
അതിർത്തി കടന്നുള്ള യാത്രാപ്രശ്നങ്ങൾക്ക് പരിഹാരമാകുന്നു ; ഇന്ത്യ-ബംഗ്ലാദേശ് റെയിൽ സർവീസ്പുനഃസ്ഥാപിക്കാനുള്ള ചർച്ചകൾ സജീവം
- അടുത്തമാസത്തോടെ മൈത്രി, മിതാലി, ബന്ദൻ എക്സ്പ്രസ് ട്രെയിൻ സർവീസുകൾ വീണ്ടും ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളുടെയും റെയിൽവേ ഉദ്യോഗസ്ഥർ നടത്തുന്ന കൂടിക്കാഴ്ചയിൽ വിഷയം ചർച്ചയാകും.
ന്യൂഡൽഹി : 2024ൽ നിർത്തിവച്ച ഇന്ത്യ – ബംഗ്ലാദേശ് പാസഞ്ചർ ട്രെയിൻ സർവീസ് പുനരാരംഭിക്കാൻ നീക്കം. അടുത്തമാസത്തോടെ മൈത്രി, മിതാലി, ബന്ദൻ എക്സ്പ്രസ് ട്രെയിൻ സർവീസുകൾ വീണ്ടും ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളുടെയും റെയിൽവേ ഉദ്യോഗസ്ഥർ നടത്തുന്ന കൂടിക്കാഴ്ചയിൽ വിഷയം ചർച്ചയാകും. ഇന്റർ ഗവൺമെന്റൽ റെയിൽവേ മീറ്റിങ്ങിന്റെ ഭാഗമായാണ് ചർച്ച. ഇരുരാജ്യങ്ങളുടെയും റെയിൽവേ അധികൃതരും മന്ത്രിതല പ്രതിനിധികളും ഭാഗമാകുന്ന ചർച്ചയിൽ ട്രെയിൻസർവീസുകൾക്ക് പുറമേ റെയിൽവേയുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ, ചരക്കുനീക്കം എന്നിവയെ കുറിച്ചും സംവദിക്കും.

വർഷാവർഷം നടക്കുന്ന ചർച്ചയിൽ, 2024ന് ശേഷം ആദ്യമായാണ് പാസഞ്ചർ സർവീസുകൾ പുനഃരാരംഭിക്കുന്ന വിഷയം പരിഗണിക്കുന്നത്. കൊൽക്കത്ത, ന്യൂജൽപായിഗുരി എന്നിവടങ്ങളിൽ നിന്നുള്ള സർവീസുകളാകും അടുത്ത മാസം ആദ്യത്തോടെ ആരംഭിക്കുക എന്നാണ് വിവരം.2024 ഓഗസ്റ്റ് അഞ്ചിന് ഷെയ്ഖ് ഹസീന സർക്കാരിന്റെ വീഴ്ചയ്ക്ക് ശേഷം ബംഗ്ലാദേശ് വീണ്ടും സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. 2024 ജൂലായ് 19നാണ് പാസഞ്ചർ ട്രെയിൻ യാത്രകൾ താത്കാലികമായിനിർത്തിവെച്ചത്.
