു എന്നത് ഗൗരവകരമാണ്. വൻ തുക വാങ്ങി ഗൈഡ്-കോച്ചിങ് മാഫിയകളാണ് ഈ ചോദ്യപേപ്പർ ചോർത്തി നൽകിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.നീറ്റ് പരീക്ഷയുടെ സുതാര്യത നിരന്തരം ചോദ്യം ചെയ്യപ്പെടുകയാണ്. രാജ്യത്തെ എൻട്രൻസ് പരീക്ഷാ സംവിധാനങ്ങളുടെ വിശ്വാസ്യത തകരുന്നതിന്റെ പൂർണ്ണ ഉത്തരവാദിത്തം നാഷണൽ ടെസ്റ്റിങ് ഏജൻസിക്കും (എൻടിഎ) കേന്ദ്ര വിദ്യാഭ്യാസ വകുപ്പിനുമാണെന്നും അദ്ദേഹം വ്യക്തമാക്കി.
