
നീറ്റ് പരീക്ഷാ വിവാദങ്ങളുമായി ബന്ധപ്പെട്ട് സെപ്റ്റംബർ അഞ്ചിന് ഡൽഹിയിൽ നടത്താനിരുന്ന പ്രതിഷേധ മാർച്ചിൽനിന്ന് പിന്മാറുന്നതായി സി.ജെ.പി
- പ്രതിഷേധ മാർച്ചിനുള്ള ആഹ്വാനം പിൻവലിക്കുന്നതെന്ന് സി.ജെ.പി. വക്താവ് സൗരവ് ദാസ് ചൊവ്വാഴ്ച കോടതിയിൽ വ്യക്തമാക്കി
ന്യൂഡൽഹി: നീറ്റ് പരീക്ഷാ വിവാദങ്ങളുമായി ബന്ധപ്പെട്ട് സെപ്റ്റംബർ അഞ്ചിന് ഡൽഹിയിൽ നടത്താനിരുന്ന പ്രതിഷേധ മാർച്ചിൽനിന്ന് പിന്മാറുന്നതായി കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) സുപ്രീം കോടതിയെ അറിയിച്ചു. കോടതിയിൽ കേന്ദ്രസർക്കാർ നൽകിയ ഉറപ്പുകളുടെയും തുടർന്ന് കോടതി പുറപ്പെടുവിക്കുന്ന ഉത്തരവുകളുടെയും പശ്ചാത്തലത്തിലാണ് പ്രതിഷേധ മാർച്ചിനുള്ള ആഹ്വാനം പിൻവലിക്കുന്നതെന്ന് സി.ജെ.പി. വക്താവ് സൗരവ് ദാസ് ചൊവ്വാഴ്ച കോടതിയിൽ വ്യക്തമാക്കി.ജൂലൈ 25-ന് സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്ന്, സെപ്റ്റംബർ 5-ന് ഇന്ത്യാ ഗേറ്റിൽ നിന്ന് ഡൽഹി പൊലീസ് ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്ന് ഓഗസ്റ്റ് 24-നാണ് സി.ജെ.പി. പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, ചൊവ്വാഴ്ച നടന്ന കോടതി വാദത്തിനിടെ, നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ആത്മഹത്യ ചെയ്ത പരീക്ഷാർഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുമെന്ന സി.ജെ.പി.ക്ക് നൽകിയ മുൻ ഉറപ്പ് പാലിക്കാൻ തയ്യാറാണെന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു.

മരിച്ച പരീക്ഷാർഥികളുടെ കുടുംബങ്ങൾക്ക് മൂന്ന് മാസത്തിനകം നഷ്ടപരിഹാരം നൽകുമെന്ന് കേന്ദ്ര സർക്കാരിനെ പ്രതിനിധീകരിച്ച് ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ വ്യക്തമാക്കി. ഇതിനുപുറമെ, ജൂലൈ 20-നും ജൂലൈ 25-നും ഇടയിൽ രാജ്യത്തുടനീളം നീറ്റ് പ്രതിഷേധക്കാർക്കെതിരെ രജിസ്റ്റർ ചെയ്ത എല്ലാ എഫ്.ഐ.ആറുകളും റദ്ദാക്കാൻ പ്രത്യേക അധികാരം ഉപയോഗിക്കണമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.
