
ജനങ്ങളുടെ പ്രതീക്ഷയ്ക്കൊപ്പം ഇടതുപക്ഷം നിലകൊള്ളണം; അഡ്വ. കെ പ്രകാശ് ബാബു
- സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം അഡ്വ. കെ പ്രകാശ് ബാബു. സി പി ഐ കോഴിക്കോട് ജില്ലാ ജനറൽ ബോഡി യോഗം കൊയിലാണ്ടി കൈരളി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
കൊയിലാണ്ടി: കേരളത്തിലെ ജനങ്ങൾ വച്ചുപുലർത്തിയിരുന്ന പ്രതീക്ഷകൾക്ക് മങ്ങലുണ്ടായതാണ് നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിക്ക് കാരണമെന്ന് സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം അഡ്വ. കെ പ്രകാശ് ബാബു. സി പി ഐ കോഴിക്കോട് ജില്ലാ ജനറൽ ബോഡി യോഗം കൊയിലാണ്ടി കൈരളി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷത്തിന്റെ അടിത്തറയായ തൊഴിലാളികളുടെയും കർഷകരുടെയും ജീവനക്കാരുടെയും ക്ഷേമം മുൻ നിർത്തിയുള്ള പ്രഖ്യാപിത നിലപാടുകളിൽ ഉറച്ചു നിന്നാൽ ഇടതുപക്ഷത്തിന് വലിയ കരുത്തോടെ തിരിച്ചുവരാനാകും. തെരഞ്ഞെടുപ്പുകളിൽ വിജയിച്ച സീറ്റുകളുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ടെങ്കിലും ജനങ്ങളുടെ പിന്തുണയിലും അംഗീകാരത്തിലും കാര്യമായ കുറവുണ്ടായിട്ടില്ലെന്ന് വോട്ടിംഗ് ശതമാനത്തിൽ നിന്ന് വ്യക്തമാണ്. കേരളം മതനിരപേക്ഷത കാത്തുസൂക്ഷിക്കുന്ന സംസ്ഥാനമാണ്.

ആഗോള അയ്യപ്പ സംഗമം, പി എം ശ്രീ ധാരണാപത്രം ഒപ്പിടൽ പോലെയുള്ളവ കേരളത്തിലെ മതനിരപേക്ഷ മനസുകളിലും മതന്യൂനപക്ഷ വിഭാഗങ്ങളിലും സംശയങ്ങളും ആശങ്കകളും ഉണ്ടാക്കി. വർഗീയത മാത്രം ആയുധമാക്കി മതന്യൂനപക്ഷങ്ങളെയും മതനിരപേക്ഷ പ്രസ്ഥാനങ്ങളെയും ഇല്ലാതാക്കാൻ ആർ എസ് എസും ബിജെപി യും കൊണ്ടുപിടിച്ച് ശ്രമം നടത്തുകയാണ്. പൗരത്വഭേദഗതി നിയമം, എസ് ഐ ആർ, എൻ ഇ പി എന്നിവയെല്ലാം ലക്ഷ്യമാക്കുന്നത് രാജ്യത്തെ ന്യൂനപക്ഷങ്ങളെയും മതനിരപേക്ഷ പ്രസ്ഥാനങ്ങളെയും ഇടതുപക്ഷത്തെയുമൊക്കെയാണ്. എന്നാൽ കേരളം വലിയ ചെറുത്തുനിൽപ്പുകളാണ് നടത്തുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ബിജെപിയുടെ വോട്ടിംഗ് ശതമാനം പരിശോധിച്ചാൽ അവർക്ക് നാമമാത്രമായ മാറ്റങ്ങളാണ് ഇവിടെ ഉണ്ടായിരിക്കുന്നത് എന്ന് വ്യക്തമാകും. ഇടതുപക്ഷത്തെ പ്രതീക്ഷയോടെ നോക്കിക്കാണുന്ന ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനും വലതുപക്ഷ വികസന നിലപാടുകൾക്ക് അപ്പുറം ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത ജനക്ഷേമ നയങ്ങൾക്ക് വേണ്ടി നിലകൊള്ളുകയും തിരുത്തലുകൾക്ക് തയ്യാറാവുകയും ചെയ്യണമെന്നും പ്രകാശ് ബാബു വ്യക്തമാക്കി. സി പി ഐ ജില്ലാ സെക്രട്ടറി പി ഗവാസ് അധ്യക്ഷത വഹിച്ചു. സെപ്തംബർ ഒന്നിന് ന്യൂഡൽഹിയിൽ നടക്കുന്ന ദേശീയ പ്രക്ഷോഭ റാലിയുടെ പ്രചാരണ പ്രവർത്തനങ്ങളെക്കുറിച്ച്
പാർട്ടി സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി വിശദീകരിച്ചു. സംസ്ഥാന എക്സിക്യൂട്ടിവ് അംഗം പി വസന്തം, സംസ്ഥാന കൗൺസിൽ അംഗങ്ങളായ ടി വി ബാലൻ, കെ കെ ബാലൻ, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ ആർ ശശി, പി കെ നാസർ എന്നിവർ സംസാരിച്ചു.
