
സഹജീവികളോടുള്ള കരുതലിന്റെ ഉത്സവമാക്കി ഓണത്തെ മാറ്റി ;കൊയിലാണ്ടി ഗവ. മാപ്പിള എച്ച്.എസ്.എസിലെ എൻ.എസ്.എസ്. യൂണിറ്റ്
- സ്കൂളിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്കുമായി എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ ഓണക്കിറ്റ് വിതരണം നടത്തി.
കൊയിലാണ്ടി:ഓണത്തെ വെറുമൊരു ആഘോഷമാക്കാതെ, സഹജീവികളോടുള്ള കരുതലിന്റെ ഉത്സവമാക്കി മാറ്റി കൊയിലാണ്ടി ഗവ. മാപ്പിള എച്ച്.എസ്.എസിലെ എൻ.എസ്.എസ്. യൂണിറ്റ്.നെസ്റ്റ് പാലിയേറ്റീവ് കെയറിനു കീഴിലുള്ള നിർധനരായ കുടുംബങ്ങൾക്കും, സ്കൂളിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്കുമായി എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ ഓണക്കിറ്റ് വിതരണം നടത്തി. 24/08/26 തിങ്കളാഴ്ച രാവിലെ 11.30-ന് നടന്ന ചടങ്ങ് ഹൃദ്യമായ അനുഭവമായി.പ്രിൻസിപ്പാൾ ശ്രീമതി ലൈജു ടീച്ചർ, പി.ടി എ പ്രസിഡന്റ് ശ്രീ. ലായിക്, പ്രോഗ്രാം ഓഫീസർ ഫൗസിയ ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ, നെസ്റ്റ് പാലിയേറ്റീവ് ട്രഷറർ ശ്രീ. ബഷീർ പി.ടി-ക്ക് കൈമാറിയാണ് വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്.

ഈ ഓണക്കിറ്റ് വിതരണത്തെ ഏറെ വ്യത്യസ്തമാക്കുന്നത് ഇതിനായി ആവശ്യമായ പണം കണ്ടെത്തിയ രീതിയാണ്. വോളന്റിയർ ലീഡേഴ്സായ ശ്രീദേവ്, അനുഷ്ക എന്നിവരാണ് കുട്ടികളുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചത്. ഇതിനായി എസ് എം സി ചെയർമാൻ ശ്രീ. ബഷീർ വിപിവി കുട്ടികൾക്ക് വേണ്ട സഹായങ്ങൾ നൽകി.കുട്ടികൾ ആക്രി വിറ്റും, സ്കൂൾ ടെറസ്സിൽ കൃഷി ചെയ്തുണ്ടാക്കിയ ചെണ്ടുമല്ലിപ്പൂക്കൾ വിറ്റും തുക സ്വരൂപിച്ചാണ് ഇതിനുള്ള പണം കണ്ടെത്തിയത്.തങ്ങളുടെ സമയവും അധ്വാനവും ഇത്തരം നന്മകൾക്കായി ചേർത്തുവെക്കുമ്പോൾ ആഘോഷങ്ങൾക്ക് ഇരട്ടി മധുരം ലഭിക്കുമെന്ന വലിയ പാഠമാണ് ഈ പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്ക് ലഭിച്ചത്.ഓണത്തിന്റെ യഥാർത്ഥ സന്ദേശമായ പങ്കുവെക്കലിന്റെയും സ്നേഹത്തിന്റെയും മാതൃകയായി ഈ പരിപാടി മാറി.
