
അറിവിന്റെ വെളിച്ചം പകർന്ന ഗുരുവിന് സ്നേഹാദരം
- കൊയിലാണ്ടി നിയോജകമണ്ഡലം എം.എൽ.എ അഡ്വ. കെ. പ്രവീൺകുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: സമാന്തര വിദ്യാഭ്യാസ രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രിയ അധ്യാപകൻ സദാനന്ദൻ മാസ്റ്റർക്ക് ശിഷ്യരുടെയും നാട്ടുകാരുടെയും സ്നേഹാദരം. വർഷങ്ങൾ പിന്നിട്ടിട്ടും അദ്ദേഹത്തിന്റെ ക്ലാസുകളും പഠനരീതികളും വിദ്യാർത്ഥികളുടെ മനസ്സിൽ മായാതെ നിലകൊള്ളുന്നതാണ് അധ്യാപകനെന്ന നിലയിൽ അദ്ദേഹം നേടിയ ഏറ്റവും വലിയ അംഗീകാരമെന്ന് ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.നല്ലൊരു മലയാളം അധ്യാപകനെന്നതിലുപരി പാഠപുസ്തകത്തിലെ അറിവുകൾക്കപ്പുറം ഭാഷയോടും സാഹിത്യത്തോടും ജീവിതമൂല്യങ്ങളോടും സ്നേഹം വളർത്തുന്ന വേറിട്ട പഠനരീതിയായിരുന്നു സദാനന്ദൻ മാസ്റ്ററുടേതെന്ന് ശിഷ്യർ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ ക്ലാസുകളിൽ പഠിച്ച നിരവധി പേർ ഇന്ന് സമൂഹത്തിന്റെ വിവിധ മേഖലകളിൽ ശ്രദ്ധേയരായി പ്രവർത്തിക്കുന്നുണ്ട്. ജീവിതത്തിന്റെ വിവിധ വഴിത്തിരിവുകളിൽ വഴികാട്ടിയായ പ്രിയ ഗുരുവിനോടുള്ള ആദരവും നന്ദിയും പ്രകടിപ്പിക്കുന്നതായിരുന്നു സ്നേഹാദര ചടങ്ങ്.

കൊയിലാണ്ടി കൊല്ലം ചിറയ്ക്ക് സമീപത്തെ ലേക്ക് വ്യൂവിൽ നടന്ന ചടങ്ങിൽ കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ യു.കെ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി നിയോജകമണ്ഡലം എം.എൽ.എ അഡ്വ. കെ. പ്രവീൺകുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.ചന്ദ്രശേഖരൻ തിക്കോടി, പ്രേംരാജ് പാലക്കാട്, കെ.പി. മോഹനൻ, അബൂബക്കർ, ഹരികുമാർ എൻ.ഇ., യു. ഉണ്ണികൃഷ്ണൻ, രാജുമാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു.അറിവ് പകർന്ന ഗുരുശ്രേഷ്ഠന്മാരോടുള്ള സമൂഹത്തിന്റെ ആദരവിന്റെയും ശിഷ്യസ്നേഹത്തിന്റെയും മനോഹരമായ അടയാളമായി സദാനന്ദൻ മാസ്റ്റർക്കുള്ള ഈ സ്നേഹാദരം എന്നും ഓർമ്മിക്കപ്പെടുമെന്ന് ചടങ്ങിൽ പങ്കെടുത്തവർ പറഞ്ഞു.
