
പാർട്ടി ചരിത്രത്തിൽ ഇതുവരെ കേട്ടുകേൾവിയില്ലാത്ത ഒരു അസാധാരണ നീക്കം; കോഴിക്കോട്ട് സിപിഎമ്മിന്റെ ആദ്യത്തെ ‘വിശാല സംസ്ഥാന കമ്മിറ്റി’ ചേരുന്നു
- ‘വിശാല സംസ്ഥാന കമ്മിറ്റി’ എന്നൊരാശയം സിപിഎമ്മിന്റെ ചരിത്രത്തിൽ തന്നെ ആദ്യത്തേതാണ്.
കോഴിക്കോട്: പാർട്ടി ചരിത്രത്തിൽ ഇതുവരെ കേട്ടുകേൾവിയില്ലാത്ത ഒരു അസാധാരണ നീക്കത്തിന് കേരളത്തിലെ സിപിഎം ഒരുങ്ങുന്നു. നയപരവും സംഘടനാപരവുമായ മാറ്റങ്ങൾ ചർച്ച ചെയ്യാൻ കോഴിക്കോട്ട് സിപിഎമ്മിന്റെ ആദ്യത്തെ “വിശാല സംസ്ഥാന കമ്മിറ്റി’ ചേരുകയാണ്.അടുത്തകാലത്തായി പാർട്ടിക്കേറ്റ അസാധാരണമായ തിരിച്ചടികളും പ്രതിസന്ധികളും മറികടക്കുക എന്നതാണ് ഈ ചരിത്രസമ്മേളനത്തിന്റെ പ്രധാന ലക്ഷ്യം. പാർട്ടി രൂപീകൃതമായ കാലം മുതൽ കൃത്യമായ പരിപാടിയുടെയും ഭരണഘടനയുടെയും അടിസ്ഥാനത്തിലാണ് സിപിഎം പ്രവർത്തിച്ചു വരുന്നത്. കാലഘട്ടത്തിന് അനുസരിച്ചുള്ള നയപരമായ മാറ്റങ്ങളും രാഷ്ട്രീയ അടവുനയങ്ങളും സാധാരണയായി തീരുമാനിക്കുന്നത് ബ്രാഞ്ച് മുതൽ സംസ്ഥാന തലം വരെയുള്ള സമ്മേളനങ്ങൾക്ക് ശേഷം ചേരുന്ന പാർട്ടി കോൺഗ്രസുകളിലാണ്. അസാധാരണമായ പ്രതിസന്ധി ഘട്ടങ്ങളിൽ പാർട്ടി ‘പ്ലീനം’വിളിച്ചുചേർക്കുന്നതാണ് പതിവ്.

കേരളത്തിൽ തന്നെ മുൻപ് പലതവണ പ്ലീനം ചേർന്നിട്ടുണ്ട്.സംസ്ഥാന കമ്മിറ്റി അംഗങ്ങൾക്ക് പുറമെ പാർട്ടി പ്രത്യേകം തെരഞ്ഞെടുക്കുന്ന പ്രതിനിധികളാണ് പ്ലീനത്തിൽ പങ്കെടുക്കാറുള്ളത്. എന്നാൽ സമ്മേളനമോ പ്ലീനമോ അല്ലാതെ ‘വിശാല സംസ്ഥാന കമ്മിറ്റി’ എന്നൊരാശയം സിപിഎമ്മിന്റെ ചരിത്രത്തിൽ തന്നെ ആദ്യത്തേതാണ്. തുടർച്ചയായ തെരഞ്ഞെടുപ്പ് പരാജയങ്ങളും താഴെത്തട്ടിൽ സംഘടനാരംഗത്തുണ്ടായ വലിയ അപചയങ്ങളുമാണ് ഇത്തരമൊരു വിശാല കമ്മിറ്റി രൂപീകരിക്കാൻ സിപിഎമ്മിനെ നിർബന്ധിതരാക്കിയത്.നിലവിലെ അസാധാരണ പ്രതിസന്ധികൾ മറികടക്കാൻ പരമ്പരാഗത രീതികൾക്ക് അപ്പുറമുള്ള തിരുത്തൽ പ്രക്രിയകൾ ആവശ്യമാണെന്ന വിലയിരുത്തലിലാണ് നേതൃത്വം.
