
കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ സെപ്റ്റിക് ടാങ്ക് തകർന്നു; മലിനജലം ഒഴുകി ദുർഗന്ധം, കായികതാരങ്ങൾക്കും വിദ്യാർത്ഥികൾക്കും ദുരിതം
- കഴിഞ്ഞ രണ്ട് ദിവസമായി ഇവിടെ നടന്നുവരുന്ന സുബ്രതോ കപ്പ് ഫുട്ബോൾ മത്സരത്തിൽ പങ്കെടുക്കാനെത്തിയ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ദുർഗന്ധം സഹിക്കാനാവാത്ത സാഹചര്യമാണ് അനുഭവപ്പെട്ടത്.
കൊയിലാണ്ടി: കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ സെപ്റ്റിക് ടാങ്ക് തകർന്നതിനെ തുടർന്ന് മലിനജലം പുറത്തേക്ക് ഒഴുകി ദുർഗന്ധം പരക്കുന്നത് കായികപ്രേമികൾക്കും വിദ്യാർത്ഥികൾക്കും വലിയ ദുരിതമാകുന്നു. കഴിഞ്ഞ രണ്ട് ദിവസമായി ഇവിടെ നടന്നുവരുന്ന സുബ്രതോ കപ്പ് ഫുട്ബോൾ മത്സരത്തിൽ പങ്കെടുക്കാനെത്തിയ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ദുർഗന്ധം സഹിക്കാനാവാത്ത സാഹചര്യമാണ് അനുഭവപ്പെട്ടത്.
മാസങ്ങളായി സെപ്റ്റിക് ടാങ്കിന്റെ തകരാർ തുടരുന്നുണ്ടെന്നും അധികൃതരുടെ ഭാഗത്ത് നിന്ന് പ്രശ്നം പരിഹരിക്കാൻ ഫലപ്രദമായ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നും കായികപ്രേമികൾ ആരോപിക്കുന്നു. സ്റ്റേഡിയം പരിസരത്ത് മലിനജലം കെട്ടിക്കിടക്കുന്നതും ദുർഗന്ധം വ്യാപിക്കുന്നതും ആരോഗ്യപ്രശ്നങ്ങൾക്കും ഇടയാക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

പ്രഭാതനടത്തത്തിനും വിവിധ കായികപരിശീലനങ്ങൾക്കും നൂറുകണക്കിന് ആളുകൾ ആശ്രയിക്കുന്ന സ്റ്റേഡിയത്തിൽ ഇത്തരം സാഹചര്യം തുടരുന്നത് അംഗീകരിക്കാനാവില്ലെന്ന് കായികപ്രേമികൾ ചൂണ്ടിക്കാട്ടുന്നു. അടിയന്തരമായി സെപ്റ്റിക് ടാങ്ക് അറ്റകുറ്റപ്പണികൾ നടത്തി മലിനജല ഒഴുക്ക് തടയുകയും സ്റ്റേഡിയം ശുചീകരിക്കുകയും ചെയ്യണമെന്ന് അവർ ആവശ്യപ്പെട്ടു. പ്രശ്നം പരിഹരിക്കാത്ത പക്ഷം പ്രഭാത നടത്തം ഉൾപ്പെടെയുള്ള കായിക പ്രവർത്തനങ്ങൾ തുടരാൻ പോലും ബുദ്ധിമുട്ടുണ്ടാകുമെന്നാണ് അവരുടെ മുന്നറിയിപ്പ്.
