
കെഎസ്ആർടിസിയുടെ ബസ് റീഫർബിഷ്മെന്റ് പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയായി
- ആദ്യഘട്ടത്തിൽ 14 ബസുകളാണ് റീഫർബിഷ്മെന്റ് പൂർത്തിയാക്കി ഉദ്ഘാടനത്തിന് സജ്ജമാക്കിയിട്ടുള്ളത്
തിരുവനന്തപുരം:കെഎസ്ആർടിസിയുടെ ബസ് ഫ്ലീറ്റിന്റെ നിലവാരം ഉയർത്തുന്നതിനും യാത്രക്കാർക്ക് കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവും മികച്ച യാത്രാനുഭവവും ഉറപ്പാക്കുന്നതിനുമായി നടപ്പാക്കി വരുന്ന ബസ് റീഫർബിഷ്മെന്റ് പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയായി. ആദ്യഘട്ടത്തിൽ 14 ബസുകളാണ് റീഫർബിഷ്മെന്റ് പൂർത്തിയാക്കി ഉദ്ഘാടനത്തിന് സജ്ജമാക്കിയിട്ടുള്ളത്. കാലപ്പഴക്കം വന്നെങ്കിലും സാങ്കേതികമായി മികച്ച രീതിയിൽ ബസുകളെ തിരഞ്ഞെടുക്കുകയും അവയുടെ വിവിധ ഭാഗങ്ങൾ വിശദമായി പരിശോധിച്ച് ആവശ്യമായ അറ്റകുറ്റപ്പണികളും നവീകരണ പ്രവർത്തനങ്ങളും നടത്തി കൂടുതൽ മികച്ച നിലയിലേക്ക് കൊണ്ടുവരികയുമാണ് റീഫർബിഷ്മെന്റ്റ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. നിലവിൽ BS3, BS4 കാറ്റഗറിയിൽ വരുന്ന ബസുകളെയാണ് റീഫർബിഷ് ചെയ്യുന്നത്.

ബസുകളുടെ പുറംഭാഗത്തിന്റെയും അകത്തളത്തിന്റെയും മികവ് വർധിപ്പിക്കുന്നതിനൊപ്പം വാഹനങ്ങളുടെ മെക്കാനിക്കൽ ഘടകങ്ങൾ, ഇലക്ട്രിക്കൽ സംവിധാനങ്ങൾ, സീറ്റുകൾ, ലൈറ്റിംഗ്, ഫ്ലോർ, വിൻഡോകൾ തുടങ്ങിയ വിവിധ ഘടകങ്ങൾ പരിശോധിച്ച് ആവശ്യമായ നവീകരണവും അറ്റകുറ്റപ്പണികളും നടത്തുന്നു.റീഫർബിഷ്മെന്റ് പ്രവർത്തനങ്ങളുടെ ഭാഗമായി എഞ്ചിന്റെ പ്രവർത്തനനിലവാരവും പ്രത്യേകമായി പരിശോധിക്കുന്നു. പ്രകടനത്തിൽ കുറവ് കണ്ടെത്തുന്ന എഞ്ചിനുകൾ ആവശ്യമായ പരിശോധനകൾക്ക് വിധേയമാക്കി റീകണ്ടീഷനിംഗ് നടത്തുന്നു. ഇത്തരത്തിൽ എഞ്ചിൻ റീകണ്ടീഷനിംഗ് നടത്തിയ ബസുകളിൽ നടത്തിയ പോല്യൂഷൻ പരിശോധനകളിൽ പൊല്യൂഷൻ ലെവലിൽ ഏകദേശം 80-85 ശതമാനം വരെ കുറവ് രേഖപ്പെടുത്തിയതായി പരിശോധനാ ഫലങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്.
