
തെന്നിന്ത്യൻ വാനമ്പാടി എസ്. ജാനകിക്ക് വിട നൽകാനൊരുങ്ങി സംഗീതലോകം
- രാവിലെ എട്ട് മുതൽ മൈസൂരു മഹാരാജ കോളേജ് ഗ്രൗണ്ടിൽ പൊതുദർശനം.ഔദ്യോഗിക ബഹുമതികളോടെ മൈസൂരുവിലെ വീട്ടിൽ അന്ത്യവിശ്രമം.
തിരുവനന്തപുരം: അന്തരിച്ച തെന്നിന്ത്യൻ വാനമ്പാടി എസ്. ജാനകിക്ക് വിട നൽകാനൊരുങ്ങി സംഗീതലോകം. മൈസൂരു അപ്പോളോ ആശുപത്രിയിൽ ഇന്നലെയായിരുന്നു അന്ത്യം. മലയാളം, തമിഴ്, കന്നഡ തുടങ്ങി നിരവധി ഭാഷകളിലായി ഇരുപതിനായിരത്തിലേറെ പാട്ടുകളാണ് ജാനകിയമ്മയുടെ സ്വരമാധുരിയിലൂടെ പിറന്നത്. തലമുറകളെ സംഗീതത്തിന്റെ മായികലോകത്തേക്ക് കൈപിടിച്ചുയർത്തിയ ആ സ്വരം ഇനി ഓർമ്മകളിൽ മാത്രം.അനുഗൃഹീതമായ സ്വരമാധുര്യവും ആലാപന സിദ്ധിയുമായി ആസ്വാദ്യ ലോകത്തിന് ഓർത്ത് പാടാൻ നിരവധി ഗാനങ്ങൾ സമ്മാനിച്ച തെന്നിന്ത്യൻ വാനമ്പാടിയാണ് വിടവാങ്ങിയത്.

മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് വിടപറഞ്ഞത്.രാഷ്ട്രപതി, പ്രധാനമന്ത്രി, മുഖ്യമന്ത്രി വി.ഡി.സതീശൻ, തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്, നടൻ കമൽഹാസൻ, മമ്മൂട്ടി തുടങ്ങിയ നിരവധി പ്രമുഖർ വിഖ്യാത ഗായികയ്ക്ക് വാക്കുകളിലൂടെ ആദരാഞ്ജലിയർപ്പിച്ചു. രാവിലെ എട്ട് മുതൽ മൈസൂരു മഹാരാജ കോളേജ് ഗ്രൗണ്ടിൽ പൊതുദർശനം.ഔദ്യോഗിക ബഹുമതികളോടെ മൈസൂരുവിലെ വീട്ടിൽ അന്ത്യവിശ്രമം. ഇന്ത്യൻ ചലച്ചിത്ര സംഗീത ലോകത്തിന് ഒരിക്കലും നികത്താനാവാത്ത ശൂന്യത.ആറ് പതിറ്റാണ്ടിലേറെ നീണ്ട സംഗീത ജീവിതം. ഇരുപതോളം ഭാഷകളിലായി ഇരുപതിനായിരത്തിലേറെ ഹിറ്റ് പാട്ടുകൾ. സ്നേഹം, വാത്സല്യം, തുടങ്ങി മനുഷ്യരെ കൂട്ടി ഇണക്കുന്ന പാട്ടുകളാണ് ജാനകിയമ്മയിൽ നിന്ന് അനായാസം ഒഴുകിയെത്തിയത്.
