
ഓട്ടോറിക്ഷയ്ക്കും ടാക്സിക്കും കെ.എസ്.ആർ.ടി.സി ബസിനും ഇനി ഒരുമിച്ചു ടിക്കറ്റെടുക്കാം;ഊബറുമായി കൈകോർത്ത് കെ.എസ്.ആർ.ടി.സി
- കെ.എസ്.ആർ.ടി.സി.ടിക്കറ്റുകൾ ഊബർ മൊബൈൽ ആപ്പിലും ലഭിക്കും
തിരുവനന്തപുരം: ഓട്ടോറിക്ഷയ്ക്കും ടാക്സിക്കും കെ.എസ്.ആർ.ടി.സി ബസിനും ഇനി ഒരുമിച്ചു ടിക്കറ്റെടുക്കാം. ഇതിനായി ഓൺലൈൻ ടാക്സി പ്ലാറ്റ്ഫോമായ ഊബറുമായി കെ.എസ്.ആർ.ടി.സി കൈകോർത്തു. ഇതോടെ കെ.എസ്.ആർ.ടി.സി.ടിക്കറ്റുകൾ ഊബർ മൊബൈൽ ആപ്പിലും ലഭിക്കും.വിവിധ യാത്രാമാർഗങ്ങൾ ഒരുമിച്ച് കോർത്തിണക്കുന്ന ആധുനിക പൊതുഗതാഗത സംവിധാനമായ ഫസ്റ്റ് മൈൽ – ലാസ്റ്റ് മൈൽ കണക്ടിവിറ്റിയിലേക്കാണ് കെ.എസ്.ആർ.ടി.സിയും മാറുന്നത്.സർക്കാരിന്റ നൂറുദിന കർമപദ്ധതിയിയുടെ ഭാഗമാണിത്.പദ്ധതിയിലൂടെ വീട്ടിൽനിന്നും ബസ് സ്റ്റോപ്പിലേക്കുള്ള ടാക്സി അല്ലെങ്കിൽ ഓട്ടോറിക്ഷ ബുക്ക് ചെയ്യുന്നതിനൊപ്പം തുടർയാത്രയ്ക്ക് ആ പാതയിലെ കെ.എസ്.ആർ.ടി.സി. ബസിലുംടിക്കറ്റെടുക്കാം. ബസിറങ്ങിയശേഷം ടാക്സി വേണമെങ്കിൽ അതിനുംചേർത്ത് പണമടയ്ക്കാം. ബസിൽ നിന്നിറങ്ങുമ്പോൾ നേരത്തേ ബുക്ക് ചെയ്ത വാഹനം അവിടെ കാത്തു കിടപ്പുണ്ടാകും.

കെ.എസ്.ആർ.ടി.സി. ബസുകളുടെ യാത്രാ തത്സമയം ഉബറിനും കൈമാറുന്നുണ്ട്. ഇത് കണക്കാക്കിയാണ് തുടർയാത്രയ്ക്ക് ഊബർ വാഹനം എത്തിക്കുന്നത്. ബസ് വൈകിയാലും അതിനനുസരിച്ച് യാത്ര ക്രമീകരിക്കാനാകും. അന്തഃസംസ്ഥാന ബസുകൾ ഇപ്പോൾ ഊബറിൽ ലഭ്യമാണെന്ന് കെ.എസ്.ആർ.ടി.സി. അധികൃതർ അറിയിച്ചു
