
കുറ്റവാളികൾ രക്ഷപ്പെടുമ്പോൾ വിദ്യാർത്ഥികൾ ശിക്ഷിക്കപ്പെടുന്നു….ന
- നെല്ലിയോട്ട് ബഷീർ
ഒരു കാലത്ത് പരീക്ഷാദിവസങ്ങൾ ആവേശത്തിന്റെയും പ്രതീക്ഷയുടെയും ദിവസങ്ങളായിരുന്നു. മാസങ്ങളോളം നീണ്ട അധ്വാനത്തിന്റെ ഫലം അറിയാനുള്ള നിമിഷം. വീട്ടിൽ നിന്ന് അനുഗ്രഹം വാങ്ങി പരീക്ഷാകേന്ദ്രത്തിലേക്ക് ഇറങ്ങുന്ന വിദ്യാർത്ഥിയുടെ മനസ്സിൽ ഉണ്ടായിരുന്നത് ഭയത്തേക്കാൾ കൂടുതൽ പ്രതീക്ഷയായിരുന്നു. “നന്നായി എഴുതണം” എന്ന ആത്മവിശ്വാസവും, “എല്ലാം ശരിയാകും” എന്ന വിശ്വാസവുമായിരുന്നു അന്ന് പരീക്ഷയുടെ അന്തരീക്ഷത്തെ നിർവചിച്ചിരുന്നത്. എന്നാൽ ഇന്ന് ആ ചിത്രം മാറിയിരിക്കുന്നു. പരീക്ഷ എന്ന വാക്ക് കേൾക്കുമ്പോൾ ചോദ്യപേപ്പറിനെക്കാൾ മുമ്പ് മനസ്സിലേക്ക് ഓടിയെത്തുന്നത് സുരക്ഷാപരിശോധനകളാണ്. എന്ത് വസ്ത്രം ധരിക്കണം, എന്ത് ധരിക്കരുത്, ഏത് ആഭരണം ഒഴിവാക്കണം, എത്ര നേരത്തെ എത്തണം, എങ്ങനെയായിരിക്കും പരിശോധന,പടിവാതിൽക്കൽ നിന്ന് അകത്ത് കയറുന്നതെങ്ങിനെ?ഇങ്ങനെ അനേകം ആശങ്കകളുടെ നടുവിലാണ് ഇന്നത്തെ വിദ്യാർത്ഥി പരീക്ഷാഹാളിലേക്ക് നടന്നടുക്കുന്നത്. അറിവിനെ അളക്കേണ്ട ഇടം പലപ്പോഴും സംശയത്തിന്റെ വാതിൽപ്പടിയായി മാറിക്കൊണ്ടിരിക്കുകയാണ്.
ഇത് സുരക്ഷയെ എതിർക്കുന്ന വാദമല്ല. പരീക്ഷയുടെ വിശ്വാസ്യത സംരക്ഷിക്കേണ്ടത് ഏത് രാജ്യത്തിന്റെയും അനിവാര്യമായ ഉത്തരവാദിത്തമാണ്. ചോദ്യപേപ്പർ ചോർച്ചയും ആൾമാറാട്ടവും ഇലക്ട്രോണിക് തട്ടിപ്പുകളും കർശനമായി തടയണം. എന്നാൽ സുരക്ഷയും മനുഷ്യാന്തസ്സും പരസ്പരം വിരുദ്ധമായ ആശയങ്ങളല്ല. സുരക്ഷയുടെ പേരിൽ ഒരാളുടെ വ്യക്തിത്വത്തെ അപമാനിക്കാൻ ഒരു ജനാധിപത്യ സമൂഹത്തിനും അവകാശമില്ല. അതുകൊണ്ടുതന്നെ ഇന്ന് ഉയരുന്ന ചോദ്യം വളരെ പ്രസക്തമാണ്,പരീക്ഷ എഴുതാൻ എത്തുന്ന വിദ്യാർത്ഥി ഒരു പ്രതീക്ഷയുള്ള പൗരനാണോ, അതോ മുൻകൂട്ടി സംശയിക്കപ്പെടേണ്ട കുറ്റവാളിയായി മാറുകയാണോ?
സമീപകാലത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പരീക്ഷാകേന്ദ്രങ്ങളിൽ നിന്നുള്ള ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നപ്പോൾ അനേകം ആളുകൾ അമ്പരന്നു. വിദ്യാർത്ഥിനികളുടെ കൈയിലെ വളകൾ കത്രികകൊണ്ട് മുറിച്ചുമാറ്റുന്നു. വിശ്വാസത്തിന്റെ ഭാഗമായ നൂലുകൾ അഴിച്ചുമാറ്റാൻ നിർബന്ധിക്കുന്നു. തലമുടി അഴിച്ച് പരിശോധിക്കുന്നു. ചിലപ്പോൾ വസ്ത്രധാരണത്തെച്ചൊല്ലി പൊതുജനങ്ങൾക്കുമുന്നിൽ ചോദ്യം ചെയ്യപ്പെടുന്നു. മണിക്കൂറുകളോളം നീളുന്ന ക്യൂവിൽ നിർത്തുന്നു. ഒരു പരീക്ഷയെഴുതാൻ വന്ന വിദ്യാർത്ഥി അനുഭവിക്കേണ്ട ആദ്യ വികാരം ആത്മവിശ്വാസമല്ല, അപമാനമാണെങ്കിൽ ആ സംവിധാനത്തെ പുരോഗമനപരമെന്ന് എങ്ങനെ വിശേഷിപ്പിക്കും?
