കേരളത്തിന് പുതുയുഗപിറവിയും പുതിയ വെല്ലുവിളികളും

കേരളത്തിന് പുതുയുഗപിറവിയും പുതിയ വെല്ലുവിളികളും

  • നെല്ലിയോട്ട് ബഷീർ

ഇന്ന് പ്രസ്ഥാനത്തെ ഹൃദയത്തിലേറ്റിയ പ്രവർത്തകർക്കും ജനകീയ ഭരണം ആഗ്രഹിക്കുന്നവർക്കും ഏറ്റവും അഭിമാനകരമായ ദിനമായിരുന്നു.നവചരിത്ര നിർമ്മാണത്തിനും കേരളത്തിന്റെ പുതുയുഗ മുന്നേറ്റത്തിനും തുടക്കം കുറിച്ചുകൊണ്ട് ടീം യുഡിഎഫ് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരിക്കുന്നു. യുഡിഎഫ് പ്രവർത്തകർക്ക് ഏറെ അഭിമാനവും സന്തോഷവും നൽകുന്ന ഈ ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ സാധിച്ചപ്പോൾ ഒരു നമോന്മേഷമാണ് അനുഭവപ്പെട്ടത്.ഒരു ജനസഞ്ചയത്തിന്റെ ചിരകാല അഭിലാഷം സാക്ഷാൽക്കരിച്ചിരിക്കയാണ്.

കേരള രാഷ്ട്രീയത്തിൽ ഓരോ അധികാരമാറ്റവും ഒരു ഭരണപരമായ കൈമാറ്റം മാത്രമല്ല; അത് ജനങ്ങളുടെ പ്രതീക്ഷകളുടെ പുനർജന്മവുമാണ്. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം രൂപംകൊള്ളുന്ന പുതിയ സർക്കാർ,പ്രത്യേകിച്ച് മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിയ വി ഡി സതീശൻ നയിക്കുന്ന ഭരണകൂടം, ചരിത്രപരമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകാൻ പോകുന്നത്.പത്ത് വർഷത്തെ ഭരണത്തിനുശേഷം ജനങ്ങൾ നൽകിയ മാറ്റത്തിന്റെ വിധി വെറും രാഷ്ട്രീയ ജയമല്ല; അതൊരു ഉത്തരവാദിത്വത്തിന്റെ പരീക്ഷണമാണ്.

കേരളം ഇന്ന് സാമൂഹിക വികസന സൂചികകളിൽ ഇന്ത്യക്ക് മാതൃകയായിരിക്കുമ്പോഴും,സാമ്പത്തിക പ്രതിസന്ധി, തൊഴിലില്ലായ്മ, കുടിയേറ്റം,കാലാവസ്ഥാ ദുരന്തങ്ങൾ, ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലെ സമ്മർദ്ദം, അടിസ്ഥാന സൗകര്യ വികസനത്തിലെ അസമത്വം തുടങ്ങിയ അനവധി വെല്ലുവിളികളോട് പൊരുതി ജീവിക്കേണ്ട അവസ്ഥയാണ്.പുതിയ സർക്കാരിന്റെ വിജയം വാഗ്ദാനങ്ങളിൽ മാത്രമല്ല,മറിച്ച് പ്രായോഗിക തീരുമാനങ്ങളിലും ഭരണ കാര്യക്ഷമതയിലുമാകും അളക്കപ്പെടുക എന്നത് തീർച്ചയാണ്.ഏറ്റവും വലിയ വെല്ലുവിളി സാമ്പത്തിക മേഖലയിലാണ്. കടബാധ്യത ഉയരുകയും വരുമാന സ്രോതസ്സുകൾ പരിമിതപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ ക്ഷേമപദ്ധതികൾ തുടരുക എന്നത് എളുപ്പമുള്ള കാര്യമല്ല. കേരള വികസന റിപ്പോർട്ടുകൾ സംസ്ഥാനത്തിന്റെ ധനകാര്യാവസ്ഥയെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നുണ്ട്.
സാമൂഹിക സുരക്ഷാ പെൻഷൻ,സൗജന്യ ചികിത്സ,വിദ്യാഭ്യാസ പിന്തുണ തുടങ്ങിയ ക്ഷേമപദ്ധതികൾ കേരളത്തിന്റെ ആത്മാവാണ്.എന്നാൽ അതേ സമയം സർക്കാർ വരുമാനം വർധിപ്പിക്കാതെയുള്ള ചെലവുകൾ ഭാവിയിൽ ഗുരുതര സാമ്പത്തിക സമ്മർദ്ദമാകാൻ സാധ്യതയുണ്ട്. അതിനാൽ പുതിയ സർക്കാർ ആദ്യം ചെയ്യേണ്ടത് “വരുമാനം സൃഷ്ടിക്കുന്ന വികസനം” എന്ന ആശയം പ്രായോഗികമാക്കുകയാണ്.അതോടൊപ്പം സർക്കാർ മുന്നോട്ടു വെച്ച ലാളിത്യവും ശ്ലോകനീയമാണ്.

