
മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ്:രണ്ടു പേർ അറസ്റ്റിൽ
- കാട്ടിലെ പീടികയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലും കോഴിക്കോട് ടൗണിൽ അഞ്ച് സ്ഥാപനങ്ങളിലും ഇവർ തട്ടിപ്പ് നടത്തിയതായി പോലീസ് പറയുന്നു
കൊയിലാണ്ടി: മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തുന്ന സംഘത്തെ കൊയിലാണ്ടി പോലീസ് പിടികൂടി. കൂത്താളി ആയിഷ മനസിൽ അബ്ദുള്ള മനാഫ് (26) കണ്ണൂർ പള്ളിക്കുന്ന് ലിജാസ് ഹൗസിൽ ലിജാ ജയൻ (27) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം കൊയിലാണ്ടി സരയു ഗോൾഡ് ലോൺ എന്ന സ്ഥാപന ത്തിൽ മുക്കുപണ്ടം പണയം വെച്ച് ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ തട്ടിപ്പ് നടത്തിയ കേസിലാണ് പിടികൂടിയത്.

വ്യാഴാഴ്ച നടുവിലെ ക്കണ്ടി ഗോൾഡിൽ സമാനമായ രീതിയിൽ തട്ടിപ്പ് നടത്തുന്നതിനിടയിലാണ് കൊയിലാണ്ടി പോലീസിന് കിട്ടിയ രഹസ്യ വിവരത്തെതുടർന്ന് സിഐ മെൽവിൻ ജോസിന്റെ നേതൃത്വത്തിൽ എസ്ഐ പ്രദീപ്കുമാർ സീനിയർ സിവിൽ പോലീസ് ഓഫീസർമാ രായ സതീഷ് കുമാർ, ദിലീപ്,
സിനു രാജ്, ദിവ്യ എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്.

കൂടുതൽ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ സമാന രീതിയിൽ കാട്ടിലെ പീടികയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലും കോഴിക്കോട് ടൗണിൽ അഞ്ച് സ്ഥാപനങ്ങളിലും ഇവർ തട്ടിപ്പ് നടത്തിയതായി പോലീസ് പറയുന്നു. ലക്ഷങ്ങളുടെ ഇടപാടാണ് ഇവർ നടത്തുന്നത്. ഇതിന്റെ പിന്നിൽ വലിയ സംഘങ്ങൾ ഉണ്ടോ എന്ന കാര്യം കൂടുതൽ ചോദ്യം ചെയ്യുന്നതിലൂടെ വ്യക്തമാകും.