ഈ കാഴ്ചകൾ ഒരു ദിവസം കൊണ്ടുണ്ടായതല്ല. വർഷങ്ങളായി പരീക്ഷാസംവിധാനത്തിന്റെ വിശ്വാസ്യതയെ തകർത്ത ചോദ്യപേപ്പർ ചോർച്ചകളുടെ പശ്ചാത്തലത്തിലാണ് ഈ അമിതജാഗ്രത രൂപപ്പെട്ടത്. മെഡിക്കൽ പ്രവേശനപരീക്ഷകൾ മുതൽ വിവിധ സർക്കാർ നിയമനപരീക്ഷകൾ വരെ നിരവധി പരീക്ഷകളിൽ ചോദ്യപേപ്പർ ചോർന്ന സംഭവങ്ങൾ രാജ്യത്തെ ഞെട്ടിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ മാസങ്ങളായുള്ള തയ്യാറെടുപ്പുകൾ ഒരു രാത്രികൊണ്ട് അർത്ഥശൂന്യമായി. പരീക്ഷകൾ റദ്ദാക്കപ്പെട്ടു. വീണ്ടും പരീക്ഷകൾ നടത്തേണ്ടിവന്നു. കുടുംബങ്ങളുടെ സാമ്പത്തികഭാരവും വിദ്യാർത്ഥികളുടെ മാനസികസമ്മർദ്ദവും വർധിച്ചു. അധ്വാനത്തിലൂടെ വിജയിക്കാമെന്ന വിശ്വാസത്തിന് മങ്ങലേറ്റു.
എന്നാൽ ഇവിടെ ഒരു അടിസ്ഥാനചോദ്യം ഉയരുന്നു. ഈ ചോർച്ചകൾക്ക് പിന്നിൽ ആരാണ്? പരീക്ഷ എഴുതാൻ എത്തിയ വിദ്യാർത്ഥികളാണോ? അതോ സംഘടിത മാഫിയകളോ? അന്വേഷണങ്ങൾ പലപ്പോഴും വിരൽചൂണ്ടിയത് വലിയ ശൃംഖലകളിലേക്കാണ്. സാമ്പത്തിക ഇടപാടുകൾ, സാങ്കേതിക സഹായം, ആന്തരിക വിവരങ്ങൾ, അധികാരകേന്ദ്രങ്ങളിലേക്കുള്ള സ്വാധീനം,ഇവയുടെ കൂട്ടുകെട്ടാണ് പലപ്പോഴും ഇത്തരം കുറ്റകൃത്യങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നത്. എന്നാൽ ഈ ശൃംഖലകളെ പൂർണമായി തകർക്കാൻ കഴിയാത്ത കേന്ദ്രഭരണസംവിധാനം തന്റെ പരാജയത്തിന്റെ വില ഈടാക്കുന്നത് പരീക്ഷാഹാളിന്റെ കവാടത്തിൽ നിൽക്കുന്ന പതിനേഴും പതിനെട്ടും വയസ്സുള്ള കുട്ടികളിൽ നിന്നാണെങ്കിൽ അത് നീതിയല്ല.
ഒരു ഭരണകൂടത്തിന്റെ ശക്തി അളക്കപ്പെടുന്നത് ദുർബലരോടുള്ള കർക്കശതയിലല്ല; ശക്തരായ കുറ്റവാളികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാനുള്ള ശേഷിയിലാണ്. സംഘടിത കുറ്റകൃത്യങ്ങളെ നേരിടാൻ കഴിയാത്തവർ നിരപരാധികളായ വിദ്യാർത്ഥികളോട് കർക്കശത കാണിക്കുന്നത് കാര്യക്ഷമതയുടെ അടയാളമല്ല; ഭരണപരാജയത്തിന്റെ മറവിയാണ്.മറുപടി പറയേണ്ടത് ഇന്ത്യൻ പ്രധാനമന്ത്രിയും മാനവ വിഭവശേഷി വകുപ്പ് മന്ത്രി
ധർമ്മേന്ദ്ര പ്രധാനും ആഭ്യന്തര മന്ത്രാലയവുമാണ്.
ഏറ്റവും വേദനാജനകമായത് വിദ്യാർത്ഥിനികൾ നേരിടുന്ന അനുഭവങ്ങളാണ്.ഒരു പെൺകുട്ടി മാസങ്ങളോളം പഠിച്ച്, കുടുംബത്തിന്റെ പ്രതീക്ഷകളും സ്വന്തം സ്വപ്നങ്ങളും ഹൃദയത്തിൽ ചുമന്ന് പരീക്ഷാകേന്ദ്രത്തിലെത്തുന്നു. അവിടെ അവളെ ആദ്യം സ്വീകരിക്കുന്നത് ഒരു പുഞ്ചിരിയോ ആശംസയോ അല്ല; സംശയമാണ്. കൈയിലെ വള മുറിച്ചുമാറ്റപ്പെടുന്നു. തലമുടി അഴിക്കാൻ ആവശ്യപ്പെടുന്നു. സ്വകാര്യതയെ ബാധിക്കുന്ന പരിശോധനകൾക്ക് വിധേയയാകേണ്ടിവരുന്നു. പരീക്ഷ തുടങ്ങും മുമ്പേ അവളുടെ ആത്മവിശ്വാസം തകർന്നുപോകുന്നു. അറിവിനെ പരിശോധിക്കുന്നതിന് മുമ്പ് അവളുടെ ആത്മാഭിമാനമാണ് പരീക്ഷിക്കപ്പെടുന്നത്.
മനഃശാസ്ത്രം പറയുന്നത് വളരെ വ്യക്തമാണ്. അപമാനിക്കപ്പെട്ട മനസ്സ് ആത്മവിശ്വാസത്തോടെ പ്രവർത്തിക്കില്ല. പരീക്ഷ വിജയിക്കുന്നത് അറിവുകൊണ്ടു മാത്രമല്ല; മനസ്സിന്റെ ശാന്തത കൊണ്ടുകൂടിയാണ്. അതുകൊണ്ടുതന്നെ പരീക്ഷ ആരംഭിക്കുന്നതിന് മുമ്പ് വിദ്യാർത്ഥിയെ മാനസികമായി തകർക്കുന്ന ഏത് നടപടിയും വിദ്യാഭ്യാസത്തിന്റെ ലക്ഷ്യത്തിന് വിരുദ്ധമാണ്.