കേരളത്തിൽ വ്യവസായ നിക്ഷേപങ്ങൾ ഇപ്പോഴും മതിയായ തോതിൽ എത്തുന്നില്ല.ഭൂമി ലഭ്യത, നിയമപരമായ സങ്കീർണതകൾ, ലൈസൻസ് നടപടികളുടെ കാലതാമസം, രാഷ്ട്രീയ-തൊഴിലാളി സംഘർഷങ്ങൾ എന്നിവ നിക്ഷേപകരെ പിന്തിരിപ്പിക്കുന്ന പ്രധാന കാരണങ്ങളാണ്.ഈ സാഹചര്യത്തിൽ സർക്കാർ “ബിസിനസ് ചെയ്യുന്നതിനുള്ള എളുപ്പം” എന്നത് മുദ്രാവാക്യമായി മാത്രം കാണാതെ, യാഥാർത്ഥ്യത്തിലേക്ക് കൊണ്ടുവരണം.ഒരു സംരംഭം തുടങ്ങാൻ മാസങ്ങൾ വേണ്ട അവസ്ഥ മാറി ദിവസങ്ങൾ മതി എന്ന നിലയിലേക്ക് എത്തേണ്ടിയിരിക്കുന്നു.

കേരളത്തിലെ യുവജനങ്ങളുടെ വലിയൊരു വിഭാഗം ഇന്നും ഗൾഫ് രാജ്യങ്ങളിലേക്കോ മറ്റ് സംസ്ഥാനങ്ങളിലേക്കോ തൊഴിൽ തേടി പോകുകയാണ്. വിദ്യാഭ്യാസ നിലവാരം ഉയർന്നിട്ടും തൊഴിലവസരങ്ങൾ കുറവായതിനാൽ “വിദ്യാഭ്യാസവും തൊഴിലും തമ്മിലുള്ള അന്തരം” ഗുരുതര പ്രശ്നമായി തുടരുന്നു.അതിനാൽ പുതിയ സർക്കാർ സ്റ്റാർട്ടപ്പുകൾ,ഐ.ടി., ആർട്ടിഫിഷ്യൽ ഇന്റലിജൻസ്,ഗ്രീൻ ടെക്നോളജി,കാർഷിക സംരംഭങ്ങൾ എന്നിവയിൽ വലിയ നിക്ഷേപ അന്തരീക്ഷം സൃഷ്ടിക്കേണ്ടിയിരിക്കുന്നു.യുവാക്കൾക്ക് സർക്കാർ ജോലി മാത്രമല്ല,സ്വകാര്യ മേഖലയിലും ഗുണമേൻമയുള്ള തൊഴിൽ ലഭ്യമാകുന്ന രീതിയിൽ സമ്പദ്‌വ്യവസ്ഥയെ പുനസംഘടിപ്പിക്കണം.

കേരളത്തിന്റെ മറ്റൊരു പ്രധാന വെല്ലുവിളി പരിസ്ഥിതിയും കാലാവസ്ഥാ പ്രതിസന്ധിയുമാണ്. കഴിഞ്ഞ വർഷങ്ങളിലെ പ്രളയങ്ങളും ഉരുൾപൊട്ടലുകളും പ്രകൃതിദുരന്തങ്ങളും വികസനത്തിന്റെ പഴയ മാതൃകകൾ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. വികസനവും പരിസ്ഥിതിയും തമ്മിൽ തുല്യത കണ്ടെത്താതെ മുന്നോട്ടുപോകാൻ ഇനി സാധിക്കില്ലെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
മലനിരകളിലെ അനിയന്ത്രിത ഖനനം, തണ്ണീർത്തട നശീകരണം, തീരപ്രദേശങ്ങളിലെ അധിനിവേശം,പ്ലാസ്റ്റിക് മലിനീകരണം എന്നിവ കേരളത്തിന്റെ ഭാവിയെ തന്നെ ബാധിക്കുന്ന വിഷയങ്ങളാണ്. അതിനാൽ സർക്കാർ പരിസ്ഥിതി നയങ്ങളെ രാഷ്ട്രീയ സൗകര്യങ്ങൾക്കനുസരിച്ച് മാറ്റാതെ,ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ തീരുമാനങ്ങൾ എടുക്കണം.

