
നിപയെ ഗൗരവമായി കൈകാര്യം ചെയ്യുന്നില്ലെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമർശനം തള്ളി ആരോഗ്യമന്ത്രി കെ മുരളീധരൻ
- പ്രതിപക്ഷത്തിന്റേത് രാഷ്ട്രീയ വിമർശനമാണെന്നും അതിനെ അങ്ങനെ മാത്രമേ കാണുന്നുള്ളുവെന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.
തിരുവനന്തപുരം : സംസ്ഥാന സർക്കാരും ആരോഗ്യവകുപ്പും നിപയെ ഗൗരവമായി കൈകാര്യം ചെയ്യുന്നില്ലെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമർശനം തള്ളി ആരോഗ്യമന്ത്രി കെ മുരളീധരൻ. നിപ പ്രതിരോധത്തിൽ സർക്കാറിന് വീഴ്ചയുണ്ടായിട്ടില്ലെന്നായിരുന്നു മുരളിധരന്റെ പ്രതികരണം. പ്രതിപക്ഷത്തിന്റേത് രാഷ്ട്രീയ വിമർശനമാണെന്നും അതിനെ അങ്ങനെ മാത്രമേ കാണുന്നുള്ളുവെന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. വീണ് കിട്ടിയത് പ്രതിപക്ഷം ആയുധമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പത്തു വർഷം ഭരിച്ചു പരാജയപ്പെട്ടവർ എല്ലാത്തിലും കുറ്റം കണ്ടെത്തുമെന്നും കെ മുരളീധരൻ വിമർശിച്ചു. താൻ കോഴിക്കോട് ഉണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാണിച്ച കെ മുരളീധരൻ എല്ലാ നിർദ്ദേശങ്ങളും കൊടുത്ത ശേഷമാണ് തിരുവനന്തപുരത്തേക്ക് എത്തിയതെന്നും പറഞ്ഞു. റവന്യൂ മന്ത്രി ഇന്ന് കോഴിക്കോട് ജനപ്രതിനിധികളുടെ യോഗം വിളിക്കുമെന്നും കെ മുരളീധരൻ പ്രതികരിച്ചു.

നിപ വ്യാപനം ഉണ്ടായിട്ടില്ലെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.നിപ പ്രതിരോധവുമായി ബന്ധപ്പെട്ട് ഒരു ആന്റിവൈറൽ മെഡിസിൻ മാത്രമാണ് ഇനി എത്താനുള്ളത്. അത് ഇന്ന് വൈകുന്നേരത്തിന് മുൻപ് ഡൽഹിയിൽ നിന്ന് എത്തിക്കുമെന്നും കെ മുരളീധരൻ പറഞ്ഞു. ഇതുവരെ നടത്തിയ പരിശോധനകൾ എല്ലാം നെഗറ്റീവ് ആണെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു.