ഇവിടെ മറ്റൊരു വിരോധാഭാസവും കാണാം. ഒരു വശത്ത് സർക്കാർ വിദ്യാർത്ഥികളുടെ മാനസികാരോഗ്യത്തെക്കുറിച്ച് ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നു. പരീക്ഷാഭീതി കുറയ്ക്കാൻ ഹെൽപ്ലൈൻ ആരംഭിക്കുന്നു. കൗൺസലിങ് നൽകുന്നു. മറുവശത്ത് പരീക്ഷാകേന്ദ്രങ്ങളിൽ നടപ്പാക്കുന്ന ചില നടപടികൾ അതേ വിദ്യാർത്ഥിയുടെ സമ്മർദ്ദം പലമടങ്ങ് വർധിപ്പിക്കുന്നു. ഒരു കൈകൊണ്ട് ആശ്വസിപ്പിക്കുകയും മറുകൈകൊണ്ട് അപമാനിക്കുകയും ചെയ്യുന്ന ഈ സമീപനം എങ്ങനെ ന്യായീകരിക്കാനാകും?
ഒരു പരീക്ഷ വെറും മൂന്ന് മണിക്കൂറിന്റെ എഴുത്തല്ല. അതിന് പിന്നിൽ മാസങ്ങളുടെയും വർഷങ്ങളുടെയും അധ്വാനമുണ്ട്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്ന് വരുന്ന കുട്ടികൾക്ക് അത് ജീവിതം മാറ്റിമറിക്കാനുള്ള അവസരമാണ്. മാതാപിതാക്കളുടെ ത്യാഗവും അധ്യാപകരുടെ പരിശ്രമവും സ്വന്തം ഉറക്കമില്ലാത്ത രാത്രികളും ചേർന്നാണ് ഓരോ വിദ്യാർത്ഥിയും പരീക്ഷാഹാളിലെത്തുന്നത്. അത്തരം ഒരു യാത്രയുടെ അവസാനഘട്ടത്തിൽ അവരെ ആദരവോടെ സ്വീകരിക്കുകയാണ് ഒരു സംസ്കൃത സമൂഹത്തിന്റെ കടമ. സംശയത്തോടെ സ്വീകരിക്കുകയല്ല.
ഇന്ന് രാജ്യത്ത് മത്സരപരീക്ഷകൾ ജീവിതത്തിന്റെ ഗതി നിർണയിക്കുന്ന ഘടകമായി മാറിയിരിക്കുന്നു. ഒരു പരീക്ഷയുടെ ഫലം ഒരു വിദ്യാർത്ഥിയുടെ ഉന്നതവിദ്യാഭ്യാസവും തൊഴിലും കുടുംബത്തിന്റെ ഭാവിയും വരെ സ്വാധീനിക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ പരീക്ഷാസംവിധാനത്തിന്റെ വിശ്വാസ്യത സംരക്ഷിക്കുന്നത് അത്യന്താപേക്ഷിതമാണ്. പക്ഷേ വിശ്വാസ്യത സംരക്ഷിക്കുന്നതും വിദ്യാർത്ഥിയുടെ അന്തസ്സ് സംരക്ഷിക്കുന്നതും ഒരുപോലെ സാധ്യമാണെന്ന കാര്യം നാം മറക്കരുത്. ഒന്നിന് വേണ്ടി മറ്റൊന്ന് ബലിയർപ്പിക്കേണ്ട ആവശ്യമില്ല.
ഒരു ജനാധിപത്യ രാഷ്ട്രം തന്റെ യുവതലമുറയ്ക്ക് നൽകേണ്ട ഏറ്റവും വലിയ സന്ദേശം ഇതായിരിക്കണം,”നിങ്ങൾ ഞങ്ങൾക്ക് സംശയിക്കപ്പെടേണ്ടവരല്ല വിശ്വസിക്കപ്പെടേണ്ടവരാണ്.” ആ സന്ദേശം നഷ്ടപ്പെടുന്ന നിമിഷം പരീക്ഷയുടെ ആത്മാവും നഷ്ടപ്പെടുന്നു.ഇന്ന് നമ്മൾ നേരിടുന്ന യഥാർത്ഥ പ്രതിസന്ധി പരീക്ഷാ പേപ്പർ ചോർച്ച മാത്രമല്ല; വിദ്യാർത്ഥികളോടുള്ള വിശ്വാസത്തിന്റെ ചോർച്ച കൂടിയാണ്. ആ വിശ്വാസം തിരിച്ചുപിടിക്കാതെ ഒരു പരീക്ഷാപരിഷ്കാരവും പൂർണമാകില്ല.
ഒരു വിദ്യാർത്ഥി പരീക്ഷാഹാളിലേക്ക് കടന്നുവരുമ്പോൾ അയാൾ തന്റെ കൂടെ കൊണ്ടുവരുന്നത് ഒരു അഡ്മിറ്റ് കാർഡ് മാത്രമല്ല. അനേകം സ്വപ്നങ്ങളും പ്രതീക്ഷകളും ത്യാഗങ്ങളും കൂടിയാണ്. ആ സ്വപ്നങ്ങളുടെ പിന്നിൽ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന മാതാപിതാക്കളുടെ അധ്വാനമുണ്ട്; പഠിപ്പിച്ച അധ്യാപകരുടെ സമർപ്പണമുണ്ട്; ഉറക്കമില്ലാതെ ചിലവഴിച്ച രാത്രികളുണ്ട്; വിജയിക്കുമെന്ന വിശ്വാസത്തിൽ ജീവിക്കുന്ന ഒരു കുടുംബത്തിന്റെ പ്രാർത്ഥനകളുണ്ട്. ആ സ്വപ്നങ്ങളെ പരീക്ഷിക്കുന്നതിനാണ് പരീക്ഷ; അവയെ അപമാനിക്കുന്നതിനല്ല.