കൃഷിമേഖലയും പുതുക്കിപ്പണിയേണ്ട മേഖലത്തന്നെയാണ്. കേരളത്തിൽ കർഷകർ ഇപ്പോഴും വിലത്തകർച്ച, പ്രകൃതിദുരന്തം,ഉത്പാദന ചെലവ് വർധിക്കൽ തുടങ്ങിയ പ്രശ്നങ്ങളിൽ പെടാപ്പാടിലാണ്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ കേരളം കൂടുതൽ കാർഷിക സ്വയംപര്യാപ്തത കൈവരിക്കണം. നെൽകൃഷി,പച്ചക്കറി, പാൽ ഉത്പാദനം, മത്സ്യബന്ധനം എന്നിവയെ കൂടുതൽ ആധുനിക സാങ്കേതിക വിദ്യകളുമായി ബന്ധിപ്പിക്കേണ്ടതുണ്ട്. “ഫാമിൽ നിന്ന് മാർക്കറ്റിലേക്ക്” എന്ന മുഴുവൻ ശൃംഖലയും ഡിജിറ്റലൈസ് ചെയ്യുകയാണെങ്കിൽ കർഷകർക്കുള്ള ലാഭം വർധിപ്പിക്കാനാകും.

ആരോഗ്യമേഖലയിൽ കേരളം ഇന്ത്യക്ക് മാതൃകയാണെങ്കിലും സമീപകാലങ്ങളിൽ സർക്കാർ ആശുപത്രികളിലെ അനാസ്ഥയും മെഡിക്കൽ പിഴവുകളും വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.
അതുകൊണ്ട് ആശുപത്രി ഭരണത്തിൽ കൂടുതൽ ഉത്തരവാദിത്തവും സുതാര്യതയും വേണം. ഡോക്ടർമാരുടെയും നഴ്സുമാരുടെയും ഒഴിവുകൾ വേഗത്തിൽ നികത്തപ്പെടണം. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കൂടുതൽ ശക്തിപ്പെടുത്തണം. ഗ്രാമപ്രദേശങ്ങളിൽ വിദഗ്ധ ചികിത്സ ലഭ്യമാക്കാൻ ടെലിമെഡിസിൻ സംവിധാനങ്ങൾ വ്യാപിപ്പിക്കണം.ഇതിനിടയിലാണ് ഉമ്മൻ‌ചാണ്ടി ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കൽ,ഇതിന് കടമ്പകൾ ഏറെയാണ്.

അതുപോലെ ആശ പ്രവർത്തകരുടെ പ്രശ്നങ്ങൾ പുതിയ സർക്കാരിന്റെ ആദ്യ പരീക്ഷണങ്ങളിൽ ഒന്നായിരിക്കും.അവർ വർഷങ്ങളായി ഉയർന്ന വേതനവും സാമൂഹിക സുരക്ഷയും ആവശ്യപ്പെട്ട് സമരം നടത്തിയിട്ടുണ്ട്. പുതിയ മുഖ്യമന്ത്രി ഈ വിഷയത്തിൽ അനുകൂല സമീപനം സ്വീകരിക്കുമെന്ന് പറഞ്ഞിട്ടുള്ളതാണ്.
ആശ പ്രവർത്തകരെ വെറും താൽക്കാലിക ആരോഗ്യസേവകരായായി കാണാതെ, പൊതുജനാരോഗ്യത്തിന്റെ അടിത്തറയായി സർക്കാർ അംഗീകരിക്കണം.

വിദ്യാഭ്യാസ മേഖലയും വലിയ മാറ്റങ്ങൾ ആവശ്യപ്പെടുന്നു. കേരളത്തിലെ സ്കൂളുകളും കോളേജുകളും അടിസ്ഥാന സൗകര്യങ്ങളിൽ മുന്നിലാണ്.എന്നാൽ ആഗോള നിലവാരമുള്ള ഗവേഷണവും തൊഴിൽപരമായ പഠനവുമെന്ന ലക്ഷ്യത്തിൽ ഇപ്പോഴും ദൂരം പോകാനുണ്ട്. വിദ്യാർത്ഥികൾ പഠനം പൂർത്തിയാക്കിയ ശേഷം നേരിട്ട് തൊഴിൽ ലഭിക്കുന്ന രീതിയിൽ “വ്യവസായവുമായി ബന്ധപ്പെട്ട വിദ്യാഭ്യാസം ” ശക്തമാക്കണം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്,ഡാറ്റ സയൻസ്, റോബോട്ടിക്സ്, ബയോടെക്നോളജി, പാരാമെഡിക്കൽ, ഒപ്ട്രോമെട്രി തുടങ്ങിയ ഭാവിയുടെ മേഖലകളിൽ സർക്കാർ സർവകലാശാലകൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം.സൗകര്യാർത്ഥം പൊതുവിദ്യാഭ്യാസവും, ഉന്നത വിദ്യാഭ്യാസവും രണ്ട് മന്ത്രിയുടെ മേൽനോട്ടത്തിൽ പ്രായോഗിക രീതിയിൽ വന്നിരിക്കുന്നു.

സ്ത്രീസുരക്ഷയും സ്ത്രീശാക്തീകരണവും കേരളത്തിന്റെ പുരോഗതിക്ക് അനിവാര്യമാണ്. പുതിയ മന്ത്രിസഭയിൽ കൂടുതൽ വനിതാ പ്രതിനിധാനം വേണമെന്ന ആവശ്യം ഇതിനകം ഉയർന്നിട്ടുണ്ട്.സ്ത്രീകൾക്ക് തൊഴിൽ, സംരംഭകത്വം,സുരക്ഷിത പൊതുസ്ഥലങ്ങൾ,രാത്രി ഗതാഗത സൗകര്യം എന്നിവ ഉറപ്പാക്കുന്ന നയങ്ങൾ സർക്കാർ കൊണ്ടുവരണം. കുടുംബശ്രീ പോലുള്ള പദ്ധതികളെ കൂടുതൽ സാങ്കേതികവും സാമ്പത്തികവുമായ ശക്തിയോടെ മുന്നോട്ടുകൊണ്ടുപോകണം.

കേരളത്തിന്റെ ഗതാഗത മേഖലയിലും അടിയന്തര പരിഷ്കാരങ്ങൾ വേണ്ടിയിരിക്കുന്നു കെ എസ് ആർ ടി സി ഇന്നും സാമ്പത്തിക പ്രതിസന്ധിയിലാണ്. പൊതുഗതാഗതം ജനസൗഹൃദമാക്കാതെ സ്വകാര്യ വാഹന ആശ്രയം കുറയില്ല.അതിനാൽ ഇലക്ട്രിക് ബസുകൾ, ഏകീകൃത ടിക്കറ്റ് സംവിധാനം,നഗര റെയിൽ പദ്ധതികൾ, സ്മാർട്ട് ട്രാഫിക് മാനേജ്മെന്റ് തുടങ്ങിയ പദ്ധതികൾ വേഗത്തിലാക്കണം.ഈ സന്ദർഭത്തിലാണ് സ്ത്രീകൾക്ക് കെ എസ് ആർ ടി സി യാത്രയിൽ സൗജന്യ യാത്രാ ഇളവുകൾ നടപ്പിലാക്കേണ്ടത്.

ടൂറിസം മേഖലയാണ് കേരളത്തിന് വലിയ സാധ്യതയുള്ള വരുമാന സ്രോതസ്.എന്നാൽ പലപ്പോഴും ടൂറിസം വികസനം അടിസ്ഥാന സൗകര്യങ്ങളുടെ കുറവിൽ തളരുന്നു. ഗ്രാമീണ ടൂറിസം, ഹെൽത്ത് ടൂറിസം, ഇക്കോ ടൂറിസം, സാഹസിക ടൂറിസം തുടങ്ങിയ മേഖലകളെ ഏകോപിപ്പിച്ച് ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തണം. “ഉത്തരവാദിത്വ ടൂറിസം” എന്ന കേരള മോഡലിനെ കൂടുതൽ ശക്തിപ്പെടുത്താൻ സർക്കാർ ശ്രമിക്കണം.