ഒരു രാജ്യത്തിന്റെ വിദ്യാഭ്യാസസംവിധാനം അതിന്റെ സാംസ്കാരിക നിലവാരത്തിന്റെ കണ്ണാടിയാണ്. വിദ്യാർത്ഥികളെ എങ്ങനെ കാണുന്നു എന്നതിലൂടെ ആ സമൂഹത്തിന്റെ ജനാധിപത്യബോധം അളക്കാൻ കഴിയും. വിശ്വാസത്തെ അടിസ്ഥാനമാക്കിയാണോ ആ സംവിധാനം പ്രവർത്തിക്കുന്നത്, അതോ സംശയത്തെ അടിസ്ഥാനമാക്കിയാണോ? ഇന്നത്തെ സാഹചര്യത്തിൽ ഈ ചോദ്യം വളരെ പ്രസക്തമാണ്. കാരണം, പരീക്ഷാസംവിധാനത്തിൽ ക്രമേണ വളർന്നുവരുന്നത് വിശ്വാസത്തിന്റെ സംസ്കാരമല്ല, സംശയത്തിന്റെ സംസ്കാരമാണ്.
ഭരണഘടന ഓരോ പൗരനും ഉറപ്പുനൽകുന്ന ഏറ്റവും വലിയ മൂല്യങ്ങളിലൊന്നാണ് അന്തസ്സ്. ജീവിക്കാനുള്ള അവകാശം എന്നത് ശ്വാസം എടുക്കാനുള്ള അവകാശം മാത്രമല്ല; ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള അവകാശം കൂടിയാണ്. സ്വകാര്യത, വ്യക്തിത്വം, സ്വാതന്ത്ര്യം, മാന്യത,ഇവയെല്ലാം ആ അവകാശത്തിന്റെ ഭാഗമാണ്. പരീക്ഷ എഴുതാൻ എത്തിയ ഒരു വിദ്യാർത്ഥിക്ക് ഈ അവകാശങ്ങൾ നഷ്ടമാകുന്നില്ല. പരീക്ഷാകേന്ദ്രത്തിന്റെ കവാടത്തിൽ ഭരണഘടന അവസാനിക്കുന്നില്ല. മറിച്ച് അവിടെ തന്നെയാണ് അതിന്റെ മൂല്യങ്ങൾ ഏറ്റവും കൂടുതൽ സംരക്ഷിക്കപ്പെടേണ്ടത്.
അതുകൊണ്ടുതന്നെ സുരക്ഷയുടെ പേരിൽ നടപ്പാക്കുന്ന ഓരോ നടപടിയും ഒരു അടിസ്ഥാനചോദ്യത്തിന് ഉത്തരം പറയണം: ഇത് യഥാർത്ഥത്തിൽ അനിവാര്യമാണോ? അതേ ലക്ഷ്യം വിദ്യാർത്ഥിയുടെ അന്തസ്സിനെ മുറിവേൽപ്പിക്കാതെ നേടാൻ കഴിയില്ലേ? ഈ ചോദ്യത്തിന് ആത്മാർത്ഥമായി ഉത്തരം തേടാതെ കർക്കശത മാത്രം വർധിപ്പിക്കുന്നത് പരിഹാരമല്ല.
വിദ്യാഭ്യാസമേഖലയിലെ വിദഗ്ധർ നിരന്തരം പറയുന്ന ഒരു കാര്യമുണ്ട്. പരീക്ഷയിലെ പ്രകടനത്തെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്ന ഘടകങ്ങളിൽ ഒന്നാണ് മാനസികാവസ്ഥ. ആത്മവിശ്വാസമുള്ള ഒരു വിദ്യാർത്ഥിക്ക് അറിയാവുന്ന കാര്യങ്ങൾ വ്യക്തമായി എഴുതാൻ കഴിയും. എന്നാൽ ഭയവും അപമാനവും സമ്മർദ്ദവും നിറഞ്ഞ മനസ്സ് പലപ്പോഴും പഠിച്ചതുപോലും മറന്നുപോകും. അതുകൊണ്ടാണ് ലോകത്തിലെ മികച്ച വിദ്യാഭ്യാസസംവിധാനങ്ങൾ പരീക്ഷാദിവസത്തെ ഒരു മാനുഷിക അനുഭവമാക്കി മാറ്റാൻ ശ്രമിക്കുന്നത്. പരീക്ഷാകേന്ദ്രങ്ങൾ ഭയപ്പെടുത്തുന്ന ഇടങ്ങളല്ല; ആത്മവിശ്വാസം നൽകുന്ന ഇടങ്ങളായിരിക്കണം എന്ന ചിന്തയാണ് അവിടെയുള്ളത്.
നമ്മുടെ രാജ്യത്തും പരീക്ഷാസമ്മർദ്ദത്തെക്കുറിച്ച് നിരന്തരം ചർച്ചകൾ നടക്കുന്നു. ഓരോ പരീക്ഷാകാലത്തും വിദ്യാർത്ഥികളുടെ ആത്മഹത്യാവാർത്തകൾ സമൂഹത്തെ നടുക്കാറുണ്ട്. പരാജയഭീതി, കുടുംബത്തിന്റെ പ്രതീക്ഷകൾ, തൊഴിൽസാധ്യതകളെക്കുറിച്ചുള്ള അനിശ്ചിതത്വം,ഇതെല്ലാം ചേർന്നാണ് പലരും മാനസികമായി തകരുന്നത്. അത്തരമൊരു സാഹചര്യത്തിൽ പരീക്ഷാകേന്ദ്രങ്ങളിൽ ലഭിക്കേണ്ടത് സഹാനുഭൂതിയും പിന്തുണയുമാണ്. പക്ഷേ ചിലയിടങ്ങളിൽ ലഭിക്കുന്നത് ഭീഷണിയുടെയും സംശയത്തിന്റെയും ഭാഷയാണ്. അതൊരു വിദ്യാഭ്യാസപരാജയം മാത്രമല്ല; ഒരു സാമൂഹികപരാജയം കൂടിയാണ്.
വിദ്യാർത്ഥിനികളുടെ കാര്യത്തിൽ ഈ വിഷയം കൂടുതൽ ഗൗരവമുള്ളതാണ്. സ്ത്രീകളുടെ സ്വകാര്യതയും വ്യക്തിമാന്യതയും സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ഏത് പൊതുസ്ഥാപനത്തിനുമുണ്ട്. പരിശോധനകൾ ആവശ്യമായാൽ പോലും അവ ഏറ്റവും മാനുഷികമായും സ്വകാര്യത ഉറപ്പുവരുത്തിയും നടത്തണം. പൊതുജനങ്ങൾക്കു മുന്നിൽ അപമാനിക്കപ്പെടുന്ന സാഹചര്യം ഒരിക്കലും ഉണ്ടാകരുത്. സുരക്ഷയും മാന്യതയും ഒരുമിച്ച് നിലനിൽക്കാൻ കഴിയില്ലെന്ന ധാരണ പൂർണമായും തെറ്റാണ്.
യഥാർത്ഥത്തിൽ സാങ്കേതികവിദ്യ വളർന്നിരിക്കുന്ന ഇന്നത്തെ കാലത്ത് മനുഷ്യരെ അപമാനിക്കാതെ തന്നെ സുരക്ഷ ഉറപ്പാക്കാൻ നിരവധി മാർഗങ്ങളുണ്ട്. മെച്ചപ്പെട്ട സ്കാനിങ് സംവിധാനങ്ങൾ, ബയോമെട്രിക് പരിശോധന, എൻക്രിപ്റ്റഡ് ചോദ്യപേപ്പർ വിതരണരീതി, കൃത്യമായ ഡിജിറ്റൽ നിരീക്ഷണം, പരീക്ഷാകേന്ദ്രങ്ങളുടെ നിലവാരപരിശോധന, ഉദ്യോഗസ്ഥർക്കുള്ള പരിശീലനം,ഇതെല്ലാം ചേർന്നാൽ സുരക്ഷ ശക്തമാക്കാം. എന്നാൽ എളുപ്പവഴി തിരഞ്ഞെടുക്കുകയാണ് പലപ്പോഴും സംഭവിക്കുന്നത്. യഥാർത്ഥ കുറ്റവാളികളെ കണ്ടെത്തുന്നതിനേക്കാൾ പരീക്ഷ എഴുതാൻ വരുന്ന കുട്ടികളെ സംശയിക്കുന്നതാണ് എളുപ്പം. പക്ഷേ എളുപ്പവഴി എല്ലായ്പ്പോഴും ശരിയായ വഴിയാകണമെന്നില്ല.
ലോകത്തിലെ പല രാജ്യങ്ങളും പരീക്ഷാസുരക്ഷയെ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. എന്നാൽ അവിടങ്ങളിലെ സമീപനത്തിൽ ഒരു പ്രധാന വ്യത്യാസമുണ്ട്. സുരക്ഷയുടെ കേന്ദ്രത്തിൽ വിദ്യാർത്ഥിയല്ല, സംവിധാനമാണ്. നമ്മുടെ സമീപനത്തിൽ പലപ്പോഴും സുരക്ഷയുടെ ഭാരമൊക്കെ വിദ്യാർത്ഥിയുടെ ചുമലിലേക്കാണ് മാറ്റിവെക്കപ്പെടുന്നത്. ഈ ചിന്താഗതിയിലാണ് അടിസ്ഥാനപരമായ മാറ്റം വരേണ്ടത്. ചോദ്യപേപ്പർ ചോർന്നാൽ അതിന്റെ ഉത്തരവാദിത്തം വിദ്യാർത്ഥിക്കല്ല; പരീക്ഷാസംവിധാനത്തിനാണ്. അതുകൊണ്ട് തന്നെ പരിഹാരവും സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിലായിരിക്കണം.
മറ്റൊരു പ്രധാന വിഷയം ഉത്തരവാദിത്തമാണ്. ഒരു പരീക്ഷ റദ്ദാക്കുമ്പോൾ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ സമയവും പണവും അധ്വാനവുമാണ് നഷ്ടമാകുന്നത്. എന്നാൽ ആ നഷ്ടത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർ എത്രത്തോളം ഉത്തരവാദിത്തം ഏറ്റെടുക്കുന്നു? ചോദ്യപേപ്പർ ചോർത്തിയ മാഫിയകൾക്കെതിരെ എത്ര വേഗത്തിലാണ് അന്വേഷണം പൂർത്തിയാകുന്നത്? എത്ര കേസുകളിലാണ് മാതൃകാപരമായ ശിക്ഷ ലഭിക്കുന്നത്? ഈ ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരമില്ലാത്തിടത്തോളം വിദ്യാർത്ഥികളുടെ മനസ്സിൽ നീതിയെക്കുറിച്ചുള്ള വിശ്വാസം വളരില്ല.
പരീക്ഷ ഒരു മത്സരം മാത്രമല്ല; അത് ഒരു സാമൂഹിക കരാറാണ്. “ഞാൻ ആത്മാർത്ഥമായി പഠിക്കും; നിങ്ങൾ ആത്മാർത്ഥമായി പരീക്ഷ നടത്തും” എന്ന പരസ്പര വിശ്വാസത്തിന്റെ കരാർ. ഈ കരാർ ലംഘിക്കപ്പെടുമ്പോൾ ഏറ്റവും വലിയ നഷ്ടം സംഭവിക്കുന്നത് വിദ്യാർത്ഥിയുടെ മനസ്സിലാണ്. അധ്വാനത്തേക്കാൾ ചതിയാണ് വിജയത്തിലേക്കുള്ള വഴി എന്ന തെറ്റായ സന്ദേശം സമൂഹത്തിലേക്ക് പോകുന്നു. അത് ഒരു രാഷ്ട്രത്തിന്റെ ഭാവിക്ക് ഏറ്റവും അപകടകരമായ സന്ദേശമാണ്.
അതുകൊണ്ടുതന്നെ പരിഷ്കാരങ്ങൾ പരീക്ഷാദിവസത്ത് മാത്രം തുടങ്ങരുത്. ചോദ്യപേപ്പർ തയ്യാറാക്കുന്ന നിമിഷം മുതൽ ഫലം പ്രസിദ്ധീകരിക്കുന്നതുവരെ എല്ലാ ഘട്ടങ്ങളും സുതാര്യവും സാങ്കേതികമായി സുരക്ഷിതവും ഉത്തരവാദിത്തപരവുമായിരിക്കണം. പരീക്ഷാ ഏജൻസികൾക്ക് സ്വതന്ത്ര ഓഡിറ്റിങ് സംവിധാനം വേണം. ചോർച്ചകൾ റിപ്പോർട്ട് ചെയ്യുന്നവരെ സംരക്ഷിക്കുന്ന സംവിധാനങ്ങൾ വേണം. കുറ്റക്കാർക്ക് വേഗത്തിലും കർശനമായും ശിക്ഷ ഉറപ്പാക്കണം. ഈ നടപടികളാണ് വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസം നൽകുക; പരിശോധനകളുടെ കർക്കശതയല്ല.
ഒരു രാജ്യത്തിന്റെ പുരോഗതി നിർണയിക്കുന്നത് അതിന്റെ യുവതലമുറയെ എങ്ങനെ പരിഗണിക്കുന്നു എന്നതിലൂടെയാണ്. വിദ്യാർത്ഥികളെ സംശയത്തിന്റെ നിഴലിൽ വളർത്തുന്ന സമൂഹങ്ങൾക്ക് സർഗാത്മകതയും ഗവേഷണവും സ്വതന്ത്രചിന്തയും വളർത്താനാവില്ല. വിശ്വാസം നൽകുന്ന സമൂഹങ്ങളാണ് അറിവിൽ മുന്നേറുന്നത്. അതുകൊണ്ട് പരീക്ഷാസംവിധാനവും വിദ്യാർത്ഥികളോട് പറയേണ്ടത് ഒരു കാര്യം മാത്രമാണ്,”നിങ്ങൾ ഞങ്ങളുടെ ഭാവിയാണ്; നിങ്ങളെ ഞങ്ങൾ ആദരിക്കുന്നു.”ആ ബഹുമാനം പരീക്ഷാകേന്ദ്രത്തിന്റെ കവാടത്തിൽ തുടങ്ങണം. കാരണം വിദ്യാഭ്യാസത്തിന്റെ യഥാർത്ഥ മഹത്വം പരീക്ഷയുടെ കർശനതയിലല്ല; പരീക്ഷ എഴുതാൻ എത്തുന്ന ഓരോ വിദ്യാർത്ഥിയും തന്റെ ആത്മാഭിമാനം നഷ്ടപ്പെടാതെ പുറത്തേക്ക് മടങ്ങിപ്പോകുന്നുവെന്ന ഉറപ്പിലാണ്.
വിദ്യാഭ്യാസം ഒരു രാഷ്ട്രം തന്റെ യുവതലമുറയോട് ചെയ്യുന്ന ഏറ്റവും വലിയ നിക്ഷേപമാണ്. ആ നിക്ഷേപത്തിന്റെ ഫലം അളക്കാനുള്ള ഉപകരണമാണ് പരീക്ഷ. എന്നാൽ പരീക്ഷയുടെ ലക്ഷ്യം ഒരിക്കലും വിദ്യാർത്ഥിയെ ഭയപ്പെടുത്തുകയോ അപമാനിക്കുകയോ അല്ല. പഠനത്തിലൂടെ നേടിയ അറിവും ചിന്താശേഷിയും വിലയിരുത്തുക എന്നതാണ് അതിന്റെ യഥാർത്ഥ ദൗത്യം. ഈ അടിസ്ഥാന സത്യം മറന്നുപോകുമ്പോഴാണ് പരീക്ഷകൾ വിദ്യാഭ്യാസത്തിന്റെ ആഘോഷമല്ലാതാകുന്നതും , ഭീതിയുടെ അനുഭവമായി മാറുന്നതും .
ഇന്ന് ഇന്ത്യയിലെ മത്സരപരീക്ഷകൾ ലക്ഷക്കണക്കിന് കുടുംബങ്ങളുടെ സ്വപ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഗ്രാമങ്ങളിലെ ചെറിയ വീടുകളിൽ നിന്ന് മഹാനഗരങ്ങളിലെ ഫ്ളാറ്റുകളിലേക്ക്, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്ന് സമ്പന്ന കുടുംബങ്ങളിലേക്ക്, ഒരുപോലെ പ്രതീക്ഷയുടെ വിളക്കാണ് ഒരു പ്രവേശനപരീക്ഷ. ഒരു മെഡിക്കൽ സീറ്റ്, ഒരു സർക്കാർ ജോലി, ഒരു ദേശീയ വിദ്യാഭ്യാസസ്ഥാപനത്തിലെ പ്രവേശനം,ഇവയിൽ ഏതെങ്കിലും നേടാനുള്ള ആഗ്രഹമാണ് അനേകം യുവാക്കളുടെ ജീവിതത്തിന് ദിശ നൽകുന്നത്. അത്തരമൊരു സാഹചര്യത്തിൽ പരീക്ഷാസംവിധാനം വിദ്യാർത്ഥിയുടെ ഏറ്റവും വലിയ കൂട്ടാളിയായിരിക്കണം; എതിരാളിയല്ല.
നിർഭാഗ്യവശാൽ, കഴിഞ്ഞ കുറച്ച് വർഷങ്ങളായി പരീക്ഷാസംവിധാനത്തെക്കുറിച്ചുള്ള പൊതുചർച്ചകളിൽ ഉയർന്നുവരുന്ന വാക്കുകൾ “അറിവ്”, “മികവ്”, “സുതാര്യത” എന്നിവയല്ല; “പേപ്പർ ചോർച്ച”, “റദ്ദാക്കൽ”, “അഴിമതി”, “മാഫിയ”, “സുരക്ഷാപാളിച്ച”, “പരിശോധന” എന്നിവയാണ്. ഒരു രാജ്യത്തിന്റെ വിദ്യാഭ്യാസവ്യവസ്ഥയെക്കുറിച്ചുള്ള പൊതുബോധം ഇത്തരത്തിൽ മാറുന്നത് അത്യന്തം ആശങ്കാജനകമാണ്. കാരണം വിദ്യാഭ്യാസത്തിലുണ്ടാകുന്ന വിശ്വാസത്തകർച്ച ഒരു തലമുറയുടെ ആത്മവിശ്വാസത്തെ തന്നെ ബാധിക്കും.
നാം പലപ്പോഴും മറന്നുപോകുന്ന ഒരു കാര്യമുണ്ട്. പരീക്ഷയിൽ പരാജയപ്പെടുന്ന വിദ്യാർത്ഥിയേക്കാൾ വലിയ പരാജയം, നീതിപൂർവമായ പരീക്ഷ നടത്താൻ കഴിയാത്ത സംവിധാനത്തിനാണ്. ഒരു ചോദ്യപേപ്പർ ചോർന്നാൽ അത് ഒരു വിദ്യാർത്ഥിയുടെ കുറ്റമല്ല; പരീക്ഷാസംവിധാനത്തിന്റെ വീഴ്ചയാണ്. ഒരു പരീക്ഷ റദ്ദാക്കേണ്ടി വന്നാൽ അതിന്റെ ഉത്തരവാദിത്തം വിദ്യാർത്ഥിക്കല്ല; അത് നടത്തുന്ന സ്ഥാപനത്തിനാണ്. അതിനാൽ, ഭരണസംവിധാനം ആദ്യം ചെയ്യേണ്ടത് സ്വന്തം സംവിധാനത്തെ കൂടുതൽ വിശ്വസനീയമാക്കലാണ്; വിദ്യാർത്ഥികളെ കൂടുതൽ സംശയിക്കുകയല്ല വേണ്ടത്.
ഇവിടെ അധ്യാപകരുടെ പങ്കും വളരെ പ്രധാനമാണ്. പരീക്ഷ എന്നത് ജീവിതത്തിന്റെ അവസാനവാക്കല്ലെന്ന് വിദ്യാർത്ഥികളെ നിരന്തരം ബോധ്യപ്പെടുത്തേണ്ടത് അധ്യാപകരാണ്. മാർക്കിനപ്പുറം മനുഷ്യനുണ്ടെന്നും, വിജയത്തിനപ്പുറം ജീവിതമുണ്ടെന്നും, പരാജയം ഒരു വ്യക്തിയുടെ മൂല്യം നിർണയിക്കുന്നില്ലെന്നും കുട്ടികളെ പഠിപ്പിക്കണം. അതോടൊപ്പം പരീക്ഷാസംവിധാനത്തിലെ അനീതികൾക്കെതിരെ ശബ്ദമുയർത്താനുള്ള ധൈര്യവും വിദ്യാഭ്യാസം നൽകണം. വിദ്യാഭ്യാസം അനുസരണ മാത്രമല്ല; നീതിബോധവും വളർത്തേണ്ടതാണ്.
രക്ഷിതാക്കൾക്കും വലിയ ഉത്തരവാദിത്തമുണ്ട്. പരീക്ഷാദിവസം കുട്ടികൾക്ക് ഏറ്റവും ആവശ്യമുള്ളത് മാർക്കിനെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലല്ല; ആത്മവിശ്വാസമാണ്. “നീ നന്നായി പഠിച്ചിട്ടുണ്ട്; ശാന്തമായി എഴുതൂ” എന്നൊരു വാക്ക് പലപ്പോഴും ഒരു കൗൺസലിങ് സെഷനെക്കാൾ വലിയ ശക്തിയാണ് നൽകുന്നത്. പരീക്ഷാകേന്ദ്രത്തിൽ അപമാനകരമായ അനുഭവങ്ങൾ നേരിടേണ്ടിവന്നാലും കുട്ടിയെ കുറ്റപ്പെടുത്താതെ, അവന്റെ വികാരങ്ങൾ കേൾക്കുകയും പിന്തുണയ്ക്കുകയും ചെയ്യേണ്ടത് കുടുംബത്തിന്റെ കടമയാണ്.
മാധ്യമങ്ങൾക്കും ഈ വിഷയത്തിൽ നിർണായക പങ്കുണ്ട്. പരീക്ഷാഫലം വന്ന ദിവസങ്ങളിൽ വിജയികളുടെ ചിത്രങ്ങൾ മാത്രം പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് മാറി, പരീക്ഷാസംവിധാനത്തിലെ പോരായ്മകളെക്കുറിച്ചും വിദ്യാർത്ഥികളുടെ അവകാശങ്ങളെക്കുറിച്ചും ഗൗരവമുള്ള ചർച്ചകൾ സമൂഹത്തിൽ ഉയർത്തിക്കൊണ്ടുവരണം. ഒരു വിദ്യാർത്ഥിനിയുടെ കൈയിലെ വള മുറിച്ചുമാറ്റപ്പെടുകയോ, ഒരു വിദ്യാർത്ഥിയെ അനാവശ്യമായി അപമാനിക്കുകയോ ചെയ്യുമ്പോൾ അത് ഒറ്റപ്പെട്ട സംഭവമെന്ന നിലയിൽ കാണാതെ, വിദ്യാഭ്യാസനീതിയുടെ ചോദ്യമായി സമൂഹം കാണണം.
ഭരണകൂടവും പരീക്ഷാ ഏജൻസികളും ഇനി സ്വീകരിക്കേണ്ട വഴി വ്യക്തമാണ്. ചോദ്യപേപ്പർ തയ്യാറാക്കുന്ന ഘട്ടം മുതൽ ഫലം പ്രസിദ്ധീകരിക്കുന്നതുവരെയുള്ള എല്ലാ നടപടികളും സാങ്കേതികമായി കൂടുതൽ സുരക്ഷിതമാക്കണം. പരീക്ഷാകേന്ദ്രങ്ങളിലെ ജീവനക്കാർക്ക് മാനുഷികമായ ഇടപെടലിൽ പരിശീലനം നൽകണം. സ്ത്രീകളുടെയും ഭിന്നശേഷിക്കാരുടെയും പ്രത്യേക ആവശ്യങ്ങൾ പരിഗണിക്കുന്ന മാർഗരേഖകൾ കർശനമായി നടപ്പാക്കണം. പരിശോധനകൾ ഏകീകൃതവും സുതാര്യവും രേഖപ്പെടുത്താവുന്നതുമായിരിക്കണം. പരാതികൾ പരിശോധിക്കാൻ സ്വതന്ത്ര സംവിധാനവും നഷ്ടപരിഹാര സംവിധാനവും ഉണ്ടാകണം. ഏറ്റവും പ്രധാനമായി, പേപ്പർ ചോർത്തുന്ന സംഘടിത കുറ്റകൃത്യങ്ങൾക്കെതിരെ വേഗത്തിലും ശക്തമായും നടപടി സ്വീകരിക്കണം. യഥാർത്ഥ കുറ്റവാളികൾ നിയമത്തിന്റെ മുന്നിൽ നിൽക്കുമ്പോഴേ നിരപരാധികളായ വിദ്യാർത്ഥികളുടെ മേലുള്ള സംശയത്തിന്റെ നിഴൽ മാറുകയുള്ളൂ.
ഒരു രാജ്യത്തിന്റെ മഹത്വം അതിന്റെ കെട്ടിടങ്ങളുടെ ഉയരത്തിലല്ല; യുവജനങ്ങളുടെ ആത്മവിശ്വാസത്തിന്റെ ഉയരത്തിലാണ്. ആ ആത്മവിശ്വാസം വളർത്തുന്നത് വിദ്യാഭ്യാസമാണ്. വിദ്യാർത്ഥികളെ വിശ്വസിക്കുന്ന സമൂഹങ്ങളാണ് ഗവേഷണത്തിലും നവോത്ഥാനത്തിലും മാനവികതയിലും മുന്നേറുന്നത്. സംശയത്തെ അടിസ്ഥാനമാക്കിയുള്ള സംവിധാനങ്ങൾ അനുസരണയുള്ള മനുഷ്യരെ സൃഷ്ടിച്ചേക്കാം; എന്നാൽ സ്വതന്ത്രമായി ചിന്തിക്കുന്ന പൗരന്മാരെ സൃഷ്ടിക്കില്ല.
ഒരു ജനാധിപത്യ രാഷ്ട്രം തന്റെ കുട്ടികൾക്ക് നൽകേണ്ട ആദ്യപാഠം ഭയമല്ല, വിശ്വാസമാണ്. വിദ്യാഭ്യാസം നൽകേണ്ട ആദ്യ അനുഭവം അപമാനമല്ല, ആത്മാഭിമാനമാണ്. പരീക്ഷ പഠിപ്പിക്കേണ്ടത് സംശയമല്ല, സത്യസന്ധതയാണ്.
പരീക്ഷാസംവിധാനത്തെ പരിഷ്കരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സുരക്ഷ ശക്തമാകണം; പക്ഷേ അത് മനുഷ്യത്വത്തെ തകർക്കാത്ത സുരക്ഷയായിരിക്കണം. കർശനത ഉണ്ടാകണം; പക്ഷേ അത് അപമാനമായി മാറരുത്. പരിശോധന ഉണ്ടാകണം; പക്ഷേ അത് വ്യക്തിയുടെ അന്തസ്സിനെ മുറിവേൽപ്പിക്കരുത്.
പരീക്ഷാഹാളിലേക്ക് പ്രവേശിക്കുന്ന ഓരോ വിദ്യാർത്ഥിയും ഒരു റോൾ നമ്പർ മാത്രമല്ല; ഒരു കുടുംബത്തിന്റെ പ്രതീക്ഷയും, ഒരു സമൂഹത്തിന്റെ സ്വപ്നവും, ഒരു രാഷ്ട്രത്തിന്റെ ഭാവിയുമാണ്.ആ ഭാവിയെ സംരക്ഷിക്കേണ്ടത് ഇരുമ്പുവേലികൊണ്ടല്ല, നീതികൊണ്ടും വിശ്വാസംകൊണ്ടും മനുഷ്യത്വംകൊണ്ടുമാണ്. അപ്പോഴാണ് പരീക്ഷകൾ അറിവിന്റെ ഉത്സവമായി മാറുക. അപ്പോഴാണ് വിദ്യാഭ്യാസം അതിന്റെ യഥാർത്ഥ അർഥത്തിൽ വിജയിക്കുക.