പുതിയ സർക്കാരിന്റെ മുന്നിലെ മറ്റൊരു വലിയ പരീക്ഷണം രാഷ്ട്രീയ ഐക്യമാണ്. മുഖ്യമന്ത്രിയെ തെരഞ്ഞെടുത്ത പ്രക്രിയയിൽ തന്നെ കോൺഗ്രസിനകത്തെ ഭിന്നതകൾ ചെറിയ തോതിലെങ്കിലും പുറത്തുവന്നിരുന്നു.
അധികാരപങ്കിടലിലെ അസന്തോഷം ഭരണത്തെ ബാധിച്ചാൽ ജനങ്ങൾ വേഗത്തിൽ നിരാശരാകും. അതിനാൽ മുഖ്യമന്ത്രി പാർട്ടിയിലെ വിവിധ വിഭാഗങ്ങളെയും മുന്നണി ഘടകങ്ങളെയും ഒരുമിപ്പിക്കുന്ന നേതൃത്വശേഷി തെളിയിക്കണം. കേരളം ഇന്ന് രാഷ്ട്രീയ സ്ഥിരതയും കാര്യക്ഷമതയും ഒരുപോലെ ആവശ്യപ്പെടുന്ന ഘട്ടത്തിലാണ്.

സർക്കാർ ജനങ്ങളുമായി നടത്തുന്ന ആശയവിനിമയ രീതിയും നിർണായകമാണ്. സോഷ്യൽ മീഡിയയുടെ കാലത്ത് ഒരു തീരുമാനം പോലും മിനിറ്റുകൾക്കകം പൊതുചർച്ചയാകുന്നു. അതിനാൽ സർക്കാർ കൂടുതൽ സുതാര്യവും പ്രതികരണശേഷിയുള്ളതുമായ ഭരണരീതി സ്വീകരിക്കണം. പരാതികൾക്ക് വേഗത്തിൽ പരിഹാരം കാണുന്ന ഡിജിറ്റൽ സംവിധാനങ്ങൾ, ഓൺലൈൻ സേവനങ്ങൾ, പൊതുഡാറ്റ സുതാര്യത എന്നിവ ഭരണത്തിന്റെ വിശ്വാസ്യത വർധിപ്പിക്കും.

പുതിയ സർക്കാരിന് ഏറ്റവും ആവശ്യമായത് “പ്രഖ്യാപന രാഷ്ട്രീയം” വിട്ട് “ഫലപ്രദമായ ഭരണ രാഷ്ട്രീയം” സ്വീകരിക്കുകയെന്നതാണ്.കേരളം ഇനി വെറും ക്ഷേമസംസ്ഥാനമായി മാത്രം തുടരാൻ കഴിയില്ല; ഉത്പാദനവും നവോത്ഥാനവും തൊഴിലും സമ്പത്തും സൃഷ്ടിക്കുന്ന സംസ്ഥാനമായി മാറണം. അതേസമയം സാമൂഹിക നീതിയും മതേതരത്വവും മനുഷ്യാവകാശങ്ങളും കേരളത്തിന്റെ ആത്മാവായി നിലനിർത്തുകയും വേണം.

ചരിത്രം നമ്മെ പഠിപ്പിക്കുന്നത്,ജനങ്ങൾ ഒരു സർക്കാരിനെ അധികാരത്തിലേൽപ്പിക്കുന്നത് വെറും ഭരണത്തിനല്ല, പ്രതീക്ഷകൾ സംരക്ഷിക്കാനാണ് എന്നതാണ്.ഇന്ന് കേരള ജനത പുതിയ മുഖ്യമന്ത്രിയെയും സർക്കാരിനെയും നോക്കുന്നത് അതേ പ്രതീക്ഷയോടെയാണ്. ജനക്ഷേമം,സാമ്പത്തിക പുരോഗതി,പരിസ്ഥിതി സംരക്ഷണം, തൊഴിലവസരങ്ങൾ, സാമൂഹിക ഐക്യം,ഇവയെല്ലാം ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകാൻ കഴിയുമെങ്കിൽ ഈ സർക്കാർ കേരളത്തിന്റെ പുതിയ അധ്യായമായി മാറും.അല്ലെങ്കിൽ, വലിയ വിജയങ്ങൾ പോലും ജനങ്ങളുടെ ഓർമ്മയിൽ ഒരു നഷ്ടപ്പെട്ട അവസരമായി മാത്രമേ ബാക്കി നിൽക്കൂ.നവകേരളം സൃഷ്ടിക്കാൻ മുന്നോട്ടു വന്നിരിക്കുന്ന പുതിയ വി ഡി എസ് സർക്കാരിന് അഭിനന്ദനങ്ങൾ.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )